കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിലെ തിമിരി വില്ലേജ് ആലക്കോട്ട് പഞ്ചായത്തില്‍ പയ്യന്നൂര്‍ – ചെറുപുഴ റൂട്ടില്‍ പാടിച്ചാല്‍ എന്ന സ്ഥലത്തുനിന്നും 6 കിലോമീറ്റര്‍ അകലെയാണ് വി. എസ്തപ്പാനോസിന്റെ നാമത്തിലുള്ള പെരിങ്ങാലപ്പള്ളി സ്ഥാപിതമായിരിക്കുന്നത്. നാലു കിലോമീറ്റര്‍ അകലെയുള്ള മഞ്ഞക്കാടാണ് ഇതിനോട് ഏറ്റവും അടുത്ത കോട്ടയം രൂപതാവക പള്ളി.
1965 മുതലാണ് പെരിങ്ങല – ചെറുപാറ പ്രദേശങ്ങളില്‍ ക്‌നാനായക്കാര്‍ കുടിയേറിപ്പാര്‍ത്തത്. 1983-ല്‍ കൈനീക്കരപ്പാറയിലച്ചന്‍ മലബാറില്‍ എപ്പിസ്‌കോപ്പല്‍ വികാരിയായിരിക്കെ കാനംവയല്‍ – മഞ്ഞക്കാട് പള്ളി വികാരി കറുകപ്പറമ്പില്‍ ജോയിയച്ചന്റെ നേതൃത്വത്തില്‍ കോട്ടയം രൂപതാ വികാരി ജനറല്‍ മോണ്‍.സൈമണ്‍ കുന്തമറ്റം 1983 നവംബര്‍ 26-ാം തീയതി പള്ളി പണിയാന്‍ തറക്കല്ലിട്ടു. ബഹു.മാത്യു ഏറ്റിയേപ്പള്ളിലച്ചന്റെ നേതൃത്വത്തിലും കാട്ടിപ്പറമ്പില്‍ മാത്യു, ഓലിക്കല്‍ ഫിലിപ്പ്, മാടപ്പള്ളിക്കുന്നേല്‍ ഏബ്രഹാം കുന്നുംപുറത്തു ചാക്കോ എന്നീ അല്മായരുടെ നേതൃത്വത്തിലും ക്‌നാനായ കുടുംബങ്ങള്‍ സഹകരിച്ച് പള്ളിപണി പൂര്‍ത്തിയാക്കി. അങ്ങനെ 1987 ജനുവരി 15 ന് അഭിവന്ദ്യ കുന്നശ്ശേരി തിരുമേനി ഈ പള്ളി കൂദാശ ചെയ്തു. 1989-ല്‍ പുതിയ പള്ളിമുറി പണിതു. 59 കുടുംബങ്ങളിലായി ഏകദേശം 265 അംഗങ്ങളാണ് ഈ ഇടവകയിലുള്ളത്.
ഇടവക മദ്ധ്യസ്ഥനായ വി. എസ്തപ്പാനോസിന്റെ തിരുനാള്‍ ക്രിസ്മസ് കഴിഞ്ഞുവരുന്ന ഞായറാഴ്ചയും കല്ലിട്ട തിരുനാള്‍ നവംബര്‍ 26-ാം തീയതിയും നടത്തുന്നു. 2011 ജനുവരി 2 ന് കോട്ടയം അതിരൂപതാ, സഹായമെത്രാന്‍ വികാരി മാര്‍ ജോസഫ് പണ്ടാരശ്ശേരി പെരിങ്ങാല സെന്റ് സ്റ്റീഫന്‍ പള്ളിയുടെ രജത ജൂബിലിയ്ക്ക് തുടക്കം കുറിച്ചു. വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുര, ചെറുപുഷ്പ മിഷന്‍ലീഗ് കെ.സി.വൈ.എല്‍ എന്നിവ നേതൃത്വം നല്കുന്നു.