ഉഴവൂര്‍ ഇടവകക്കാരും ഉഴവൂരിനു വടക്കുവശത്തുള്ള അരീക്കര, വെളിയന്നൂര്‍ , പുതുവേലി, പൂവക്കുളം, അമനകര, താമരക്കാട് , കൊണ്ടാട്, കൂടപ്പലം എന്നീ കരകളില്‍ താമസിച്ചിരുന്നവരുമായ ക്‌നാനായക്കാര്‍ 1899 ല്‍ വെളിയന്നൂര്‍ ലോവര്‍ ഗ്രെയ്‌ഡ് എലിമെന്ററി സ്‌കൂളില്‍ യോഗം ചേര്‍ന്ന് സ്വന്തമായി ഒരു ദേവാലയം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുണ്ടായി. അന്ന് `കുറ്റിയിട്ടകുന്ന്’ എന്നു അറിെപ്പട്ടിരുന്നതും ഇന്ന് ദേവാലയം ഇരിക്കുന്നതുമായ സ്ഥലം ഈ ആവശ്യത്തിലേക്ക് വാങ്ങുന്നതിനും തീരുമാനമായി.
പള്ളി ആരംഭിക്കുമ്പോള്‍ 183 ക്‌നാനായ കുടുംബങ്ങളാണ് ഇടവകക്കാരായി ഉണ്ടായിരുന്നത്. ദേവാലയം ആരംഭിക്കുന്നതിനു മുമ്പു തന്നെ, അരീക്കര നാലുപാലം തോടിനുവടക്കുവശത്തായി കുമ്പംകുഴയ്‌ക്കല്‍ പറമ്പില്‍ 1895 ല്‍ ഒരു മലയാളംസ്‌കൂള്‍ സ്ഥാപിച്ചിരുന്നു. ചാഴികാട്ടു കുര്യന്‍ എസ്‌തപ്പാനായിരുന്നു സ്‌കൂളിന്റെ പ്രഥമ മാനേജര്‍. 1900 ല്‍ പള്ളി ആരംഭിച്ചതോടെ സ്‌കൂളിന്റെ ഭരണം പള്ളിക്കു വിട്ടുകൊടുത്തു.
വിശ്വാസികളുടെ ആവശ്യവും ആവേശവും മനസ്സിലാക്കിയ, ചങ്ങനാശ്ശേരി വികാരിയാത്തിന്റെ വികാരി അപ്പസ്‌തോലിക്ക ആയിരുന്ന, മാര്‍ മത്തായി മാക്കീല്‍ 1900 ചിങ്ങം 25 ന് അരീക്കര പള്ളിക്കു കല്‌പന കൊടുക്കുകയും അന്ന് ഉഴവൂര്‍ പള്ളിയുടെ അസി. വികാരിയായിരുന്ന കുഴിമുള്ളില്‍ ബ. കുര്യന്‍ അച്ചനെ അരീക്കര പള്ളിയില്‍ ആദ്യമായി ദിവ്യബലി അര്‍പ്പിക്കുവാന്‍ ചുമതലപ്പെടുത്തുകയും ചെയ്‌തു. ഓടു മാത്രം മേഞ്ഞ താല്‌കാലിക ഷെഡില്‍ പ്രത്യേക പീഠമുണ്ടാക്കി 1900 സെപ്‌റ്റംബര്‍ മാസം അവസാന ഞായറാഴ്‌ച ആദ്യമായി അരീക്കരയില്‍ ബലിയര്‍പ്പിച്ചു. 1900 -ാമാണ്ട് ഇടവം ഒന്നിന്, കൈപ്പുഴ പള്ളി വികാരി മാക്കീല്‍ ലൂക്കാച്ചന്റെ മദ്ധ്യസ്ഥതയില്‍ ഉഴവൂര്‍ പള്ളിയില്‍ യോഗം ചേര്‍ന്ന്, അരീക്കര, മോനിപ്പള്ളി എന്നിവയുടെ അതിരുകള്‍ നിശ്‌ചയിക്കുകയും, ഈ പള്ളിയെ ഉഴവൂര്‍ പള്ളിയില്‍ നിന്നും, വേര്‍തിരിക്കുകയും ചെയ്‌തു. അന്നത്തെ തിരുവിതാംകൂര്‍ റസിഡന്റിന്റെ ഇടവകദേവാലയം വി. റോക്കീസിന്റെ നാമത്തിലായിരുന്നു- അതാണ് ഇവിടെയും റോക്കീസിന്റെ നാമത്തിലാക്കുവാന്‍ കാരണം എന്നുപറയപ്പെടുന്നു. 1911 ആഗസ്റ്റ് 29 ന് വി. പത്താം പീയൂസ് മാര്‍പാപ്പ തെക്കുംഭാഗക്കാര്‍ക്കുവേണ്ടി കോട്ടയം വികാരിയത്തു സ്ഥാപിച്ചപ്പോഴുണ്ടായിരുന്ന 26 ദേവാലയങ്ങളില്‍ ഒന്നാണിത്.
ചാഴികാട്ടു കുര്യന്‍ കത്തനാര്‍ ഉഭയകുര്‍ബ്ബാനചൊല്ലുന്നതിനു ഉഴവൂര്‍ പള്ളിയെ ഏല്‌പിച്ചിരുന്ന സ്വത്തുക്കളില്‍ ഒരു ഭാഗം ഈ പള്ളിക്കു കൈമാറിയിട്ടുണ്ട്. കൂടാതെ കീരിപ്പേല്‍ ചാക്കോ, വെട്ടിക്കല്‍ ഏലിയാമ്മ ലൂക്കാ, ഫാ.തോമസ് വെട്ടിമറ്റം എന്നിവരും പലപ്പോഴായി പള്ളിക്കു സ്ഥലം കൊടുത്തിട്ടുണ്ട്.ബാക്കിയെല്ലാം ആധുനിക ചരിത്രം. കാലപ്പഴക്കവും, സ്ഥലപരിമിതിയും മൂലം പള്ളിനവീകരിക്കണമെന്നതു ആവശ്യമായി വന്നു. 2009 ആഗസ്റ്റ് 15 നു പുതിയ പള്ളിക്കു ശിലാസ്ഥാപനം നടത്തി.