1911 മുതല്‍ 1930 വരെയുള്ള കാലഘട്ടത്തില്‍ മുട്ടം പ്രദേശത്ത് കുടിയേറിയ 13 ക്‌നാനായ കുടുംബങ്ങള്‍ മാസത്തിലൊരിക്കല്‍ ഓരോ കുടുംബ ത്തില്‍ ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥനാ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ‘ബസ് പ്രൂക്കാന’ മാസക്കൂട്ടം എന്ന് വിളിച്ചിരുന്ന ഈ കൂട്ടായ്മയാണ് മുട്ടത്തില്‍ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാന ശിലയായി മാറിയത്. തങ്ങളുടെ മാതൃദേവാലയമായ ചുങ്കം പള്ളിയിലേക്കുള്ള ദൂരക്കൂടുതല്‍ ആദ്ധ്യാത്മിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനു ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. മാസക്കൂട്ടായ്മയില്‍ ഈ ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യുകയും ഇടവക പ്രതിനിധികള്‍ അഭി. രൂപതാദ്ധ്യക്ഷന്‍ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിനെ കണ്ട് തങ്ങള്‍ക്ക് സ്വന്തമായി മുട്ടത്തില്‍ ഒരു ദൈവാലയം വേണമെന്ന ആഗ്രഹം അറിയിക്കുകയും ചെയ്തു. അഭി. ചൂളപ്പറമ്പില്‍ പിതാവ് തന്റെ സുഹൃത്തായിരുന്ന അന്നത്തെ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ലു.ജെ. ജോണിന്റെ വകയായി മുട്ടം ഊരക്കുന്നിലുണ്ടായിരുന്ന രണ്ടേക്കര്‍ സ്ഥലം പള്ളിക്കായി 200 രൂപയ്ക്ക് വാങ്ങി. തുടര്‍ന്ന് 1946-ല്‍ ചുങ്കം പള്ളി വികാരിയായിരുന്ന കൊരട്ടിയില്‍ ബഹു.മത്തായി അച്ചനെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലപ്പെടുത്തി. അച്ചന്റെ നേതൃത്വത്തില്‍ ഒരു താത്കാലിക ഷെഡ് ഉണ്ടാക്കി, എല്ലാ ഞായറാഴ്ചകളിലും വി. കുര്‍ബാന അര്‍പ്പിച്ചുപോന്നു. 1947 ഓഗസ്റ്റ് 15-ാം തീയതി ഇന്ത്യയുടെ പ്രഥമ സ്വാതന്ത്ര്യദിനത്തില്‍ മുട്ടത്തില്‍ ഒരു പുതിയ പള്ളിക്ക് അഭി. തോമസ് തറയില്‍ പിതാവ് തറക്കല്ലിടുകയും തുടര്‍ന്ന് പണി പൂര്‍ത്തീകരിച്ച് 1949-ല്‍ പള്ളി കൂദാശ ചെയ്യുകയും ചെയ്തു. 1958-മെയ് 15ന് ഈ പള്ളിയെ ഒരിടവക ദൈവാലയമായി ഉയര്‍ത്തി. 1997-ല്‍ ഈ ദൈവാലയത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 2003-ല്‍ സ്ഥലപരിമിതി മൂലം ഈ ദൈവാലയം പുതുക്കിപണിയുന്നതിന് ഇടവക പൊതുയോഗം തീരുമാനിച്ചു. പ്രസ്തുത തീരുമാനത്തിന് അഭി. രൂപതാദ്ധ്യക്ഷന്റെ അനുമതി ലഭിച്ചതിനെതുടര്‍ന്ന് 2003 ഒക്‌ടോബര്‍ 12-ന് അഭി.മാര്‍ മാത്യു മൂലക്കാട്ടിന്റെ പിതാവ് പുതിയപള്ളിക്ക് ശിലാസ്ഥാപനം നടത്തി, കേവലം ഒരു വര്‍ഷം കൊണ്ട് മാലിത്തുരുത്തേല്‍ ബഹു. സാബു അച്ചന്റെ നേതൃത്വത്തില്‍ പൂര്‍ത്തികരിച്ച പുതിയ ദേവാലയം 2004 ഡിസംബര്‍ 8-ന് അഭി.മാര്‍ കുന്നശ്ശേരി പിതാവ് കൂദാശ ചെയ്തു. 1973-ല്‍ വെള്ളനാല്‍ ബഹു. സഖറിയാസ് അച്ചന്‍ വികാരി ആയിരിക്കേ പള്ളിയോട് അനുബന്ധിച്ചുള്ള വൈദികമന്ദിരം പുതുക്കി പണിയുകയും 1975-ല്‍ നിര്‍മ്മിച്ച പഴയ പാരീഷ് ഹാള്‍ 1993-ല്‍ തടത്തില്‍ ബഹു. ജേക്കബ് അച്ചന്റെ കാലത്ത് പുതുക്കി പണിയു കയുമുണ്ടായി. 2000-ല്‍ പള്ളിയുടെ മുന്‍പില്‍ പാറ്റിയാല്‍ ബഹു. ബേബിയച്ചന്‍ മുന്‍കൈ എടുത്ത് മനോഹരമായ ഗ്രോട്ടോ സ്ഥാപിച്ചു. തൊടുപുഴ മൂലമറ്റം റോഡ് സൈഡില്‍ 1955-ല്‍ നിര്‍മ്മിച്ച ലൂര്‍ദ്ദ് കപ്പേള 2005-ല്‍ പെരുമാനൂര്‍ ബഹു. സുനിലച്ചന്റെ നേതൃത്വത്തില്‍ പുതുക്കി പണിതു. മുട്ടം തോട്ടുക്കരയില്‍ ഇറപ്പുറത്ത് അബ്രഹാം സംഭാവനചെയ്ത സ്ഥലത്ത് മാലിത്തുരുത്തേല്‍ ബഹു. ജേക്കബ് അച്ചന്‍ മുന്‍കൈയെടുത്ത് 2001-ല്‍ ഒരു പുതിയ കുരിശുപള്ളികൂടി നിര്‍മ്മിക്കുകയുണ്ടായി. നിലവിലുള്ള പാരിഷ് ഹാളിന്റെ വലിപ്പക്കുറവും മതബോധന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥലപരിമിതിയും മൂലം കട്ടിയാങ്കല്‍ ബഹു. ജോയിയച്ചന്റെ നേതൃത്വത്തില്‍ പുതിയ പാരീഷ് ഹാളിന്റെ നിര്‍മ്മാണം പുരോഗമിച്ചുവരുന്നു. ഈ ഇടവകയില്‍ നിലവില്‍ 112 കുടുംബങ്ങളും 602 അംഗങ്ങളുമുണ്ട്. രണ്ടു വര്‍ഷമായി എല്ലാമാസവും തുടര്‍ന്നുവരുന്ന ജാഗരണ പ്രാര്‍ത്ഥന ഇടവകയുടെ ആത്മീയ വളര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്.