ഞീഴൂര്‍ , കാട്ടാമ്പാക്ക് പ്രദേശങ്ങളിലെ ക്‌നാനായ മക്കള്‍ തങ്ങള്‍ക്ക് ഒരു ഇടവകദേവാലയം ഉണ്ടാകാനായി ആഗ്രഹിച്ചു. പുണ്യശ്ലോകനായ മാക്കില്‍ പിതാവ് 1901 ജനുവരി മാസം 23-ാം തീയതി ഞീഴൂര്‍ പ്രദേശത്ത് ഒരു പള്ളി സ്ഥാപിക്കുന്നതിന് അനുവാദം നല്‌കി. കടുത്തുരുത്തി ഫോറോനപള്ളി വികാരിയായിരുന്ന വഞ്ചിപ്പുരയ്‌ക്കല്‍ ലൂക്കാകത്തനാരുടെ നേത്യത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കാരുടെ പരിശ്രമത്തില്‍ തച്ചേട്ട് തൊമ്മന്‍ ദാനമായി നല്‌കിയ സ്ഥലത്ത് ഒരു കുരിശുപള്ളി സ്ഥാപിച്ചു. തുടര്‍ന്ന് ചെമ്മലക്കുഴി ജേക്കബ് അച്ചനും ആലപ്പാട്ട് ജേക്കബ് അച്ചനും തങ്ങള്‍ക്ക് ലഭിച്ച പത്രമേനി പള്ളിക്കായി സംഭാവനചെയ്‌തു. 1915 ആഗസ്റ്റ് 15 ന് പുതിയതായി പണിത ഇടവക ദേവാലയത്തിന്റെ ആശീര്‍വാദകര്‍മ്മം മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ നിര്‍വഹിച്ചു.
കൊട്ടാരത്തില്‍ ജേക്കബ് അച്ചന്റെ കാലത്ത് ആരംഭിച്ച പുതിയപള്ളിയുടെ നിര്‍മ്മാണം കടവില്‍ ജോണച്ചന്റെ കാലത്ത് പൂര്‍ത്തീകരിച്ച് 1977 മാര്‍ച്ച് 31-ാം തിയതി അഭിവന്ദ്യ കുന്നശ്ശേരി പിതാവ് ആശീര്‍വദിച്ചു. ബഹു.തറതട്ടേല്‍ എബ്രഹാം അച്ചന്‍ വികാരിയായി സേവനം അനുഷ്‌ഠിച്ച കാലത്ത് ഇടവകസമൂഹത്തിന്റെ സഹകരണത്തോടെ പള്ളിയുടെ മദ്‌ബഹായുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. മദ്‌ബഹാ 2004 ഓഗസ്റ്റ് 15 ന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് ആശീര്‍വദിച്ചു.
1920 ല്‍ ആരംഭിച്ച St.Joseph L.P School ഈ പ്രദേശത്തെ നാനാജാതി മതസ്ഥരെ അറിവിന്റെ മേഖലയിലേക്ക് ആനയിച്ചു. 1982 ല്‍ ആരംഭിച്ച സെന്റ് ജോസഫ്‌സ് സന്യാസ ഭവനം ഇടവകസമൂഹത്തിന്റെ ആദ്ധ്യാത്മിക വളര്‍ച്ചയ്‌ക്കും സംസ്‌ക്കാരിക പുരോഗതിക്കും ഏറെ സഹായകരമാണ്.എല്ലാ വര്‍ഷവും ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ ഇടവക മദ്ധ്യസ്ഥനായ ഉണ്ണിമിശിഹായുടെ തിരുനാള്‍ ഏറെ ആഘോഷപൂര്‍വ്വം നടത്തുന്നു.