1992 ല്‍ സ്വര്‍ഗ്ഗറാണി നഗര്‍ എന്ന ഒരു ക്‌നാനായ കോളനി നിലവില്‍ വന്നു. മാര്‍ മാക്കില്‍ ഗുരുകുലത്തിന്റെ റെക്ടർ ആയിരുന്ന മോണ്‍. ജേക്കബ് കൊല്ലാപറമ്പിലച്ചനായിരുന്നു പിന്നില്‍ പ്രവര്‍ത്തിച്ചത്. നഗരമദ്ധ്യത്തിൽ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ അകലെ മൈസൂര്‍ റോഡില്‍ രാജരാജേശ്വരി എന്ന സ്ഥലത്ത് രണ്ടര ഏക്കര്‍ സ്ഥലം വാങ്ങി ക്‌നാനായക്കാര്‍ക്ക് മാത്രമായി പ്ലോട്ടുകള്‍ തിരിച്ചു വിലയ്ക്ക് കൊടുത്താണ് ഇത് സാധിച്ചത്. പള്ളി, പള്ളിക്കൂടം, മഠം, വീടുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഒരു ക്‌നാനായ സിറ്റിയാണ് ഇവിടെ വിഭാവനം ചെയ്തിരുന്നത്. ഇടക്കാലത്ത് കോട്ടയം അതിരൂപത പണികഴിപ്പിച്ച സ്വര്‍ഗ്ഗറാണി ദേവാലയം 2000 മാണ്ട് ആഗസ്റ്റ് 15 ന് മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളില്‍ കൂദാശ ചെയ്യപ്പെട്ടു. മാര്‍ മാക്കീല്‍ ഗുരുകുലത്തില്‍ നിന്ന് വൈദികരെത്തി ഞായറാഴ്ചകളില്‍ ഇവിടെ ദിവ്യബലി അര്‍പ്പിച്ചു വരുന്നു. ഈ സംരംഭങ്ങളോട് ചേര്‍ന്ന് വിസിറ്റേഷന്‍ സഭ വാങ്ങിയ സ്ഥലത്ത് പണികഴിപ്പിച്ച സ്വര്‍ഗറാണി സ്‌കൂള്‍ അറിയപ്പെടുന്ന സ്‌കൂളുകളില്‍ ഒന്നാണ്. ബാംഗ്ലൂര്‍ ക്‌നാനായ കത്തോലിക്ക അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗുരുകുലത്തും സ്വര്‍ഗറാണി ദേവാലയത്തിലും മറ്റുമായി വര്‍ഷങ്ങളായി ക്‌നാനായകര്‍ ഒന്നിച്ചു കൂടിയും സ്‌നേഹം പങ്കുവയ്ക്കുകയും ചെയ്തു പോന്നിരുന്നത് അഭിമാനത്തോടെ അനുസ്മരിക്കുന്നു. 1986 മുതല്‍ ബാംഗ്ലൂര്‍ ക്‌നാനായ ജനതയെ ഒരേ മനസ്സോടെ മുന്നോട്ടു നയിക്കുന്നതിന് ബാംഗ്ലൂര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രതിജ്ഞാബദ്ധരായിരുന്നു
2016 മെയ് 15-ാം തീയതി സ്വര്‍ഗ്ഗറാണി ദേവാലയം പെരിക്കല്ലൂര്‍ ഫൊറോനയുടെ കീഴിലുള്ള ഒരു ഇടവകയായി ഉയര്‍ത്തപ്പെടുകയും പ്രഥമ വികാരിയായി ഫാ. തോമസ് കൊച്ചുപുത്തന്‍പുര അച്ഛനെ അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവ് നിയമിക്കുകയും ചെയ്തു. തുടര്‍ന്ന് 2017 മെയ് 14-ാം തീയതി സ്വര്‍ഗ്ഗ റാണി ഇടവക ദേവാലയം കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഒരു ഫൊറോന ദേവാലയമായി ഉയര്‍ത്തപ്പെട്ടു. കര്‍ണാടകയിലുള്ള നെല്ലിയാടി, അജ്ക്കര്‍, കടമ്പ എന്നീ ഇടവകകളും കെ.ആര്‍ പുരം, സെന്റ് എഫ്രേം സെന്റര്‍ എന്നീ സ്റ്റേഷനുകളും ഈ ഫൊറോനയില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 11 വാര്‍ഡുകളിലായി 250 ഓളം കുടുംബങ്ങളും ഈ ഇടവകയില്‍ ഉണ്ട്. ദേവാലയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചുകൊണ്ട് സ്വര്‍ഗ്ഗറാണി വിസിറ്റേഷന്‍ കോണ്‍വെന്റും ഇവിടെ തങ്ങളുടെ ശുശ്രൂഷ ചെയ്തുവരുന്നു.