സെന്റ് എഫ്രേം ക്‌നാനായ കാത്തലിക് സെന്റര്‍, മാര്‍ മാക്കീല്‍ ഗുരുകുലം.
ജോലിക്കും ജീവിതസൗകര്യങ്ങള്‍ക്കുമായി ബാംഗ്ലൂരിലേക്ക് കുടിയേറിപ്പാര്‍ത്ത ക്‌നാനായ ജനതയെ എന്നും ഒരു കൂട്ടായ്മയില്‍ നിലനിര്‍ത്തിയ സെന്റര്‍ ആണ് മാര്‍ മാക്കീല്‍ ഗുരുകുലം. ബാംഗ്ലൂരില്‍ ചിതറികിടക്കുന്ന ക്‌നാനായ മക്കളെ ഒരുമിച്ച് നിര്‍ത്തുവാനും വിശുദ്ധ കുര്‍ബാനയ്ക്കും കൂട്ടായ്മകള്‍ക്കും ആഘോഷങ്ങള്‍ക്കും വേദിയൊരുക്കുവാനും മാര്‍ മാക്കീല്‍ ഗുരുകുലമാണ് എക്കാലവും സജീവമായത്.
1986 ആഗസ്റ്റ് 3 ന് അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെത്രാന്‍ ബാംഗ്ലൂരിലുള്ള ക്‌നാനായക്കാരെ എല്ലാവരെയും ഒരുമിച്ച് ചേര്‍ത്ത് ക്നാനായ കാത്തോലിക് കോൺഗ്രസ് ബാംഗ്ലൂര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പില്‍ക്കാലത്തു ഈ സംഘടന ‘ബാംഗ്ലൂര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍’ ആയി രൂപാന്തരപ്പെടുകയും ക്‌നാനായ ജനതയെ ഒന്നിച്ചു മുന്നേറ്റുകയും ചെയ്തു.
കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ സി.എം.ഐ സഭാംഗങ്ങളുടെ സഹകരണത്തോടെ ബാംഗ്ലൂരില്‍ ധര്‍മ്മരാമിനോട് ചേര്‍ന്ന് മാര്‍ മാക്കീല്‍ ഗുരുകുലം സ്ഥാപിച്ചു. 1990 മുതല്‍ മാര്‍ മാക്കീല്‍ ഗുരുകുലം പ്രവര്‍ത്തനം ആരംഭിച്ചത് ഒരു മേജര്‍ സെമിനാരിയായിട്ടാണ്. വൈദിക വിദ്യാര്‍ത്ഥികള്‍ മാര്‍ മാക്കീല്‍ ഗുരുകുലത്തില്‍ താമസിച്ച് ധര്‍മ്മരാം വിദ്യാ ക്ഷേത്രത്തില്‍ പോയി പഠനം നടത്തുകയായിരുന്നു. റവ. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ ആയിരുന്നു ആദ്യത്തെ റെക്ടര്‍. ബാംഗ്ലൂരിലെ ക്‌നാനായ ജനതയ്ക്ക് ഒരു ദേവാലയം ആവശ്യമായി വന്നപ്പോള്‍, അന്ന് മാര്‍ മാക്കിൽ ഗുരുകുലത്തിലെ വൈദികരുടെയും റവ. ഡോ. ജേക്കബ് കൊല്ലാപ്പറമ്പില്‍ അച്ഛന്റെയും നേതൃത്വത്തില്‍ അല്‍മായരുടെ സഹകരണത്തോടെ രാജരാജേശ്വരി നഗറില്‍ 1998 ജൂണ്‍ 14 ന് സ്വര്‍ഗറാണി ദേവാലയത്തിന് തറക്കല്ലിടുകയും 2000 ആഗസ്റ്റ് 15ന് വെഞ്ചരിക്കുകയും ചെയ്തു.
2016 ജൂലൈ 1-ാം തീയതി സ്വർഗറാണി ഇടവകയുടെ ഒരു സ്റ്റേഷന്‍ പള്ളിയായി മാര്‍ മാര്‍ക്കീല്‍ ഗുരുകുലത്തിലെ വി. അപ്രേമിന്റെ ചാപ്പല്‍ ഉയര്‍ത്തി. വിശുദ്ധ കുര്‍ബാനയ്ക്കും ക്‌നാനായ കൂട്ടായ്മകള്‍ക്കും യോഗ്യമായ തരത്തില്‍ മാര്‍ മാക്കീല്‍ ഗുരുകുലത്തില്‍ ഒരു ഹാള്‍ നിര്‍മ്മിക്കുകയും 2022 ഏപ്രില്‍ 24 ന് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത വെഞ്ചരിക്കുകയും ചെയ്തു. കുട്ടികളുടെ വേദപാഠം, മിഷന്‍ലീഗ് കെ.സി.സി, കെ.സി.ഡബ്ല്യു.എ എന്നീ സംഘടനകള്‍ ഈ സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. ബാംഗ്ലൂരിലെ ക്‌നാനായ ജനതയുടെ ഒരുമിച്ചുള്ള കുര്‍ബാന അര്‍പ്പണത്തിനും കൂട്ടായ്മകള്‍ക്കും സ്‌നേഹം പങ്കുവയ്ക്കുന്നതിനും ആഘോഷങ്ങള്‍ക്കും പ്രധാന കേന്ദ്രമായി മാര്‍ മാക്കീല്‍ ഗുരുകുലം സെന്റ് എഫ്രേം സെന്ററും എന്നും നിലകൊള്ളുന്നു