അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുകയും കാറ്റിക്കിസം, ബൈബിള്‍ കമ്മീഷനുകളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുകയും ചെയ്യുന്ന പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ യോഗത്തിന്റെ ഉദ്ഘാടനം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ചു. സഭയുടെ ശുശ്രൂഷ നിര്‍വ്വഹിക്കുന്ന പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം വി. ഗ്രന്ഥത്തെക്കുറിച്ചും സഭയെക്കുറിച്ചും സമുദായത്തെക്കുറിച്ചും മനസിലാക്കി നാം കര്‍മമേഖലകളില്‍ ഇറങ്ങണമെന്ന് ഫാ. വെട്ടിക്കാട്ട് സൂചിപ്പിച്ചു. വ്യാജ പ്രചരണങ്ങളും അസത്യങ്ങളും അവതരിപ്പിച്ച് നടത്തുന്ന വൈകാരിക മുതലെടുപ്പുകളല്ല, വസ്തുതകള്‍ പഠനവിധേയമാക്കുന്ന മനോഭാവമാണ് നമുക്കാവശ്യം. സഭയിലെ ശുശ്രൂഷ വളരെ പ്രധാനമാണ്, കാരണം, സഭ ക്രിസ്തു തന്നെയാണ്, ക്രിസ്തുവിന്റെ മൗതിക ശരീരമാണ്.
കമ്മീഷനുകളുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെട്ടു. ഇടവകതലത്തില്‍ കാറ്റിക്കിസം, ബൈബിള്‍ കമ്മീഷനുകളുടെ ആഭിമുഖ്യത്തില്‍ നടത്തേണ്ട കര്‍മ്മപരിപാടികളെക്കുറിച്ചുള്ള വിഷയാവതരണവും നടന്നു. വിശ്വാസ പരിശീലന രംഗത്ത് നടപ്പാക്കേണ്ട ബോധവത്കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ബോധന രംഗത്ത് കൊണ്ടുവരേണ്ട രീതികളെക്കുറിച്ചും ലോഗോസ് ക്വിസ്, വചന പഠന മേഖലയില്‍ കൊണ്ട് വരേണ്ട പദ്ധതികളെക്കുറിച്ചും ബൈബിള്‍-ദൈവശാസ്ത്ര കോഴ്‌സിനെക്കുറിച്ചും യോഗം നിര്‍ദേശങ്ങള്‍ നല്‍കി. വിവിധ ഇടവകകളില്‍ നിന്നായി .70 അംഗങ്ങള്‍ മീറ്റിംഗില്‍ പങ്കെടുത്തു. ചൈതന്യ കമ്മീഷന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. മാത്യു കൊച്ചാദംപള്ളില്‍, ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സജി കൊച്ചുപറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.