സാര്‍വ്വത്രിക സഭയിലും പൗരസ്ത്യ സഭാകൂട്ടായ്മയിലും സാമൂഹിക, സാംസ്ക്കാരിക, സഭാത്മക തനിമയും സ്വവംശവിവാഹനിഷ്ഠയും പാലിച്ചു വംശീയതനിമ നിലനിര്‍ത്തിപ്പോരുന്ന ക്രൈസ്തവ സമൂഹമാണു ക്നാനായക്കാര്‍ അഥവാ തെക്കുംഭാഗര്‍. ക്രിസ്ത്വബ്ദം 345-ാമാണ്ടില്‍ ദക്ഷിണ മെസപ്പെട്ടോമിയായില്‍ നിന്നു കിനായി തോമായുടെയും ഉറഹാ മാര്‍ യൗസേപ്പ് മെത്രാന്‍റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ ദേശത്തേക്കു കുടിയേറിയ ഈ സഭാഘടകത്തില്‍ നാലു വൈദികരും ഏതാനും വൈദിക ശുശ്രൂഷികളും ഉള്‍പ്പടെ ഏഴില്ലം എഴുപത്തിരണ്ടു കുടുംബങ്ങളില്‍പ്പെട്ട നാനൂറോളം യഹൂദ ക്രൈസ്തവരുടെ പിന്‍തലമുറക്കാരാണു ക്നാനായക്കാര്‍. തിരുവഞ്ചിക്കുളം തലസ്ഥാനമാക്കി ചേരരാജ്യം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ക്നാനായ ജനതയെ സ്വാഗതം ചെയ്യുകയും പള്ളിയും പട്ടണവും പണിയുവാന്‍ ഭൂമി അനുവദിച്ചു നല്‍കുകയും ചെയ്തു. ക്നാനായക്കാരെ രാജമക്കളായി അംഗീകരിച്ചുകൊണ്ട് എഴുപത്തിരണ്ട് പദവികള്‍ രാജാവ് കല്പിച്ചു നല്‍കി.
ബാബിലോണിയായിലെ യഹൂദജനം നിയമജ്ഞനായ എസ്രായുടെ കാലം മുതല്‍ അന്യജനതകളുമായി വിവാഹബന്ധത്തിലേര്‍പ്പെടാതെ വംശശുദ്ധി പാലിക്കുന്നതില്‍ അതീവ ശ്രദ്ധാലുക്കളായിരുന്നു. ഈ പാരമ്പര്യംതന്നെ കൊടുങ്ങല്ലൂരില്‍ കുടിയേറിയ എഴുപത്തിരണ്ട് കുടുംബങ്ങളും തുടര്‍ന്നു പോന്നു. സ്വവംശവിവാഹനിഷ്ഠ (endogamy) യിലൂടെ അവര്‍ കേരള സമൂഹത്തില്‍ ഒരു സമുദായമായി നിലനിന്നു. രാജകീയ പദവികള്‍ ലഭിച്ചതുമൂലം സമൂഹത്തില്‍ ഉന്നത സ്ഥാനവും അവര്‍ക്കു ലഭിച്ചു. മാര്‍ത്തോമാസഭയില്‍ അവര്‍ക്കു സ്വന്തമായ ദൈവാലയങ്ങളും വൈദികരും ഉണ്ടായിരുന്നതിനാല്‍ സഭാതലത്തിലും അവരുടെ സാമുദായികതനിമ അംഗീകരിക്കപ്പെട്ടു. പൗരസ്ത്യ കാതോലിക്കാ ബാവ കാലോചിതം പോലെ എത്തിച്ചു തന്നിരുന്ന നല്ല ആബൂന്മാരുടെ അജപാലനത്തില്‍ തനതായ വ്യക്തിത്വം നിലനിര്‍ത്തി ക്നാനായ സമുദായം വളര്‍ന്നു. മലബാര്‍/മലങ്കര എന്നീ പേരുകളിലാണ് മലയാളക്കര അന്ന് അറിയപ്പെട്ടിരുന്നത്. അക്കാലത്ത് മാര്‍ത്തോമാസഭയെന്ന് അറിയപ്പെട്ടിരുന്നത് കേരളത്തിലെ സഭയാണ്.
ഈ സഭാഘടന മാറ്റി തെക്കുംഭാഗ-വടക്കുംഭാഗ സമുദായാംഗങ്ങളെ ഒന്നിപ്പിച്ചു പൊതു ഇടവകയില്‍ ആക്കുവാനുള്ള നിര്‍ദ്ദേശം 1599 ലെ ഉദയംപേരൂര്‍ സൂനഹദോസില്‍ ഉണ്ടായി. ഇതു സാമുദായിക മൈത്രിക്കു വിഘാതം ഉണ്ടാക്കിയതിനാല്‍ ഈ നിര്‍ദ്ദേശം നടപ്പിലായില്ല. പതിനേഴാം നൂറ്റാണ്ടിന്‍റെ ആരംഭം മുതല്‍ മൂന്നു നൂറ്റാണ്ടുകളോളം സുറിയാനിക്കാരുടെമേല്‍ ലത്തീന്‍ മെത്രാന്മാര്‍ ഭരിച്ചപ്പോഴും, സ്വന്തമായ ഇടവകകളും വൈദികരുമായി ക്നാനായക്കാരുടെ സഭാഘടകം അതിന്‍റെ അസ്തിത്വം നിലനിര്‍ത്തി പോന്നു.