ജന്മവും കർമ്മവും : ക്നാനായ സമുദായത്തിൽ?
നമ്മുടെ ക്നാനായ സമുദായത്തിൽ ഇന്ന് വളരെയധികം ചർച്ച ചെയ്യപ്പെടുന്ന രണ്ട് പദങ്ങൾ ആണല്ലോ ജന്മവും കർമ്മവും.
ജന്മം – ക്നാനായ മാതാപിതാക്കളിൽ നിന്ന് ജനിക്കുന്നത് വഴി ഒരാൾ ക്നാനായക്കാരൻ ആകുന്നു.
കർമ്മം – സ്വവംശ വിവാഹനിഷ്ഠ പാലിക്കുക എന്നതാണ് ക്നാനായ കർമ്മം. ഇനി
ഒരു യഥാർത്ഥ ക്നാനായ കാരൻ ജന്മവും കർമ്മവും പാലിക്കുന്ന ആൾ മാത്രമാണ്.
ബിജു ഉതുപ്പ് കേസിൽ (O S 923/89) കോട്ടയം അതിരൂപത കോടതിയിൽ നൽകിയ പത്രികയിൽ ക്നാനായ അംഗത്തെ നിർവചിച്ചത് ക്നാനായ മാതാപിതാക്കളിൽ നിന്ന് ജനിക്കുകയും സ്വവംശം വിവാഹനിഷ്ഠ പാലിക്കുകയും ചെയ്യുന്ന ആൾ എന്നാണ്. ഒരു ക്നാനായ അംഗം ക്നാനായക്കാരി അല്ലാത്ത ആളെ വിവാഹം കഴിച്ചാൽ ( സ്വവംശ വിവാഹനിഷ്ഠ ലംഘിച്ചാൽ ) ക്നാനായക്കാരൻ അല്ലാതാകും ( cease to be a Knanaya ) എന്നും ആണ് .
എന്നാൽ ജന്മം കൊണ്ട് കിട്ടിയത് കർമ്മം കൊണ്ടുപോകുന്നത് എങ്ങനെയാണ് എന്നും, ജന്മംകൊണ്ട് ലഭിക്കുന്നത് മരണം കൊണ്ടേ പോകുകയുള്ളൂ എന്ന വലിയ വാദത്തിന് നമ്മുടെ അതിരൂപത ഉത്തരം നൽകേണ്ടതായി വന്നു. അമേരിക്കയിൽ ക്നാനായ മിനിസ്ട്രിക്ക് അനുവാദത്തിനായി റോമിലെ പൗരസ്ത്യ തിരുസംഘത്തിന് അപേക്ഷ നൽകിയപ്പോൾ ആണ് 1986ലെ Rescript ലഭിക്കുന്നത്. പ്രസ്തുത റെസ്ക്രിപ്റ്റിലൂടെ ജന്മംകൊണ്ട് ക്നാനായക്കാരനായ ആൾക്ക് കർമ്മം പാലിച്ചില്ലെങ്കിലും തുല്യ പരിഗണന കൊടുക്കണം എന്ന് പൗരസ്ത്യ തിരുസംഘം ആവശ്യപ്പെട്ടു.
ഇങ്ങനെ ഒരു സാഹചര്യത്തിലാണ് 1997ൽ അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് കൊല്ലാപറമ്പിലെ അച്ഛന്റെ സഹായത്താൽ ‘ക്നാനായതും ജന്മംകൊണ്ട് ലഭിക്കുന്നതാണെന്നും അത് മരണം കൊണ്ടേ പോവുകയുള്ളൂ ‘ എന്നും റോമിലെ പൗരസ്ത്യ തിരുസംഘത്തിന് എഴുതി അറിയിച്ചു.
2000 ആണ്ടിലെ കോട്ടയം അതിരൂപത എപ്പാർക്കിയിൽ അസംബ്ലിയിൽ “A D 354 ലെ കുടിയേറ്റ കാലം മുതൽ ക്നാനായ പൂർവികരിൽ നിന്നും തുടങ്ങി തലമുറ തലമുറകൾ ആയി ക്നാനായ സ്ത്രീപുരുഷന്മാർക്ക് സ്വവംശ വിവാഹബന്ധത്തിലൂടെ ജനിച്ചിട്ടുള്ളവരാണ് ക്നാനായക്കാർ ” എന്ന് തീരുമാനിച്ചു.
2014 ൽ അഭിവന്ദ്യ ജോർജ് ആലഞ്ചേരി പിതാവും മാർ മാത്യു മൂലക്കാട്ട് പിതാവും മാർ അങ്ങാടിയാത്ത് പിതാവും തമ്മിൽ ഉണ്ടാക്കിയ ധാരണ. ” ക്നാനായ സമുദായഗം ക്നാനായ കാരല്ലാത്ത ജീവിതപങ്കാളിയെ സ്വീകരിച്ചാൽ ആ ക്നാനായകാർ അല്ലാത്ത ജീവിതപങ്കാളിയും മക്കളും ക്നാനായ ഇടവകകളിൽ അംഗങ്ങൾ ആയിരിക്കുകയില്ല” എന്നു തീരുമാനിച്ചു. ആധുനിക കാലഘട്ടത്തിലെ നിയമ സംവിധാനങ്ങൾക്കിടയിൽ ക്നാനായ സമുദായത്തിന്റെ തനിമ നിലനിർത്തുന്നതിനായി അഭിവന്ദ്യ പിതാക്കന്മാർ എടുത്ത ധീരമായ തീരുമാനമാണ് ഇത്. പ്രസ്തുത തീരുമാനത്തിന്റെ ഫലമായി ഇന്ന് അമേരിക്കയിൽ ക്നാനായ ഇടവകകൾ വളരെ ഭംഗിയായി നടന്നുവരുന്നു. അല്ലെങ്കിൽ ക്നാനായ കർമ്മം വളരെ ഭംഗിയായി ക്നാനായ ഇടവകകളിലൂടെ അമേരിക്കയിൽ നടത്തുന്നു.
എന്നാൽ ‘കാന’ എന്ന മാറി വിവാഹം കഴിച്ചവരുടെ സംഘടനയുടെ നിരന്തരമായ പരാതികളുടെ വെളിച്ചത്തിൽ 2017ൽ പൗരസ്ത്യ തിരുസംഘം “ക്നാനായ ഇടവകകൾ ക്നാനായക്കാർക്കും അവരുടെ ജീവിതപങ്കാളിക്കും മക്കൾക്കും വേണ്ടിയുള്ളതായിരിക്കും” എന്ന് തീരുമാനിക്കുകയുണ്ടായി. പ്രസ്തുത തീരുമാനത്തിന്റെ ഫലമായി സ്വവംശ വിവാഹനിഷ്ഠ പാലിക്കാത്ത ക്നാനായ സമുദായ അംഗത്തിന്റെ ജീവിതപങ്കാളിയെയും മക്കളെയും ക്നാനായ ഇടവകകളിൽ അംഗങ്ങളാക്കേണ്ട കടമ ഉണ്ടാവുകയുണ്ടായി. അഭിവന്ദ്യ മൂലക്കാട്ട് പിതാവും പണ്ടാരശ്ശേരി പിതാവും അങ്ങാടിയാത്ത പിതാവും അല്മായ പ്രതിനിധികളും പൗരസ്ത്യ തിരുസംഘത്തിൽ എത്തി നൽകിയ പരാതിയുടെയും വിശദീകരണത്തിന്റെയും വെളിച്ചത്തിൽ 2018ൽ പൗരസ്ത്യ തിരുസംഘം ” ക്നാനായ അംഗത്തെ വിവാഹം കഴിച്ച ക്നാനായക്കാർ അല്ലാത്ത ജീവിതപങ്കാളിക്കും മക്കൾക്കും ക്നാനായ ഇടവകകളിൽ നിന്ന് ആത്മീയ ശുശ്രൂഷകൾ സ്വീകരിക്കാവുന്നതാണ്” എന്ന് തിരുത്തി കൽപ്പിക്കുകയുണ്ടായി. ഈ തിരുത്തലിലൂടെ ക്നാനായ അംഗത്വം ജന്മത്തിലൂടെ മാത്രം ലഭിക്കുന്നതാണെന്നും ജന്മത്തിലൂടെ ലഭിക്കാത്ത ആർക്കും ക്നാനായ അംഗം ആകുവാൻ സാധിക്കുകയില്ല എന്നുമുള്ള കോട്ടയം അതിരൂപതയുടെ വാദത്തിന് പൗരസ്ത്യ തിരുസംഘം അംഗീകാരം നൽകുകയാണ് ചെയ്തത്.
യഥാർത്ഥ ക്നാനായ കാരൻ ജന്മവും കർമ്മവും പാലിക്കുന്ന ആൾ തന്നെയാണ്. എന്നാൽ കർമ്മം എങ്ങനെയാണ് ക്നാനായ സമുദായത്തിൽ പാലിക്കാൻ സാധിക്കുന്നത്. ഏറ്റവും പ്രധാനമായി മാതാപിതാക്കൾ മക്കൾക്ക് കുടുംബത്തിലൂടെ പകർന്നു നൽകുന്ന സമുദായ ബോധത്തിലൂടെ, അതോടൊപ്പം ക്നാനായ ഇടവകകളിലൂടെ ക്നാനായ ബോധം നമുക്ക് പകർന്നു നൽകാൻ സാധിക്കും. ക്നാനായ സംഘടനാ പ്രവർത്തനങ്ങളിലൂടെ നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നമുക്ക് കാത്തുസൂക്ഷിക്കാൻ സാധിക്കും. അല്ലാതെ കർമ്മം നിർവചനത്തിലൂടെ സ്ഥാപിച്ച എടുക്കാൻ പരിശ്രമിക്കുമ്പോഴാണ് സഭാ അധികാരികളിൽ നിന്നും നാം വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്നത്.
അഡ്വ.ഫാ. ബോബി ചേരിയിൽ