9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

What do we mean by Indulgence?

  • December 16, 2015

പദനിഷ്‌പത്തിയും നിര്‍വചനവും
ദണ്‌ഡവിമോചനം എന്നതിന്റെ ആംഗലേയപദം Indulgence എന്നാണ്‌. പ്രസ്‌തുത വാക്കിന്റെ നിഷ്‌പത്തി ലത്തീന്‍ ഭാഷയിലെ indulgentia ആണ്‌. അതിന്റെ അര്‍ത്ഥമാകട്ടെ ദയവു കാണിക്കുക, ഇളവു നല്‍കുക എന്നൊക്കെയും. റോമന്‍ ഭരണസംവിധാനത്തില്‍ ആര്‍ക്കെങ്കിലും നികുതിയില്‍നിന്നോ കടത്തില്‍നിന്നോ ഇളവു നല്‌കുന്നതിനെയാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌. ദൈവശാസ്‌ത്രപരമായ തലത്തില്‍ ഇത്‌ ദൈവത്തിന്റെ കാരുണ്യത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരുവന്റെ പാപം നീക്കം ചെയ്യപ്പട്ടതിന്‌ശേഷം നിലനില്‌കുന്ന കാലികശിക്ഷയില്‍നിന്നുള്ള (temporal punishment) മോചനമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം ദണ്‌ഡവിമോചനത്തെ നിര്‍വചിക്കുന്നത്‌ ഇപ്രകാരമാണ്‌. “അപരാധവിമുക്തമായ പാപങ്ങളുടെ കാലികശിക്ഷയില്‍നിന്ന്‌ ദൈവതിരുമുമ്പായുള്ള ഇളവുചെയ്യലാണ്‌ ദണ്‌ഡവിമോചനം: നിര്‍ദിഷ്‌ടമായ ചില വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്‌ തക്ക മനോഭാവമുള്ള ക്രിസ്‌തീയ വിശ്വാസി അത്‌ നേടിയെടുക്കുന്നു. വീണ്ടെടുപ്പിന്റെ ശുശ്രൂഷിക എന്ന നിലയില്‍ ക്രിസ്‌തുവിന്റെയും വിശുദ്ധരുടെയും പരിഹാരകര്‍മങ്ങളുടെ നിക്ഷേപത്തെ അധികാരത്തോടെ വിതരണംചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന സഭയുടെ പ്രവര്‍ത്തിയിലൂടെയാണ്‌ വിശ്വാസി ദണ്‌ഡവിമോചനം പ്രാപിക്കുന്നത്‌”(CCC 1471). ഇവിടെ ദണ്‌ഡവിമോചനത്തിന്റെ ചരിത്രം, സഭയുടെ നിക്ഷേപം, കാലികശിക്ഷ എന്നിവ എന്താണന്നുകൂടെ മനസിലാക്കുന്നത്‌ ഉചിതമായിരിക്കും.
2. ദണ്‌ഡവിമോചനത്തിന്റെ ചരിത്രം
ആദിമ കാലം മുതലേ ക്രൈസ്‌തവര്‍ പാപപരിഹാരത്തിന്റെ ഭാഗമായി പ്രാര്‍ത്ഥന, ദാനധര്‍മം, പലതരത്തിലുള്ള പണത്തിന്റെ പിഴയിടീല്‍ (വന്ന്‌പോയ തിന്മകള്‍ക്ക്‌ പരിഹാരമെന്നവണ്ണം നേര്‍ച്ചനല്‌കുന്നതുപോലുള്ള പ്രവര്‍ത്തി) തുടങ്ങിയവ ചെയ്‌തിരുന്നു. പാപത്തിന്റെ കാലികശിക്ഷയില്‍നിന്നുള്ള മോചനത്തിന്റെ മാര്‍ഗമായി പ്രസ്‌തുത പ്രവര്‍ത്തികളെ 10, 11 നൂറ്റാണ്ടുകളിലാണ്‌ വന്‍തോതില്‍ ആളുകള്‍ കാണാന്‍തുടങ്ങിയത്‌. 10 ാം നൂറ്റാണ്ടില്‍ പൊതുജനത്തിനെല്ലാം ഉപകാരപ്പെടുന്ന സംരംഭമെന്ന നിലയില്‍ ദൈവാലയനിര്‍മാണത്തിനും മറ്റുമായി ഈ ദാനധര്‍മത്തെ അവര്‍മാറ്റി. ഉര്‍ബന്‍ 2 മന്‍പാപ്പ കുരിശുയുദ്ധയോദ്ധാക്കള്‍ക്ക്‌ (1095) ദണ്‌ഡവിമോചനം അനുവദിച്ചു നല്‌കി. ഇവിടെയും അവര്‍ കുമ്പസാരിച്ച്‌ പാപം പോക്കണമെന്ന്‌ നിഷ്‌കര്‍ഷയുണ്ടായിരുന്നു. 12, 13 നൂറ്റാണ്ടുകളില്‍ സഭയുടെ നിക്ഷേപ ഭണ്‌ഡാഗാരമെന്ന ആശയവും അത്‌ തുറന്ന്‌ ജനത്തിന്‌ നല്‌കാന്‍ സഭയ്‌ക്കേല്‌പിക്കപ്പെട്ടിരിക്കുന്ന അധികാരത്തിന്റെ താക്കോല്‍ എന്ന ആശയവും ദൈവശാസ്‌ത്രവും രൂപപ്പെട്ടു. പിന്നീട്‌ മധ്യകാലഘട്ടത്തില്‍ പൂര്‍ണദണ്‌ഡവിമോചനം ഭാഗികദണ്‌ഡവിമോചനം, മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും വേണ്ടിയുള്ള ദണ്‌ഡവിമോചനം എന്നീ വ്യത്യസ്‌ത തലങ്ങളും കടന്നുവന്നു. എന്നാല്‍, 15 -ാം നൂറ്റാണ്ടില്‍ ഇത്‌ ഒരു ധനാഗമമാര്‍ഗമായി മാറിയത്‌ ഇക്കാര്യത്തിലുണ്ടായ അപഭ്രംശമായിരുന്നു.
ദണ്‌ഡവിമോചന പ്രക്രിയയില്‍വന്ന ദുരുപയോഗങ്ങള്‍
മധ്യകാലഘട്ടത്തില്‍ ദണ്‌ഡവിമോചന പ്രക്രിയയില്‍ വന്ന അപഭ്രംശങ്ങള്‍ പ്രസ്‌തുത വീക്ഷണത്തിന്റെ ചൈതന്യത്തെത്തന്നെ ഇല്ലാതാക്കിക്കളഞ്ഞെന്ന്‌ മാത്രമല്ല പലര്‍ക്കും ഉതപ്പിന്‌ കാരണമാകുകയും ചെയ്‌തു. 1517 ല്‍ ലിയോ പത്താമന്‍ പാപ്പ വി. പത്രോസിന്റെ ബസലിക്കാ നിര്‍മിക്കുന്നതിലേയ്‌ക്ക്‌ പണം നല്‌കുന്നവര്‍ക്ക്‌ ദണ്‌ഡവിമോചനം പ്രഖ്യാപിച്ചതായിരുന്നു പ്രൊട്ടസ്റ്റന്റ്‌ വിപ്ലവത്തിന്‌ കളമൊരുക്കിയത്‌. ജോണ്‍ ടെത്സല്‍ എന്ന മിഷനറിയുടെ ദണ്‍ഡവിമോചനത്തെക്കുറിച്ചുളള അതികശയോക്തിപരമായപ്രസംഗം അതിന്റെ ദൈവശാസ്‌ത്രത്തിന്റെ മാനങ്ങളെ തന്നെ വളച്ചൊടിച്ചു. ഈദൃശ്യ സംഭവങ്ങള്‍ മാര്‍ട്ടിന്‍ ലൂതറിന്റെ വിമര്‍ശനത്തിനിടയാക്കി.
3. സഭയുടെ നിക്ഷേപം 
ദണ്‌ഡവിമോചനം സഭ നല്‌കുന്നത്‌ സഭയുടെ നിക്ഷേപത്തില്‍നിന്നാണ്‌ എന്ന്‌ പറയുന്നതെന്താണ്‌? പാപത്തില്‍നിന്ന്‌ മോചിതരാകാനാഗ്രഹിക്കുന്ന ഒരോ ക്രൈസ്‌തവനും ഒറ്റപ്പെട്ട വ്യക്തിയല്ല. മിശിഹായുടെ ഏകശരീരത്തിലെ അവയവമാണ്‌. അതിനാല്‍ പ്രസാദവരാവസ്ഥയില്‍ ദൈവസന്നിധിയിലായിരിക്കുന്ന വിശുദ്ധരുടെ കൃപയുടെയും വിശുദ്ധിയുടെയും പ്രയോജനം ഈ ശരീരത്തിലെ അംഗങ്ങളെന്ന നിലയില്‍ നമുക്കും ലഭിക്കുന്നു. അങ്ങനെ, പുണ്യവാന്മാരുടെ ഐക്യത്തെ ആശ്രയിക്കുന്നതിലൂടെ അനുതാപി, പാപത്തിനുള്ള ശിക്ഷകളില്‍നിന്ന്‌ കൂടുതല്‍ വേഗത്തിലും ഫലപ്രദമായും ശുദ്ധീകരിക്കപ്പെടാന്‍ ഇടയാകുന്നു (CCC 1475). നമ്മുടെ എല്ലാ സത്‌കര്‍മങ്ങള്‍ക്കും രണ്ട്‌ ഫലങ്ങള്‍ ഉണ്ടെന്നാണ്‌ സഭ പഠിപ്പിക്കുന്നത്‌. 1. അവ മൂലം ലഭിക്കുന്ന പുണ്യയോഗ്യത (merit); 2. അവയുടെ പരിഹാരമൂല്യം (expiation). പുണ്യയോഗ്യത ഓരോവ്യക്തിക്കും ലഭിക്കുന്നതും കൈമാറ്റംചെയ്യപ്പെടാത്തതുമാണെങ്കില്‍, expiation മറ്റുള്ളവര്‍ക്കുള്ള അനുഗ്രഹമോ കടങ്ങളുടെ പരിഹാരത്തിനായി കാഴ്‌ചവയ്‌ക്കപ്പെടാവുന്നതോ ആണ്‌. മിശിഹാ നമ്മുടെ പാപങ്ങള്‍ക്കായി എന്നേയ്‌ക്കുമുള്ള പരിഹാരബലിയാണ്‌ (1 യോഹ 2, 2). മിശിഹായുടെ കുരിശുമരണത്താലുള്ള യോഗ്യതകള്‍ ദൈവതിരുമുമ്പിലുള്ള അക്ഷയമായ നിധിയാണ്‌. പാപത്തിന്റെ എല്ലാ കടങ്ങളും പരിഹരിക്കാനുള്ള വീണ്ടെടുപ്പുവിലകൂടിയാണത്‌. ഇതോടൊപ്പം പാപലേശമേല്‍ക്കാത്ത പരി. അമ്മയുടെയും സകലവിശുദ്ധരുടെയും പുണ്യങ്ങളും സഹനവും സഭയുടെ അടുത്ത നിക്ഷേപവുമാണ്‌ (secondary deposit). ഈ നിക്ഷേപം, പരി. കന്യകാമറിയത്തിന്റെയും വിശുദ്ധരുടെ പ്രാര്‍ത്ഥനകളും സത്‌കര്‍മങ്ങളുംകൂടി ഉള്‍ക്കൊള്ളുന്നു. വിശുദ്ധര്‍ ദൈവത്തെപ്രതി സ്വീകരിച്ച സഹനങ്ങളും ചെയ്‌ത സത്‌പ്രവര്‍ത്തികളും അവര്‍ക്ക്‌ മാത്രമല്ല സഭയ്‌ക്കുമുഴുവനും പ്രയോജനപ്രദമാണെന്ന്‌ വി. തോമസ്‌ അക്വീനാസ്‌ പ്രസ്‌താവിക്കുന്നതും ഈയര്‍ത്ഥത്തിലാണ്‌. ഈ നിക്ഷേപം, മിശിഹാ നമുക്കായി നേടിത്തന്ന അനന്തനിക്ഷേപത്തില്‍നിന്ന്‌ വിഭിന്നമാണെന്ന്‌ കരുതരുത്‌, മറിച്ച്‌ അതിനോട്‌ ചേര്‍ന്ന്‌ നില്‌കുന്നതാണ്‌. അതിനാല്‍ സഭയുടെ ദണ്‌ഡവിമോചനത്തിന്റെ സ്രോതസ്‌ മിശിഹായുടെയും വിശുദ്ധരുടെയും പുണ്യയോഗ്യതകളാണ്‌. പുണ്യവാന്മാരുടെ ഐക്യത്തില്‍ നിലനില്‌കുന്ന നമുക്ക്‌ സഭ അവളുടെ ഈ നിക്ഷേപത്തില്‍നിന്നാണ്‌ ദണ്‌ഡവിമോചനം നല്‌കുന്നത്‌.
4. കാലികശിക്ഷ
സഭയുടെ പ്രബോധനമനുസരിച്ച്‌ മനുഷ്യനില്‍ ഉത്ഭവപാപവും കര്‍മപാപവുമുണ്ട്‌. മാമ്മോദീസായില്‍ മനുഷ്യനിലുള്ള എല്ലാ പാപങ്ങളും നീക്കംചെയ്യപ്പെടുന്നു. എന്നാല്‍ തുടര്‍ന്ന്‌ സംഭവിക്കുന്ന മനുഷ്യന്റെ പാപങ്ങള്‍ മോചിക്കുന്ന കൂദാശയാണല്ലോ വി. കുമ്പസാരം. കുമ്പസാരമെന്ന കൂദാശ സ്വീകരിക്കുമ്പോള്‍ നമുക്കുണ്ടാകേണ്ട അടിസ്ഥാന മാനദണ്‌ഡമാണല്ലോ മനാസ്‌താപം. ഉത്തമ മനസ്‌താപത്തോടെവേണം നാം കുമ്പസാരം സ്വീകരിക്കേണ്ടത്‌. എന്നാല്‍ അപൂര്‍ണ മനസ്‌താപമോ അടിമ മനസ്‌താപമോ നമ്മുടെ മാനുഷിക ബലഹീനത മൂലം ഉണ്ടാകാനിടയുണ്ട്‌. അത്‌ നമുക്ക്‌ ലഭിക്കുന്ന കൃപയെ വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ തടസ്സപ്പെടുത്തുന്നു. പ്രസ്‌തുത കൂദാശയാല്‍ പാപവും നിത്യശിക്ഷയും നീക്കം ചെയ്യപ്പെടുന്നങ്കിലും നിശ്ചിത കാലത്തേയ്‌ക്ക്‌ ദൈവീക നീതി അനുശാസിക്കുന്ന ശിക്ഷ അനുഭവിക്കേണ്ടതുണ്ട്‌. അത്‌ ഈ ലോക ജീവിത കാലത്തോ, ശുദ്ധീകരണ (സ്ഥലം) കാലത്തോ നാം അനുഭവിക്കേണ്ടതുണ്ട്‌. ഇത്‌ നിത്യ ശിക്ഷയല്ല (eternal punishment), മറിച്ച്‌ ഒരു നിശ്ചിത കാലയളവിലേയ്‌ക്കുള്ളതാണ്‌.
ഓരോ പാപവും ദൈവിക നിയമത്തിന്റെ ലംഘനം മാത്രമല്ല ദൈവമനുഷ്യ ബന്ധത്തില്‍ മനുഷ്യന്‍ സൃഷ്‌ടിക്കുന്ന ഉലച്ചില്‍ കൂടെയാണ്‌. മനുഷ്യന്‍ നടത്തിയ ലംഘനം ദൈവം അനുരജ്ഞനകൂദാശയില്‍ ക്ഷമിക്കുന്നുവെങ്കിലും അവന്‍ സൃഷ്‌ടിച്ച ആഘാതം നിലനില്‌കുകയാണ്‌. അതാണ്‌ അവനുള്ള കാലികശിക്ഷ. പാപങ്ങളുടെ അനുബന്ധമായി കടന്നവരുന്ന ശിക്ഷയായിവേണം ഇത്‌ മനസിലാക്കാന്‍. “ഓരോ പാപവും- ലഘുവായിട്ടുള്ളതുപോലും – സൃഷ്‌ടികളോടുള്ള അനാരോഗ്യകരമായ ബന്ധം ഉള്‍ക്കൊള്ളുന്നതാണ്‌. ഈ ലോകത്തില്‍വച്ചോ മരണാനന്തരം ശുദ്ധീകരണസ്ഥലം എന്ന്‌ വിളിക്കപ്പെടുന്ന അവസ്ഥയില്‍വച്ചോ അതില്‍നിന്ന്‌ ശുദ്ധീകരിക്കപ്പെടണം. ഈ ശുദ്ധീകരണം പാപത്തിന്റെ കാലിക ശിക്ഷ എന്ന്‌ വിളിക്കപ്പെടുന്ന ശിക്ഷയില്‍നിന്ന്‌ ഒരുവനെ സ്വതന്ത്രനാക്കുന്നു. ഈ രണ്ട്‌ ശിക്ഷകളും (നിത്യശിക്ഷയും കാലികശിക്ഷയും) പാപത്തിന്‌ പുറമേ നിന്ന്‌ വരുന്ന ദൈവത്തിന്റെ ഒരുതരം പ്രതികാരമായി സങ്കല്‌പിക്കരുത്‌. പിന്നെയോ, പാപത്തിന്റെ സ്വഭാവത്തില്‍നിന്ന്‌തന്നെ ഉണ്ടാകുന്നതായി മനസിലാക്കണം. തീക്ഷ്‌ണമായ സ്‌നേഹത്തില്‍ നിന്ന്‌ പുറപ്പെടുന്ന മാനസാന്തരത്തിന്‌ ഒരു ശിക്ഷയും അവസാനിപ്പിക്കാത്തവിധം പാപിയുടെ സമ്പൂര്‍ണമായ ശുദ്ധീകരണം നേടാന്‍ കഴിയും” (CCC 1472).
ഇനി ഒരുദാഹരണത്തിലൂടെ കാലികശിക്ഷയെ നമുക്ക്‌ മനസിലാക്കാം. മദ്യപാനത്തിന്‌ അടിമയായ ഒരുവന്‍ അത്‌ നിര്‍ത്തിയാലും കുറേക്കാലത്തേയ്‌ക്ക്‌ പ്രസ്‌തുത ദൂഷ്യത്തിലേയ്‌ക്കുള്ള ചായ്‌വ്‌ അവനില്‍ പ്രകടമായി നിലകൊള്ളും. അതില്‍ നിന്നുള്ള മോചനത്തിന്‌ ചില ബോധപൂര്‍വമായ ശ്രമങ്ങളും സഹനങ്ങളും അവന്‍ എടുക്കേണ്ടി വരും. കാലികശിക്ഷയെ പാപത്തോടുള്ള മനുഷ്യന്റെ ആസക്തി അഥവ ചായ്‌വ്‌ എന്ന്‌ നാം മനസിലാക്കേണ്ടിവരും. എന്നാല്‍ മധ്യകാലത്തില്‍ നിശ്ചിതകാലയളവില്‍ അവന്‍ സഹിക്കേണ്ടതായ ശിക്ഷയെന്ന്‌ മാത്രമായി ഇതിനെ കണ്ടവരുമുണ്ട്‌. ഏതായാലും, ഈ പാപചായ്‌വ്‌ പാപത്തിന്റെ (ഇവിടെ പ്രസ്‌തുത ദുശ്ശീലത്തിന്റെ) അനുബന്ധമാണ്‌. അത്‌ ദൈവത്തിന്റെ പ്രതികാരമല്ലല്ലോ. ഇതില്‍നിന്ന്‌ മോചനം പ്രാപിക്കുവാന്‍ പരസ്‌നേഹ പ്രവര്‍ത്തനങ്ങളിലൂടെയും പ്രാശ്ചിത്തപ്രവര്‍ത്തികളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും നാം പരിശ്രമിക്കുന്നതിനാല്‍ കാലിക ശിക്ഷയെ ഒരു അനുഗ്രഹമായി കാണണം.

5. പൂര്‍ണദണ്‌ഡവിമോചനവും ഭാഗികദണ്‌ഡവിമോചനവും
പാപംമൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണമായോ ഇളവു ചെയ്യുന്നതിനെ ആശ്രയിച്ച്‌ ദണ്‌ഡവിമോചനം ഭാഗികമോ പൂര്‍ണമോ ആകാം (CCC 1471 ര). കാലികശിക്ഷയെ പൂര്‍ണമായി ഇളച്ചുതരുന്ന ദണ്‌ഡവിമോചനത്തെ പൂര്‍ണദണ്‌ഡവിമോചനമെന്നും, ഭാഗികമായി ഇളച്ചുനല്‌കുന്നതിനെ ഭാഗികദണ്‌ഡവിമോചനമെന്നും വിളിക്കുന്നു. ഭാഗികദണ്‌ഡവിമോചനത്തില്‍ ലഭിക്കുന്ന ഇളവ്‌ ശുദ്ധീകരണസ്ഥലത്തെ ശിക്ഷാകാലാവധിയിലെ ദിവസങ്ങളുടെ ഇളവായികാണുന്നത്‌ ശരിയല്ല.
6. മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കുംവേണ്ടിയുള്ള ദണ്‌ഡവിമോചനം
ഏത്‌ വിശ്വാസിക്കും തനിക്കുവേണ്ടിയോ മരിച്ചവര്‍ക്കുവേണ്ടിയോ ദണ്‌ഡവിമോചനങ്ങള്‍ നേടാവുന്നതാണ്‌. ശുദ്ധീകരണസ്ഥലത്ത്‌ ആയിരിക്കുന്ന ആത്മാക്കള്‍ക്ക്‌ വേണ്ടിയാണ്‌ ദണ്‌ഡവിമോചനം പ്രാപിക്കാന്‍ കഴിയുന്നത്‌. “മരണശേഷം ഇപ്പോള്‍ ശുദ്ധീകരിക്കപ്പെടുന്ന വിശ്വാസികളും പുണ്യവാന്മാരുടെ ഒരേ ഐക്യത്തില്‍ അംഗങ്ങളാണ്‌. അതുകൊണ്ട്‌ അവരെ സഹായിക്കാനുള്ള ഒരു വഴി അവര്‍ക്കുവേണ്ടി ദണ്‌ഡവിമോചനങ്ങള്‍ നേടുകയെന്നതാണ്‌. അങ്ങനെ അവരുടെ കാലിക ശിക്ഷ ഇളവു ചെയ്യപ്പെടും”(CCC 1478).
7. ഇരുപതാം നൂറ്റാണ്ടിലെ പ്രബോധനങ്ങള്‍
ദണ്‌ഡവിമോചനത്തെക്കുറിച്ചു കത്തോലിക്കാസഭ 20 -ാം നൂറ്റാണ്ടില്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രബോധനം പോള്‍ 6 മന്‍ പാപ്പയുടേതാണ്‌. Indulgentiarum Doctrina എന്ന പേരില്‍ 1967 ജനുവരി 1 ന്‌ പാപ്പ പുറത്തിറക്കിയ ഈ രേഖ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണ്‌. മിശിഹായുടെ അനന്തമായ കൃപാ സമ്പത്തും, വിശുദ്ധരുടെ നന്മയിലുള്ള പങ്കുപറ്റലും, സഭയുടെ നിക്ഷേപവുമൊക്കെ ഈ രേഖ പ്രഖ്യാപിക്കുന്നുണ്ട്‌ (4, 5, 7). ദണ്‌ഡവിമോചനത്തിന്റെ അവിവേകപൂര്‍വമായ പ്രയോഗം മൂലം സഭയുടെ ഈ അധികാരത്തിന്റെ താക്കോല്‍ ചിലകാലങ്ങളില്‍ അവഹേളിതമായിട്ടുണ്ടെന്നത്‌ ഈ രേഖ വിസ്‌മരിക്കുന്നില്ല. ദണ്‌ഡവിമോചനമെന്താണെന്നും അത്‌ സ്വീകരിക്കാനുള്ള മാനദണ്‌ഡമെന്താണെന്നും അതിന്റെ വിവിധ മാനങ്ങളെന്താണെന്നും പ്രസ്‌തുത രേഖയുടെ 12 -ാം ഖണ്‌ഡികയിലൂടെ വിവരിക്കുന്നു. CCC യുടെ 1471 മുതല്‍ 1479 വരെയുള്ള നമ്പരുകള്‍ പ്രതിപാദിക്കുന്നത്‌ അവയാണ്‌. അവയുടെ സംക്ഷിപ്‌ത വ്യാഖ്യാനം മേല്‍വിവരിച്ച ഭാഗങ്ങളിലുള്ളതിനാല്‍ കൂടുതല്‍ പരാമര്‍ശിക്കേണ്ടതില്ല.

 

 

(Fr. Kochadampallil M)

 

Golden Jubilee Celebrations
Micro Website Launching Ceremony