9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

The Facts behind the elevation of Kaduthuruthy to Major Archiepiscopal Parish

  • February 24, 2020
കോട്ടയം അതിരൂപതയുടെ
കടുത്തുരുത്തി മേജർ ആർക്കിഎപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രം – ചില വസ്തുതകൾ
പദവി പ്രഖ്യാപനത്തിലേക്ക് നയിച്ച നടപടികൾ
ചരിത്ര പ്രാധാന്യമുള്ള ദൈവാലയങ്ങളെ സീറോ മലബാർ സഭ തീർത്ഥാടന കേന്ദ്രമായി അംഗീകരിക്കുകയും അവയുടെ തീർത്ഥാടക മാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കടുത്തുരുത്തി വലിയ പള്ളിക്ക് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന ദൈവാലയ പദവി നൽകിയത്. 2018 ലെ സിനഡിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ  മേജർ ആർച്ചുബിഷപ്പ്  മേജർ ആർക്കിഎപ്പിസ്‌കോപ്പൽ തീർത്ഥാടന പദവിയിലേക്ക് ഏതെങ്കിലും ദൈവാലയംനിർദ്ദേശിക്കാനുണ്ടെങ്കിൽ  ഇടവക പൊതുയോഗത്തിന്റെ ആഗ്രഹവും തീരുമാനവും അതിരൂപതാദ്ധ്യക്ഷന്റെ ശുപാർശയോടെ അയയ്ക്കണമെന്ന് രൂപതകളോട് ആവശ്യപ്പെട്ടു. 2019 ഏപ്രിൽ മാസം 28-ാം തീയതി കടുത്തുരുത്തി ഇടവക ദൈവാലയത്തിലെ പൊതുയോഗ തീരുമാനം ലഭിച്ചതനുസരിച്ച് അതിരൂപതാ ആലോചന സമിതിയുടെ ശുപാർശയോടെ കടുത്തുരുത്തി ദൈവാലയത്തെ ആയതിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് മേജർ ആർച്ചുബിഷപ്പിന് കത്ത് നൽകുകയുണ്ടായി. 2019 ഓഗസ്റ്റ് മാസത്തിലെ സിനഡ് അത് പരിഗണിച്ചാണ് കടുത്തുരുത്തി പള്ളിക്ക് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടനകേന്ദ്രം എന്ന പദവി നൽകാൻ തീരുമാനമായത്.
മേജർ ആർക്കിഎപ്പിസ്‌കോപ്പൽ തീർത്ഥാടന ദൈവലായമാണെന്ന പ്രഖ്യാപനം വഴി കടുത്തുരുത്തി പള്ളിയെ കോട്ടയം അതിരൂപതയിൽ നിന്ന് വിടുവിച്ച് സീറോ മലബാർ സിനഡിന്റെ കീഴിലാക്കിയിട്ടില്ല. കോട്ടയം അതിരൂപതാ മെത്രാൻ തന്നെയായിരിക്കും തുടർന്നും ഈ പള്ളിയുടെയും അധികാരി. കോട്ടയം അതിരൂപതയിലെ ഇടവക എന്ന നിലയിൽ കടുത്തുരുത്തി പള്ളിയുടെ ഭരണത്തിലോ സ്ഥാനത്തിലോ നിയമപരമായോ കാനോനികമായോ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. കടുത്തുരുത്തി പളളി കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ അധികാര പരിധിയിൽ കോട്ടയം അതിരൂപതയുടെ ഭരണത്തിൻ കീഴിൽ നിലനിൽക്കും. മേജർ ആർക്കിഎപ്പിസ്‌കോപ്പൽ തീർത്ഥാടനകേന്ദ്രമെന്ന പദവിയിലേക്ക് ഉയർത്തപ്പെടുന്ന ദൈവാലയത്തിലെ വികാരിയെ വിളിക്കുന്നത് ‘ആർച്ചു പ്രീസ്റ്റ്’ എന്നാണ്. കടുത്തുരുത്തി പള്ളിയിലെ ഇടവക വികാരിയെ ഭാവിയിലും നിയമിക്കുന്നത് നേരത്തെ ചെയ്തിരുന്നതുപോലെ കോട്ടയം രൂപതാദ്ധ്യക്ഷൻ തന്നെയായിരിക്കും. കടുത്തുരുത്തി ഇടവക പള്ളിയിൽ നിയമിക്കപ്പെടുന്ന വികാരി ആർച്ചു പ്രീസ്റ്റ് എന്നു വിളിക്കപ്പെടുന്നു എന്നതുമാത്രമാണ് പ്രത്യേകത. അങ്ങനെ കടുത്തുരുത്തി പള്ളിയിൽ അതിരൂപതാദ്ധ്യക്ഷൻ നിയമിക്കുന്ന വൈദികൻ ആ പള്ളി വികാരി ആയിരിക്കുന്നിടത്തോളം കാലം ആർച്ചു പ്രീസ്റ്റ് എന്ന് വിളിക്കപ്പെടുമെന്നുള്ള സിനഡിന്റെ തീരുമാനമാണ് മേജർ ആർച്ചുബിഷപ്പ് അറിയിച്ചിരിക്കുന്നത്. മറ്റൊരു വികാരിയെ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത നിയമിക്കുമ്പോൾ ആ വികാരിയായിരിക്കും ആർച്ചു പ്രീസ്റ്റ് ആയി അറിയപ്പെടുക.
ഭരണപരമായ മാറ്റം സംഭവിച്ചോ?
മേജർ ആർച്ചുബിഷപ്പിന് പ്രത്യേകമായി എന്തെങ്കിലും അധികാരങ്ങളോ അവകാശങ്ങളോ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന ദൈവാലയത്തിൽ ലഭിക്കുന്നതായി മാനദണ്ഡങ്ങളിൽ പറയുന്നില്ല. വർഷത്തിലൊരിക്കൽ സന്ദർശിക്കുകയെന്നത് മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല.
മേജർ ആർക്കി എപ്പിസ്‌കോപ്പൽ ചർച്ചിനുള്ള 2018 ജനുവരിയിലെ സിനഡിലെ മാനദണ്ഡങ്ങളല്ലാതെ പ്രത്യേക കരാറുകൾ ഒന്നുമില്ല. അവ,
1) ചരിത്രപരമായ പ്രാധാന്യമുള്ളതും നിരവധി തീർത്ഥാടകർ സന്ദർശിക്കുന്നതും ഇന്നത്തെ സാഹചര്യത്തിൽ പ്രാമുഖ്യമുള്ളകുമായിരിക്കണം പ്രസ്തുത ദൈവാലയങ്ങൾ.
2) ഇതിനുള്ള അപേക്ഷ ഇടവക പൊതുയോഗത്തിന്റെ അംഗീകാരത്തോടെയും രൂപതാദ്ധ്യക്ഷന്റെ ശുപാർശയോടെയും സീറോ മലബാർ മേജർ ആർച്ചുബിഷപ്പിനാണ് സമർപ്പിക്കേണ്ടത്.
3) നിശ്ചിത നടപടികൾ പൂർത്തിയാക്കി പദവി ലഭിക്കുന്ന ദൈവാലയങ്ങൾ അവയുടെ വാർഷിക റിപ്പോർട്ടും ഒരു വർഷത്തെ നേർച്ചവരവിന്റെ 5 ശതമാനം തുകയും മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയായിൽ സമർപ്പിക്കണം.
4) മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രമെന്ന പദവി ലഭിക്കുന്ന ദൈവാലയത്തിന്റെ വികാരി/റെക്ടർക്ക് ‘ആർച്ച് പ്രീസ്റ്റ്’ എന്ന പദവി നൽകുന്നതാണ്.
നേർച്ചവരവ് തുകയുടെ അഞ്ച് ശതമാനം
മേജർ ആർക്കിഎപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രമായി ഉയർത്തുന്നതിനുള്ള നിബന്ധനകളിൽ ഒന്ന് 5 ശതമാനം വരുമാനം സഭാകാര്യാലയത്തിന് നൽകണമെന്നാണ്.  പള്ളിയുടെ മൊത്തം വരുമാനത്തിന്റെ 5 ശതമാനമല്ല പിന്നെയോ പള്ളിയുടെ നേർച്ചവരവ് തുകയുടെ അഞ്ച് ശതമാനം നൽകണമെന്നാണ് സിനഡ് തീരുമാനം. കടുത്തുരുത്തി പള്ളിയുടെ പ്രത്യേക പശ്ചാത്തലത്തിൽ പള്ളിയിൽ നിന്നും അപേക്ഷ നൽകിയതനുസരിച്ച് അതിരൂപതയിൽ നിലവിൽ നൽകുന്ന തിരട്ട് ഫീസിൽ നിന്നും ഈ 5 % അതിരൂപത സീറോ മലബാർ സഭാകാര്യാലയത്തിന് നൽകാമെന്നാണ് തീരുമാനം. ഒരു തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേരുന്ന വിശ്വാസികൾ ജാതിമത ഭേദമന്യേ ഇടവകാംഗങ്ങളല്ലാത്ത ധാരാളം പേരുണ്ടാകും. അവർ കൂടി സംഭാവന നൽകുന്ന തുകയായതിനാൽ ആ പള്ളിയിൽ ലഭിക്കുന്ന അധിക നേർച്ച വരുമാനമായി കണക്കാക്കി അതിന്റെ 5 ശതമാനമാണ് നൽകുന്നത്.
തീർത്ഥാടന ദൈവാലയം അനുവദിച്ചപ്പോൾ നിലവിൽ സിനഡ് നിഷ്‌ക്കർഷിച്ച മാനദണ്ഡങ്ങൾ ഇടവക പരിഗണിക്കുകയും സമ്മതമറിയിക്കുകയും ചെയ്തിരുന്നതുപോലെ തുടർന്നും മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകുവാൻ ആലോചിക്കുന്ന സാഹചര്യമുണ്ടായാൽ സ്വാഭാവികമായും ഇടവകയുടെ തീരുമാനമാണ് പ്രധാനമായി തീരുക.
മീഡിയ കമ്മീഷൻ
കോട്ടയം അതിരൂപത
Golden Jubilee Celebrations
Micro Website Launching Ceremony