The Southists and Traditional Knanaya Songs
തെക്കുംഭാഗരും പുരാതനപ്പാട്ടുകളും
“”സംഗീതം, സാഹിത്യം ആദിയായ കലകളെ ഉപേക്ഷിച്ചവന്‍, കൂടാതെയുള്ളവന്‍ സാക്ഷാല്‍ മൃഗമാണ്: വാലും കൊമ്പുമില്ളെന്നേയുള്ളൂ എന്നാണ് ഭര്‍തൃഹരിയുടെ മതം.”” ഡോ. ജെ. ഉണ്ണിക്കൃഷ്ണപ്പിള്ള “കലയും കലാദര്‍ശനവും’ എന്ന ലേഖനത്തില്‍ രേഖപ്പെടുത്തുന്ന ഈ വാക്യം സംസ്കാരസമ്പന്നരായ ജനതയില്‍ കലാജീവിതത്തിനുള്ള സ്ഥാനം വ്യക്തമാക്കുന്നു. ഉന്നതമായ കലാപാരമ്പര്യം സാംസ്കാരിക വളര്‍ച്ചയുടെ അളവുകോലായി പരിഗണിക്കാമെന്നും ഇത് ധ്വനിപ്പിക്കുന്നുണ്ട്. വാചികപാരമ്പര്യങ്ങള്‍, ആചാരങ്ങള്‍, ചടങ്ങുകള്‍, പാട്ടുകള്‍, രംഗകലകള്‍, തുടങ്ങിയവയാല്‍ സമ്പന്നമായ ക്നാനായസമുദായം അഥവാ തെക്കുംഭാഗ സുറിയാനി ക്രിസ്ത്യാനിസമുദായം ഈയര്‍ത്ഥത്തില്‍ ഉയര്‍ന്ന സാംസ്കാരികനിലവാരം പുലര്‍ത്തുന്നു. ഈ സമുദായം കാലാകാലങ്ങളായി ജന്‍മവും ജീവനും നല്കി, മജ്ജയും മാംസവും നല്കി പാലിക്കുന്ന ചടങ്ങുകളും പാട്ടുകളും രംഗകലകളുമൊക്കെ ഇതരസമുദായക്കാരിലും മോഹം ജനിപ്പിക്കുന്നുണ്ട്. അതിന്‍്റെ ഭാഗമായി ഇവയൊക്കെ അവര്‍ അനുകരിക്കുന്നതും ദൃശ്യമാധ്യമങ്ങളില്‍ അവതരിപ്പിക്കുന്നതുമായ പ്രവണത ഇന്ന് ഏറിവരുകയാണ്. ഈ പ്രവണതയോടു ക്നാനായസമുദായത്തിനുവേണ്ടിയുള്ള കോട്ടയം അതിരൂപതയും സാമുദായിക സംഘടനകളും എന്ത് നിലപാട് സ്വീകരിക്കണം, എങ്ങനെ പ്രതികരിക്കണം തുടങ്ങിയ വിഷയങ്ങള്‍ സജീവമായി നില്ക്കുന്നു. ഈ ലേഖനത്തിന്‍്റെ പ്രസിദ്ധീകരണ പശ്ചാത്തലം ഇതാണ്.
എല്ലാ സംസ്കാരങ്ങളും നൈരന്തര്യത്തോടെ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു എന്നത് ലോകസംസ്കാരചരിത്രത്തില്‍നിന്ന് നാം മനസ്സിലാക്കുന്നു. ഇത്തരം മാറ്റങ്ങളുടെ പ്രധാന കാരണം സംസ്കാരങ്ങള്‍ തമ്മിലുള്ള ആദാന-പ്രദാനങ്ങള്‍ (ഴശ്ല മിറ മേസല) ആണ്. തങ്ങള്‍ക്ക് സ്വീകാര്യമായതിനെ ഇതര സംസ്കാരങ്ങളില്‍നിന്ന് സ്വീകരിച്ച് തങ്ങളുടേതാക്കി മാറ്റുന്ന ശൈലി പൊതുവെ കാണപ്പെടുന്നു. ക്നാനായസമുദായവും ഈ പൊതുശൈലിക്ക് അതീതമല്ല. ഇക്കഴിഞ്ഞ പതിനാറര നൂറ്റാണ്ടുകളില്‍ കേരളത്തിലും അതിനുമുമ്പു പേര്‍ഷ്യയിലും അനവധി സാംസ്കാരിക അനുരൂപണങ്ങള്‍ക്ക് വിധേയപ്പെട്ടവരാണ് ക്നാനായക്കാര്‍. അവര്‍ യഹൂദ, ക്രൈസ്തവ, ഹൈന്ദവമതങ്ങളിലെയും പേര്‍ഷ്യന്‍, ഭാരത, പാശ്ചാത്യസംസ്കാരങ്ങളിലെയും അനുകരണാര്‍ഹമായവയെന്ന് തങ്ങള്‍ വിശ്വസിച്ചവയെ സ്വായത്തമാക്കിയിട്ടുണ്ട്, കാലപ്രയാണത്തില്‍ അപ്രസക്തമെന്ന് ബോധ്യമായവയെ ഒഴിവാക്കിയിട്ടുമുണ്ട്. പല ക്നാനായചടങ്ങുകള്‍ക്കും യഹൂദ, ക്രൈസ്തവ, ഹൈന്ദവ, പേര്‍ഷ്യന്‍, ഭാരത, പാശ്ചാത്യ വാര്‍പ്പുരൂപങ്ങള്‍ (ാീൗഹറ)െ കണ്ടത്തൊനാകും. താലി, മോതിരം, പുടവ, വിളക്കുകള്‍, കേക്ക്, മൈലാഞ്ചി തുടങ്ങിയവയിലെല്ലാം ഈ വാര്‍പ്പുരൂപങ്ങള്‍ നാം കാണുന്നു. കൊള്ളല്‍-കൊടുക്കലുകളുടെ ആകത്തെുകതന്നെയായ ക്നാനായസംസ്കാരത്തിന് തങ്ങളുടെ പാരമ്പര്യങ്ങളും ചടങ്ങുകളും ഇതര സമുദായങ്ങള്‍ അനുകരിക്കുന്നത് തെറ്റായി കാണാനോ ആക്ഷേപം പറയുന്നതിനോ, ആകയാല്‍, സാധ്യമല്ല. പക്ഷേ, ഇതര സംസ്കാരങ്ങളില്‍നിന്ന് ആദാനം ചെയ്തവയുടെ പേരില്‍ അവയെ പ്രദാനം ചെയ്ത സംസ്കാരങ്ങളെയും ജനതകളെയും ക്നാനായസമുദായം അംഗീകരിച്ച് ഏറ്റുപറയുകയും ആ സംസ്കാരങ്ങളോടുള്ള കടപ്പാട് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, പ്ളേജറിസം വലിയ തെറ്റായി കരുതുന്ന ആധുനികയുഗത്തില്‍ത്തന്നെ ക്നാനായപാരമ്പര്യങ്ങളും ചടങ്ങുകളും അനുകരിക്കുന്നവര്‍ ഇപ്രകാരം ചെയ്യുന്നില്ല എന്നത് ക്നാനായസമുദായത്തെ ആകമാനം ദു$ഖിപ്പിക്കുന്നു, ചില സമുദാംയാംഗങ്ങളിലെങ്കിലും അമര്‍ഷം ജനിപ്പിക്കുന്നു. ആയതിനാല്‍ ക്നാനായപാരമ്പര്യങ്ങളും ചടങ്ങുകളും പാട്ടുകളും തങ്ങളുടേത് എന്ന നാട്യത്തില്‍ അവതരിപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ചില വസ്തുതകള്‍ ഒരു പരമ്പരയായി പ്രസിദ്ധീകരിക്കുന്നു.
പാരമ്പര്യങ്ങള്‍, ആചാരങ്ങള്‍, ചടങ്ങുകള്‍, രംഗകലകള്‍, പുരാതനപ്പാട്ടുകള്‍ തുടങ്ങിയവ വ്യത്യസ്തങ്ങളെങ്കിലും പരസ്പരം ബന്ധിതങ്ങളും പൂരകങ്ങളുമാണ്. അവയില്‍തന്നെ പുരാതനപ്പാട്ടുകള്‍ക്ക് സവിശേഷമായ ഒരു സ്ഥാനമുണ്ട്. പല വാചികപാരമ്പര്യങ്ങളും നമ്മിലേക്ക് കൈമാറിയത്തെുന്നത് പാട്ടുകളിലൂടെയാണ്. ഉദാഹരണത്തിന് ക്നാനായകുടിയേറ്റ സംഘം, അവരുടെ യാത്ര, അവര്‍ക്ക് ലഭിച്ച സ്വീകരണം തുടങ്ങിയവയെപ്പറ്റിയുള്ള അറിവ് നമുക്ക് ലഭിക്കുന്നത് ചരിത്രബന്ധിയായ പുരാതനപ്പാട്ടുകളില്‍നിന്നാണ്. ക്നാനായ ആചാരങ്ങളെക്കുറിച്ചും അവയുടെ ആധാരങ്ങളെക്കുറിച്ചും ഈ പാട്ടുകളില്‍ സൂചനയുമുണ്ട്. ഉദാഹരണത്തിന്,
മക്കളെ കാണുമോ ഹിന്തുവില്‍ പോയാലും
ബന്ധങ്ങള്‍ വേര്‍വിടാതോര്‍ക്കേണമെപ്പോഴും
പത്തുമൊരേഴുമങ്ങെപ്പോഴും ചിന്തിപ്പിന്‍
പാടുമറിയാതിരിക്കണം നിങ്ങളും” എന്ന ‘ഇന്നു നീ ഞങ്ങളെ കൈവിട്ടോ മാറാനേ’ എന്ന പാട്ടിലെ വരികളില്‍ ക്നാനായ സ്വവംശവിവാഹനിഷ്ഠയുടെ അരുളും പൊരുളും നമ്മള്‍ കണ്ടത്തെുന്നു. പ്രധാനപ്പെട്ട ക്നാനായ ചടങ്ങുകള്‍ക്കെല്ലാം തന്നെ അവയോട് ബന്ധപ്പെട്ട പാട്ടുകളുമുണ്ട്. ഉദാഹരണത്തിന്, മൈലാഞ്ചിപ്പാട്ട്, എണ്ണപ്പാട്ട്, കുളിപ്പാട്ട്, അടച്ചുതുറപ്പാട്ട്, അന്തംചാര്‍ത്ത് പാട്ട് മുതലായവ ബന്ധപ്പെട്ട ചടങ്ങുകളുടെ സമയത്ത് ആലപിക്കാനുള്ളതാണ്. മാര്‍ഗംകളി, വട്ടക്കളി തുടങ്ങിയ രംഗകലകളോട് ബന്ധപ്പെട്ട പാട്ടുകളും പുരാതനപ്പാട്ട് സഞ്ചയത്തിലുണ്ട്. ഇക്കാരണങ്ങളാല്‍ തെക്കുംഭാഗസുറിയാനിക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകളും അവയുടെ തെക്കുംഭാഗകര്‍തൃത്വവുമാണ് ഈ ലേഖനപരമ്പരയില്‍ ഒന്നാമതായി പ്രതിപാദിക്കുന്നത്.
തെക്കുംഭാഗസുറിയാനി ക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകള്‍
തെക്കുംഭാഗസുറിയാനി ക്രിസ്ത്യാനികള്‍ കേരളസഭയുടെയും കേരളസമൂഹത്തിന്‍്റെയും സാഹിത്യ, സാംസ്കാരിക മണ്ഡലത്തിന് നല്കിയ പ്രധാനപ്പെട്ട സംഭാവനയാണ് പുരാതനപ്പാട്ടുകള്‍. വിനോദം ജനിപ്പിക്കുന്നതിലൂടെയും കൂട്ടായ്മാരൂപീകരണത്തിലൂടെയും അറിവിന്‍്റെ വിതരണത്തിലൂടെയും പാട്ടുകള്‍ അവരുടെ അസ്തിത്വനിര്‍മിതിയുടെ ഭാഗമായിത്തീരുന്നു. തെക്കുംഭാഗസുറിയാനിക്രിസ്ത്യാനികളെ സംബന്ധിച്ച്, തെക്കുംഭാഗമെന്ന സാമുദായിക അസ്തിത്വവും സുറിയാനിക്കാരെന്ന ദേശീയവും ഭാഷാപരവും ആരാധനക്രമപരവുമായ അസ്തിത്വവും ക്രിസ്ത്യാനികളെന്ന വിശ്വാസപരമായ അസ്തിത്വവും യഹൂദരെന്ന വംശീയ അസ്തിത്വവും രൂപപ്പെടുന്നതും വളരുന്നതും തുടര്‍തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും ഈ പാട്ടുകളിലുടെയാണ്. അതിനാല്‍ ഈ പാട്ടുകളോട് വൈകാരികമായ ഒരടുപ്പം ഇവര്‍ എന്നും കാത്തുസൂക്ഷിക്കുന്നു. എല്ലാ പാട്ടുകളും സമുദായാംഗങ്ങള്‍ക്ക് കാണാതെ അറിയാമായിരുന്നു. അതിനാല്‍ വരമൊഴി ഒരാവശ്യമായി പഴയ തലമുറയ്ക്ക് തോന്നിയിരുന്നില്ല. എന്നാല്‍ പാശ്ചാത്യമിഷണറിമാരും മറ്റും ഭാരതത്തിലത്തെി ഗതകാലചരിത്രത്തിന് തെളിവുകള്‍ അന്വേഷിച്ചപ്പോള്‍ ലിഖിതരേഖകളുടെ അഭാവത്തില്‍ അവര്‍ എത്തിനിന്നത് പുരാതനപ്പാട്ടുകളിലും മറ്റുമാണ്.
തെക്കുംഭാഗപുരാതനപ്പാട്ടുകളുടെ ക്നാനായേതര പഠനചരിത്രം
ചരിത്രനിര്‍മിതിയില്‍ പുരാതനപ്പാട്ടുകളുടെ പ്രയോജനത്തെക്കുറിച്ചുള്ള ബോധ്യമാണ് അവയെ പഠനവിധേയമാക്കാന്‍ പാശ്ചാത്യമിഷണറിമാരെയും ഇതരരെയും പ്രേരിപ്പിച്ചിട്ടുള്ളത്. അവയുടെ രചനാകാലം കൃത്യമായി നിര്‍ണയിക്കാനായിട്ടില്ളെങ്കിലും അവയെ ആധാരമാക്കിയുള്ള പഠനത്തിനും അവയെക്കുറിച്ചുള്ള പഠനത്തിനും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ആദ്യകാല യൂറോപ്യന്‍ ചരിത്രകാരന്‍മാര്‍ ഭാരതത്തിലെ ക്രൈസ്തവസഭയെക്കുറിച്ചുള്ള വിവരണത്തിന് അടിസ്ഥാനമായി പ്രധാനമായും സ്വീകരിച്ചത് പുരാതനപ്പാട്ടുകളും വായ്മൊഴി പാരമ്പര്യവുമായിരുന്നു. ഫാ. അല്‍വാരോ പെന്തെയാദോയുടെ 1516-ലെ വിവരണം മുതല്‍ ഫാ. ഫ്രന്‍ചേസ്കോ ഡയനീസിയോ എസ്.ജെ., ഫാ. അന്തോണിയോ മൊണ്‍സെറാത്തെ എസ്.ജെ., ഫാ. അന്തോണിയോ ഗുവെയ, മാര്‍ ഫ്രന്‍ചേസ്കോ റോസ് എസ്.ജെ., ഫാ. ജോണ്‍ കാംപോറി എസ്.ജെ., ദിയേഗൊ ദൊ കൂത്തോ, ഫാ. പൗളോ ദ ത്രിനിദാദ് ഒ.എഫ്.എം., ഫാ. ജുസേപ്പെ സെബസ്ത്യാനി ഒ.സി.ഡി., ഫാ. വിന്‍ചേന്‍സൊ മരിയ ഒ.സി.ഡി. തുടങ്ങിയവരുടെയെല്ലാം കേരള ക്രൈസ്തവസഭയെക്കുറിച്ചുള്ള വിവരണത്തിന്‍്റെ സ്രോതസ്സ് മുഖ്യമായും പുരാതനപ്പാട്ടുകള്‍കൂടി ഉള്‍പ്പെട്ട വായ്മൊഴി പാരമ്പര്യമായിരുന്നു. കൊച്ചിയിലെ ഈശോസഭാസെമിനാരിയുടെ റെക്ടര്‍ ആയിരുന്ന ഫാ. ഫ്രന്‍ചേസ്കോ ഡയനീസിയോ എസ്.ജെ. 1578 ജനുവരി 4-ന് റോമിലെ ഈശോസഭാ സുപ്പീരിയര്‍ ജനറലിന് അയച്ച റിപ്പോര്‍ട്ടിലും പുരാതനപ്പാട്ടുകള്‍ വിവരണത്തിന്‍്റെ ഉറവിടമായിരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
മലയാളഭാഷയുടെ പുഷ്ടിക്ക് ഏറെ സംഭാവനകള്‍ നല്കിയ ഫാ. ഏര്‍ണസ്റ്റ് ഹാംഗ്സ്ലേഡന്‍ (അര്‍ണോസ് പാതിരി 1781-1832) രണ്ടുമാസത്തോളം തെക്കുംഭാഗരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയില്‍ താമസിച്ചതായും അവിടെയുണ്ടായിരുന്ന സുറിയാനിക്രിസ്ത്യാനികളായ സ്ത്രീകളെക്കൊണ്ട് പുരാതനപ്പാട്ടുകള്‍ പാടിച്ചു കേട്ടിരുന്നതായും അവ പകര്‍ത്തിയിരുന്നതായും ഫാ. മാത്യു ചെറുശ്ശേരില്‍ എഴുതിയ കടുത്തുരുത്തി വലിയപള്ളി: ക്നാനായക്കാരുടെ മാതൃദേവാലയം എന്ന പുസ്തകം 103-104 പുറങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഫാ. ഫെറോളി എസ്.ജെ.യുടെ ഈശോസഭക്കാര്‍ കേരളത്തില്‍ എന്ന പുസ്തകത്തില്‍ അര്‍ണോസ് പാതിരിയുടെ ജീവചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍്റെ രണ്ടാം വാല്യത്തില്‍ വിവിധ സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നവയുടെ കൂട്ടത്തില്‍, കടുത്തുരുത്തി സന്ദര്‍ശനം സൂചിപ്പിച്ചുകൊണ്ട് ജര്‍മനിയിലെ സുഹൃത്തിന് അര്‍ണോസ് പാതിരി അയച്ച എഴുത്തും ഉദ്ധരിക്കുന്നുണ്ട് (പുറങ്ങള്‍ 315-332). പുരാതനപ്പാട്ട് പഠനത്തില്‍ അര്‍ണോസ് പാതിരി ഏര്‍പ്പെട്ടിരുന്നു എന്ന കേവല അറിവിനപ്പുറം അദ്ദേഹത്തിന്‍്റെ സാഹിത്യതപസ്യയുടെയും ഭാഷാവിചിന്തനത്തിന്‍്റെയും അടിസ്ഥാനമായി പുരാതനപ്പാട്ടുകള്‍ മാറിയിട്ടുണ്ടെന്നതും നമ്മുടെ സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. പുത്തന്‍പാനയടക്കമുള്ള കൃതികളുടെ രചനയില്‍ പുരാതനപ്പാട്ടുകളുടെ ശൈലിയും ഭാഷയും സാഹിത്യഗുണങ്ങളും സ്വാധീനം ചെലുത്തിയിരിക്കണം. തെക്കുംഭാഗരുടെ വീടുകളിലും പള്ളികളിലും പുത്തന്‍പാന ആലപിക്കുന്ന രീതി പ്രചുരപ്രചാരത്തിലാകാന്‍ ഈ ബന്ധവും സഹായിച്ചിരിക്കണം.
മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ സ്വത്വവീണ്ടെടുപ്പ് ചരിത്രത്തിലെ നിസ്തുല പ്രഭാവനായ നേതാവ് നിധീരിക്കല്‍ മാണിക്കത്തനാര്‍ തെക്കുംഭാഗരുടെ കോട്ടയം ഇടയ്ക്കാട്ട് പള്ളിയില്‍ ചെന്ന് ആ പ്രദേശങ്ങളിലെ പല പഴയ ഗ്രനഥങ്ങള്‍ വരുത്തി പുരാതന പാട്ടുകള്‍ പരിശോധിക്കുകയും പഴയ പാട്ടുകള്‍ പാടിക്കേള്‍ക്കുകയും നോട്ടുകള്‍ കുറിച്ചെടുക്കുകയും പാട്ടുകളുടെ ഉള്ളടക്കം വിസ്തരിച്ചു പറയുകയും കോട്ടയം സി.എം.എസ്. കോളേജില്‍വച്ചു ഇതു സംബന്ധിച്ച് ചെയ്ത പ്രസംഗത്തില്‍ ഈ പാട്ടുകളില്‍ പലതും ഉദാഹരിക്കുകയും ചെയ്ത ചരിത്രവും പുരാതനപ്പാട്ടുകളുടെ മുഖവുരയില്‍ പറയുന്നുണ്ട്.
കുറവിലങ്ങാട്ടുകാരനും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രഗല്ഭ സാമ്പത്തികശാസ്ത്രവിദഗ്ധനുമായ ഡോ. പി.ജെ. തോമസ് ക്രിസ്ത്യാനികളുടെ പദ്യ, ഗദ്യ, ആഢ്യസാഹിത്യ പരിശ്രമങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ വ്യക്തമാക്കാന്‍ രചിച്ച് 1935-ല്‍ അതിരമ്പുഴ പ്രസ്സില്‍നിന്ന് പ്രസിദ്ധം ചെയ്ത കേരളത്തിലെ ക്രിസ്തീയസാഹിത്യം എന്ന കൃതിയില്‍ നാടോടിപ്പാട്ടു രൂപത്തിലുള്ള പുരാതനപ്പാട്ടുകള്‍ക്കും ഗണ്യമായ ഒരു സ്ഥാനം നല്കുന്നുണ്ട്. ഈ പാട്ടുകള്‍ക്ക് ആധാരമായി അദ്ദേഹം സ്വീകരിച്ചത് തെക്കുംഭാഗരുടെ പുരാതനപ്പാട്ടുകള്‍ സമാഹരിച്ച് പി.യു. (പുത്തന്‍പുരയ്ക്കല്‍ ഉതുപ്പ്) ലൂക്കാസ് പ്രസിദ്ധീകരിച്ച കൃതിയാണ്. രണ്ടും മൂന്നും അധ്യായങ്ങളിലായി 34 പേജുകള്‍ നസ്രാണികളുടെ കല്യാണപ്പാട്ടുകളെക്കുറിച്ചും മറ്റു പുരാതനപദ്യകൃതികളെക്കുറിച്ചുമുള്ള വിവരണത്തിന് പി.ജെ. തോമസ് മാറ്റിവയ്ക്കുന്നുണ്ട്. മലയാളസാഹിത്യവും ക്രിസ്ത്യാനികളും എന്ന പേരില്‍ 1961-ല്‍ ഈ കൃതിയുടെ അടിമുടി പരിഷ്കരിച്ച രൂപവും പ്രസിദ്ധീകൃതമായിട്ടുണ്ട്. പുരാതനപ്പാട്ടുകള്‍ പൊതുസാഹിത്യചരിത്രമണ്ഡലത്തില്‍ അറിയപ്പെടുന്നതിന്, വിശിഷ്യ, ഉള്ളൂര്‍, ചുമ്മാര്‍, കെ.എം. ജോര്‍ജ്, കൃഷ്ണപ്പിള്ള, ലീലാവതി, പന്മന, എരുമേലി തുടങ്ങിയവരുടെ സാഹിത്യചരിത്രങ്ങളിലും സാമാന്യമായ പരാമര്‍ശങ്ങള്‍ പുരാതനപ്പാട്ടുകള്‍ സംബന്ധമായി കാണുന്നതിന്, പി.ജെ. തോമസിന്‍്റെ കൃതി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പൊതുസമൂഹത്തിലെ പി.ജെ. തോമസിന്‍്റെ സ്വീകാര്യതവഴി ഈ പാട്ടുകള്‍ സുറിയാനിക്രിസ്ത്യാനികളുടെ പാട്ടുകള്‍ എന്ന രീതിയിലോ, കുറച്ചുകൂടി വ്യാപകാര്‍ത്ഥത്തില്‍ ക്രിസ്ത്യാനികളുടെ പാട്ടുകള്‍ എന്ന രീതിയിലോ, ആണ് ഈ കൃതികളില്‍ മുഖ്യമായും പരാമര്‍ശിക്കുന്നത്.
പുരാതനപ്പാട്ടുകളുടെ തെക്കുംഭാഗ സമാഹരണചരിത്രം: താളിയോലഗ്രനഥങ്ങള്‍
വായ്മൊഴിയായി പകര്‍ന്നിരുന്ന ഈ പാട്ടുകള്‍ ഭാവിയില്‍ നഷ്ടപ്പെട്ടുപോയേക്കാം എന്ന തോന്നല്‍ ശക്തമായ കാലഘട്ടത്തിലായിരിക്കണം പുരാതനപ്പാട്ടുകളുടെ എഴുത്തും സമാഹരണവും പകര്‍ത്തിയെഴുത്തും നടക്കുന്നത്. ഇതിന്‍്റെ ഭാഗമായാണ് ആദ്യം താളിയോലയിലേക്കും തുടര്‍ന്ന് അച്ചടിയിലേക്കും പുരാതനപ്പാട്ടുകളെ തെക്കുംഭാഗര്‍ പകര്‍ത്തുന്നത്. സുറിയാനിക്രിസ്ത്യാനികളുടെ പുരാതനപ്പാട്ട് സംബന്ധമായി ഇതുവരെ അറിയപ്പെട്ടിട്ടുള്ളത് നാലു താളിയോലഗ്രനഥങ്ങളാണ്. അവയില്‍ മൂന്നു ഗ്രനഥങ്ങള്‍ എം.ഫില്‍., പി.എച്ച്.ഡി. ഗവേഷണാവശ്യങ്ങള്‍ക്ക് ബഹു. ജേക്കബ് കൊല്ലാപറമ്പിലച്ചന്‍ ബൈജു മുകളേലച്ചനെ ഭരമേല്പിച്ചവയാണ്. ഇവ ഗവേഷണത്തിന്‍്റെ ഭാഗമായി കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംപസിലുള്ള ഓറിയന്‍്റല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ ലോണ്‍ വ്യവസ്ഥയില്‍ ഏല്പിച്ചിരിക്കുകയാണ്. ഈ ഗ്രനഥങ്ങളില്‍ ഒന്നാമത്തേതിന് 127 ഓലകളും 24.5 സെന്‍്റീമീറ്റര്‍ നീളവും 3.5 സെന്‍്റീമീറ്റര്‍ വീതിയും, രണ്ടാമത്തേതിന് 157 ഓലകളും 30 സെന്‍്റീമീറ്റര്‍ നീളവും 4 സെന്‍്റീമീറ്റര്‍ വീതിയും, മൂന്നാമത്തേതിന് 142 ഓലകളും 25 സെന്‍്റീമീറ്റര്‍ നീളവും 4 സെന്‍്റീമീറ്റര്‍ വീതിയുമാണുള്ളത്. മൊത്തം 426 ഓലകളും ഓരോ ഓലയിലും ശരാശരി 7 വരികളും ഓരോ വരികളിലും ശരാശരി 32 അക്ഷരങ്ങളുമാണുള്ളത്. അമേരിക്കയില്‍ ഒരു ക്നാനായ യാക്കോബായ കുടുംബത്തിന്‍്റെ കൈവശമാണ് മറ്റൊരു താളിയോലഗ്രനഥമുള്ളത്.
പുരാതനപ്പാട്ടുപുസ്തകത്തിന്‍്റെ മുഖവുരയില്‍, “കുമരകത്തു വട്ടക്കളത്തില്‍ ബഹു. മത്തായിക്കത്തനാര്‍ ബി.ഡി. അവര്‍കളുടെ വളരെക്കാലത്തെ നിരന്തരപരിശ്രമം നിമിത്തം പല സ്ഥലങ്ങളില്‍നിന്നുമായി അനേകം പുരാതനഗ്രനഥങ്ങള്‍ വരുത്തുന്നതിന് ഇടയായതിനെക്കുറിച്ചും “ആ ഗ്രനഥങ്ങളിലേക്ക് പിഴ കുറഞ്ഞതും ഏകദേശം 200 വര്‍ഷത്തില്‍ കുറയാതെ പഴക്കമുണ്ടെന്ന് ഗണിക്കപ്പെടുന്നതുമായ ഒരു ഗ്രനഥത്തെ സ്വീകരിച്ച് പ്രസ്തുത പുസ്തകം തയ്യാറാക്കിയതിനെക്കുറിച്ചും പി.യു. ലൂക്കാസ് സൂചിപ്പിക്കുന്നുണ്ട്. (കാര്യവട്ടത്തുള്ള മൂന്ന് ഗ്രനഥങ്ങളില്‍ ഒന്ന് പ്രസ്തുത അടിസ്ഥാനതാളിയോലഗ്രനഥമാണ്.) ഇന്നേയ്ക്ക് കുറഞ്ഞത് 300 വര്‍ഷംമുമ്പു മുതലെങ്കിലും പുരാതനപ്പാട്ടുകള്‍ സമാഹരിച്ച് താളിയോലകളില്‍ പകര്‍ത്തി ഗ്രനഥങ്ങളാക്കി സൂക്ഷിച്ചിരുന്നെന്ന വസ്തുതയിലേക്കാണിത് വെളിച്ചം വീശുന്നത്. താളിയോലകളില്‍ രേഖപ്പെടുത്തിയ പുരാതനപ്പാട്ടുകളെക്കുറിച്ചുള്ള പഠനം ഈ പാട്ടുകള്‍ രചിച്ചതും പകര്‍ത്തിയെഴുതിയതുമായ കാലഘട്ടം, ഭാഷ, ചരിത്രം, സംസ്കാരഭൂമിക, മലയാള ഭാഷാപുരോഗതിയില്‍ ഈ പാട്ടുകളുടെ സ്ഥാനം തുടങ്ങിയവയെക്കുറിച്ചും മതപരമായ വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയുംകുറിച്ചുമുള്ള വിലപ്പെട്ട അറിവുകളും ദര്‍ശനങ്ങളും പകര്‍ന്നു നല്കുന്നു.
തെക്കുംഭാഗപുരാതനപ്പാട്ടുകളുടെ അച്ചടിപ്പകര്‍പ്പുകള്‍
എഴുത്ത് പ്രതലം താളിയോലയില്‍നിന്ന് പേപ്പറിലേക്കും എഴുത്ത് നാരായത്തില്‍നിന്ന് അച്ചടിയിലേക്കും കാലക്രമത്തില്‍ മാറി. അതോടെ പുരാതനപ്പാട്ടുകളെയും പുസ്തകരൂപത്തിലേക്ക് മാറ്റാന്‍ തെക്കുംഭാഗര്‍ ശ്രദ്ധിച്ചു. മലയാളത്തെ സുറിയാനിക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകളെന്ന പേരില്‍ പി.യു. ലൂക്കാസ് സമ്പാദകനായി കോട്ടയം മനോരമ അച്ചുകൂടത്തില്‍നിന്ന് 1910-ല്‍ ഈ പാട്ടുകള്‍ പുസ്തകരൂപത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. ഇടയ്ക്കാട്ട് പള്ളി ഇടവകാംഗവും മലയാളമനോരമയില്‍ ജോലിക്കാരനുമായിരുന്നു പി.യു. ലൂക്കാസ്. കുമരകം സ്വദേശിയും ചങ്ങനാശ്ശേരി വികാരിയാത്തില്‍ മാക്കീല്‍ പിതാവിന്‍്റെ വലംകൈയ്യായി പ്രവര്‍ത്തിച്ചയാളും തെക്കുംഭാഗരുടെ കോട്ടയത്തെ ഫൊറോനാപ്പള്ളിയായ ഇടയ്ക്കാട്ട് പള്ളി വികാരിയും കോട്ടയം വികാരിയാത്തിന്‍്റെ പ്രഥമ ആസ്ഥാനമായിരുന്ന ഇന്ന് ബി.സി.എം. കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിയ ക്രാന്തദര്‍ശിയും കോട്ടയം വികാരിയാത്തിന്‍്റെ രണ്ടാമത്തെ വികാരി അപ്പസ്തോലിക്കാ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മൂന്ന് വ്യക്തികളില്‍ ഒരാളുമായിരുന്ന ബഹു. വട്ടക്കളത്തിലച്ചന്‍്റെ പരിശ്രമങ്ങളും ഇത്തരുണത്തില്‍ വിശേഷശ്രദ്ധ അര്‍ഹിക്കുന്നു.
ബഹു. വട്ടക്കളത്തിലച്ചന്‍്റെ അശ്രാന്തപരിശ്രമവും പ്രോത്സാഹനവും നിമിത്തമാണ് പുരാതനപ്പാട്ടുകള്‍ അച്ചടിച്ച് പുറത്തുവരുന്നത്. പുരാതനപ്പാട്ടിന്‍്റെ താളിയോലഗ്രനഥങ്ങള്‍ ശേഖരിച്ച് പഠിച്ചതും അവ പി. യു. ലൂക്കാസിനെ ഏല്പിച്ച് പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചതും വട്ടക്കളത്തിലച്ചനാണ്. ഈ കൃതിയുടെ വൈദികാനുമതി – വിശ്വാസത്തിനോ സന്‍മാര്‍ഗത്തിനോ വിരുദ്ധമായതൊന്നും പ്രസ്തുത ഗ്രനഥത്തിലില്ളെന്ന വൈദികമേലദ്ധ്യക്ഷന്‍്റെ സാക്ഷ്യപത്രം – പരിശോധന നടത്താന്‍ മാര്‍ മാത്യു മാക്കീല്‍ മെത്രാന്‍ വട്ടക്കളത്തിലച്ചനെയാണ് ചുമതലയേല്പിച്ചത്. മാര്‍ മാക്കീല്‍ തെക്കുംഭാഗനും ചങ്ങനാശേരി വികാരി അപ്പസ്തോലിക്കയുമായിരുന്നു. പരിശോധന പൂര്‍ത്തിയാക്കി വൈദികാനുമതി അഭ്യര്‍ത്ഥിച്ച 1908 മാര്‍ച്ച് 25-ാം തീയതിയുടെ തൊട്ടു പിറ്റേദിവസം തന്നെ അനുമതി ലഭിച്ചു. ഈ അനുമതി വട്ടക്കളത്തിലച്ചന്‍്റെ ഇക്കാര്യത്തിലുള്ള താത്പര്യത്തിന്‍്റെയും കഴിവിന്‍്റെയും ഉത്തമനിദര്‍ശനങ്ങളാണ്. ഈയര്‍ത്ഥത്തില്‍ മലയാളത്തെ സുറിയാനി ക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകളുടെ പേരു വയ്ക്കാത്ത സമ്പാദകനും എഡിറ്ററും പ്രസാധകനുമെല്ലാം വട്ടക്കളത്തിലച്ചനാണ്.
നാടോടിപ്പാട്ടുകളുടെ മലയാളത്തിലെ പ്രഥമ സമാഹരണവും പ്രസിദ്ധീകരണവുമാണ് പുരാതനപ്പാട്ടുകള്‍ എന്നത് വട്ടക്കളത്തിലച്ചന്‍്റെയും പി.യു. ലൂക്കാസിന്‍്റെയും അത്യദ്ധ്വാനത്തിന് സാഹിത്യചരിത്രപരമായ പ്രസക്തിയും നല്കുന്നുണ്ട്. പൗലീനോസ് പാതിരി (അദാജ മലബാറിക്ക-1791), ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് (പയ്യന്നൂര്‍ പട്ടോല), ചാള്‍സ് ഗ്രോവര്‍ (തെന്നിന്ത്യയിലെ നാടോടിപ്പാട്ടുകള്‍-1871), പേഴ്സി മാക്വിന്‍ തുടങ്ങിയ വിദേശികളുടെ ശ്രമങ്ങള്‍ ശ്രദ്ധേയങ്ങളാണ്. അവയോടൊപ്പം ഉയര്‍ന്നുനില്ക്കുന്നതാണ് നാടോടിപ്പാട്ടുകളുടെ കേരളത്തിലെ പ്രഥമ സമാഹരണവും പ്രസിദ്ധീകരണവുമായ പുരാതനപ്പാട്ടുകള്‍. ക്രിസ്ത്യാനികളുടെ നാടോടിപ്പാട്ടുകളെക്കുറിച്ച് രേഖപ്പെടുത്തുന്നിടത്തല്ലാതെ, കേരളത്തിലെ സ്വദേശീയ നാടോടിപ്പാട്ടു സമാഹരണചരിത്രത്തില്‍, കേരളത്തില്‍ ആദ്യമായി സ്വദേശികളാല്‍തന്നെ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയ നാടന്‍പാട്ടായ പുരാതനപ്പാട്ടുകളുടെ സ്ഥാനത്തെക്കുറിച്ച് സാഹിത്യചരിത്രകാരന്‍മാരും ഫോക്ലോര്‍ പണ്ഡിതരും വേണ്ടത്ര ശ്രദ്ധയോടെ പഠിക്കേണ്ടിയിരിക്കുന്നു.
പുരാതനപ്പാട്ടുകളുടെ വര്‍ഗീകരണം
നാടന്‍പാട്ടുകളെന്ന നിലയില്‍ പുരാതനപ്പാട്ടുകളുടെ വര്‍ഗീകരണം അനിവാര്യവും ഏറെ ശ്രമകരവുമായ ദൗത്യമാണ്. ആദ്യപതിപ്പില്‍തന്നെ – കേരളത്തില്‍ ഫോക്ലോര്‍പഠനങ്ങള്‍ വ്യാപകമാകുന്നതിന് അനേകവര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ – പി.യു. ലൂക്കാസ് പുരാതനപ്പാട്ടുകളെ പെണ്‍പാട്ടുകള്‍, പള്ളിപ്പാട്ടുകള്‍, ആണ്‍പാട്ടുകള്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. പെണ്ണുങ്ങള്‍ പാടുന്ന പാട്ടുകള്‍ പെണ്‍പാട്ടുകളും പള്ളികളെക്കുറിച്ചുള്ള പാട്ടുകള്‍ പള്ളിപ്പാട്ടുകളും ആണുങ്ങള്‍ പാടുന്ന പാട്ടുകള്‍ ആണ്‍പാട്ടുകളും എന്നതാണ് പൊതുവിഭജനമാനദണ്ഡം. ആഘോഷപ്പാട്ടുകള്‍, കഥാഗാനങ്ങള്‍, ബൈബിള്‍ കഥാഗാനങ്ങള്‍, പള്ളിപ്പാട്ടുകള്‍, ജീവചരിത്രഗാനങ്ങള്‍, പാണന്‍പാട്ടുകള്‍ എന്നിങ്ങനെ ബാബു തോമസ് പുരാതനപ്പാട്ടുകളെ വിഭജിച്ചിരിക്കുന്നു. മറ്റു വിഭാഗങ്ങളിലുള്‍പ്പെടുത്തിയിരിക്കുന്ന പാട്ടുകളും കല്യാണാഘോഷത്തോടനുബന്ധിച്ചും പാടുന്നവ ആയതിനാല്‍ കല്യാണപ്പാട്ടുകള്‍ എന്നുതന്നെ എല്ലാ പാട്ടുകളെയും വിളിക്കാനാകും. കഥാഗാനങ്ങളും ജീവചരിത്രഗാനങ്ങളും തമ്മിലും കാര്യമാത്രപ്രസക്തമായ വ്യത്യാസങ്ങളില്ല. ഏകതാനമോ (ൗിശളീൃാ) ഏകമാനദണ്ഡാധിഷ്ഠിതമോ ആയ ഒരു വിഭജനം പുരാതനപ്പാട്ടുകള്‍ക്ക് അസാധ്യമാണെന്ന് ഇതു തെളിയിക്കുന്നു. പാടുന്നവരെ അവലംബമാക്കി പെണ്‍പാട്ടുകള്‍, ആണ്‍പാട്ടുകള്‍, പാണന്‍ പാട്ടുകള്‍ എന്നും ഉള്ളടക്കത്തെ ആസ്പദമാക്കി പള്ളിപ്പാട്ടുകള്‍, ചരിത്രപരമായ പാട്ടുകള്‍, വീരാപദാനപരമായ പാട്ടുകള്‍, വിനോദഗാനങ്ങള്‍ എന്നും ലളിതമായി തരംതിരിക്കാവുന്നതാണ്.
പെണ്‍പാട്ടുകള്‍
പെണ്ണുങ്ങള്‍ പാടിയിരുന്ന പാട്ടുകളാണ് പെണ്‍പാട്ടുകള്‍. വിവാഹാഘോഷത്തോടനുബന്ധിച്ചും മറ്റും പെണ്ണുങ്ങള്‍ സംഘമായി നിന്നുകൊണ്ടോ ചുവടുകള്‍വച്ചുകൊണ്ടോ ഇവ പാടിയിരുന്നു. മാര്‍ത്തോമ്മാന്‍, മയിലാഞ്ചിപ്പാട്ട്, അന്തംചാര്‍ത്തുപാട്ട്, നല്ളോരൊറോശ്ളം, മുന്നംമലങ്കര, ഇന്നു നീ ഞങ്ങളെ തുടങ്ങി 38 പാട്ടുകളെ പെണ്‍പാട്ടുകളുടെ പട്ടികയില്‍ പി.യു. ലൂക്കാസ് പെടുത്തിയിരിക്കുന്നു. ഈ പാട്ടുകള്‍ എഴുതിയുണ്ടാക്കിയത് സ്ത്രീകളായിരിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും നാടന്‍പാട്ടുകളുടെ നിര്‍മിതി പാടുന്നവരിലൂടെയായതിനാല്‍ പെണ്‍പാട്ടുകളുടെ കര്‍തൃത്വം സ്ത്രീയുടേതായി കണക്കാക്കാം, സ്ത്രീശാക്തീകരണത്തിന്‍്റെ നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള മാതൃകയായും.
പള്ളിപ്പാട്ടുകള്‍
പുരാതനകാലത്ത് പള്ളികളും കുരിശുകളും സ്ഥാപിക്കുന്ന വേളയില്‍ അതു സംബന്ധിച്ച് പാട്ടുകള്‍ രചിച്ച് പാടി വന്നിരുന്നു. ഇത് പള്ളികള്‍, കുരിശുകള്‍ തുടങ്ങിയവയുടെ സ്ഥാപനചരിത്രം മനസ്സിലാക്കുന്നതിനും മതപരമായും ദൈവശാസ്ത്രപരമായും ബൈബിള്‍ സംബന്ധമായും ഉള്ള അറിവ് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനും സഹായകരമായിരുന്നു. ഇത്തരം പാട്ടുകള്‍ ബൈബിള്‍ പ്രമേയങ്ങള്‍ ആധാരമാക്കിയാണ് ആരംഭിക്കാറ്. തുടര്‍ന്ന് പള്ളി സ്ഥാപിക്കാനിടയായ സാഹചര്യം, സ്ഥാപനത്തിന് മുന്നിട്ടിറങ്ങിയ വ്യക്തി/ വ്യക്തികള്‍, അനുവാദം നല്കിയ രാജാവ്/നാടുവാഴി, നേതൃത്വം നല്കിയ വ്യക്തി, സ്ഥാപനകാലഘട്ടം, പ്രത്യേക ഐതിഹ്യങ്ങള്‍ തുടങ്ങിയവയും നല്കുന്നു. ഇടവക മധ്യസ്ഥന്‍്റെ പേരും ജീവിതമാഹാത്മ്യവും വിവരിക്കുന്നതോടൊപ്പം പ്രത്യേക അനുഗ്രഹം യാചിക്കുകയും ചെയ്യുന്നു. കുരിശ് സ്ഥാപനത്തോടു ബന്ധപ്പെട്ട പാട്ടും സമാനമാണ്. ഇവയിലെ മുഖ്യപ്രമേയമായി സാധാരണ കണ്ടുവരുന്നത് ആദിമനുഷ്യന്‍്റെ പാപവും അതിനു പരിഹാരമായുള്ള ഈശോയുടെ കുരിശുമരണവും കുരിശില്‍നിന്ന് അനുഗ്രഹം പ്രാപിക്കാനുമുള്ള ആഹ്വാനവും കുരിശില്‍ മരിച്ചവനോടുള്ള പ്രാര്‍ത്ഥനയുമാണ്. ഉദയംപേരൂര്‍, കടുത്തുരുത്തി, കോട്ടയം, ചുങ്കം, കല്ലിശ്ശേരി, പുന്നത്തുറ, പൈങ്ങളം തുടങ്ങിയ പഴയ തെക്കുംഭാഗപള്ളികളെക്കുറിച്ചും കുരിശുകളെക്കുറിച്ചും ഇപ്രകാരം പാട്ടുകള്‍ ഉണ്ട്. വടക്കുംഭാഗപള്ളികളെക്കുറിച്ച് അയച്ചുകിട്ടിയ പാട്ടുകളെ പുരാതനപ്പാട്ടു പുസ്തകത്തിലെ മൂന്നാം ഭാഗമായി ചേര്‍ത്തിട്ടുള്ളത് എടുത്തു പറഞ്ഞിട്ടുമുണ്ട്.
കഥാഗാനങ്ങള്‍
ഉള്ളടക്കമായി കഥകള്‍ സംപ്രേക്ഷണം ചെയ്യുന്ന പാട്ടുകളാണല്ളോ കഥാഗാനങ്ങള്‍. ഇത്തരം പാട്ടുസമുച്ചയങ്ങള്‍ ധാരാളമായി പുരാതനപ്പാട്ടുകളില്‍ കാണുന്നു. ബൈബിള്‍ അധിഷ്ഠിതവും അല്ലാത്തവയുമെന്ന് ഈ വിഭാഗത്തില്‍തന്നെ ഉപവിഭജനവും നടത്താവുന്നതാണ്. ബൈബിള്‍ അധിഷ്ഠിതമായവയില്‍ പെടുത്താവുന്നതാണ് മയിലാഞ്ചിപ്പാട്ട്, പൂര്‍വയൗസേപ്പിന്‍്റെ വട്ടക്കളി, മൂശയുടെ വട്ടക്കളി, ചെറിയ തോബിയാസിന്‍്റെ പാട്ട്, മറിയം മദലത്തോ ഉമ്മാടെ പാട്ട്, മറിയോഹന്നാന്‍്റെ പാട്ട് തുടങ്ങിയവ. ബൈബിള്‍ അധിഷ്ഠിതമല്ലാത്ത കഥാഗാനങ്ങളില്‍ പെടുത്താവുന്നവയാണ് മാര്‍ഗംകളിപ്പാട്ട്, പാണന്‍പാട്ട്, മാര്‍ അവുറാഹം മെത്രാന്‍്റെ പാട്ട്, യാക്കോയുടെ വട്ടക്കളി, മാര്‍ ഗീവര്‍ഗീസു സഹദായുടെ ചിന്ത് തുടങ്ങിയവ.
പുരാതനപ്പാട്ടുകളുടെ യഹൂദ, സുറിയാനി, ദ്രാവിഡ സ്വാധീനം
കേരളത്തിലെ പുരാതന വൈദേശിക ജനതകളിലൊന്നാണ് യഹൂദന്‍മാര്‍. കൊടുങ്ങല്ലൂര്‍, പുല്ലൂറ്റ്, ചേന്ദമംഗലം, വടക്കന്‍ പറവൂര്‍, ഫോര്‍ട്ട് കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ യഹൂദ കോളനികളുണ്ടായിരുന്നു. വളരെ നാമമാത്രമായ എണ്ണം ആള്‍ക്കാര്‍ മാത്രമേ വിവിധ കോളനികളിലായി ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും പുരാതനപ്പാട്ടുകളുടെ ഒരു വലിയ ശേഖരത്തിന് ഉടമകളായിരുന്നു അവര്‍. കേരളയഹൂദന്‍മാരുടെ നാടന്‍പാട്ടുകളുടെ ശേഖരമാണ് കാര്‍കുഴലി എന്ന പേരില്‍ ഡോ. സ്കറിയ സക്കറിയ പ്രസിദ്ധീകരിച്ചിരിക്കുന്ന കൃതി. ഇദ്ദേഹം ചങ്ങനാശേരി സ്വദേശിയും മലയാളപണ്ഡിതനും പ്രശസ്ത സഭാചരിത്രഗവേഷകനുമാണ്. ഡോ. പി.എം. ജുസ്സേ, ഷാല്‍വാ വെയിന്‍ തുടങ്ങിയവരുടെ ജറുസലെമില്‍വച്ചുള്ള പഠനങ്ങള്‍ ഈ പ്രസിദ്ധീകരണത്തിന് സഹായകരമായിട്ടുണ്ട്. 1986-ല്‍ കോട്ടയം രൂപതാ പ്ളാറ്റിനം ജൂബിലിയുടെ അവസരത്തില്‍ നടത്തിയ സിംപോസിയത്തില്‍ യഹൂദരുടെയും ക്നാനായരുടെയും പാട്ടുകളും ചടങ്ങുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ജുസ്സേ അവതരിപ്പിച്ച പ്രബന്ധം സിംപോസിയം ഓണ്‍ ക്നാനൈറ്റ്സ് എന്ന പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ക്നാനായരുടെ നിരവധി പാട്ടുകളും സമാനമായ യഹൂദപാട്ടുകളും ജുസ്സേ എടുത്തുകാണിക്കുന്നുമുണ്ട്. തെക്കുംഭാഗര്‍, കേരളയഹൂദര്‍ തുടങ്ങിയ ചെറുസമൂഹങ്ങള്‍ക്ക് തങ്ങളുടെ നാടന്‍പാട്ടുകളുടെ ശേഖരങ്ങള്‍ പുസ്തകരൂപത്തില്‍ ഉള്ളപ്പോള്‍ ഇതര വലിയ സമൂഹങ്ങള്‍ക്ക് എന്തുകൊണ്ട് പാട്ട് സമാഹൃത ഗ്രനഥം ഇല്ലായെന്ന ചോദ്യം അവശേഷിക്കുന്നു.
സുറിയാനിഭാഷ സംഭാഷണത്തിനും ആരാധനക്രമത്തിനും ഉപയോഗിച്ചിരുന്ന, സുറിയാനി ആരാധനക്രമം പാലിച്ചിരുന്ന തെക്കുംഭാഗരുടെ പാട്ടുകള്‍ക്ക് സുറിയാനി ശീലും ശൈലിയും ഉണ്ടാവുക സ്വാഭാവികമാണ്. തെക്കുംഭാഗരുടെ പുരാതനപ്പാട്ടുകളില്‍ അവര്‍ ജീവിച്ചുകൊണ്ടിരിക്കുന്ന നാടിന്‍്റെ ദ്രാവിഡവൃത്തങ്ങളും സംഗീതവും കൂടിക്കലര്‍ന്നിട്ടുമുണ്ട്.
പുരാതനപ്പാട്ടുകളുടെ തുടര്‍പതിപ്പുകളും പഠനങ്ങളും
1935-ലെ രണ്ടാം പതിപ്പുമുതല്‍ കോട്ടയം അതിരൂപതവകയായ കോട്ടയം കാത്തലിക് മിഷന്‍ പ്രസില്‍നിന്ന് പുരാതനപ്പാട്ടുകള്‍ക്ക് പതിപ്പുകള്‍ ഇറങ്ങിവരുന്നു. ഇപ്പോള്‍ പതിനൊന്നാം പതിപ്പിലത്തെിയിരിക്കുന്നതിലൂടെ പതിനായിരത്തിലധികം പുസ്തകങ്ങള്‍ ഇതിനകം അച്ചടിച്ചിരിക്കുന്നു! (എന്നാല്‍ ഭാരതസഭയുടെ സുറിയാനിപൈതൃകം വീണ്ടെടുക്കുന്നതിന് ഊന്നല്‍ നല്കി സ്ഥാപിതമായിരിക്കുന്ന പല സ്ഥാപനങ്ങളിലും പുരാതനപ്പാട്ടുകളുടെ ഒരു പുസ്തകംപോലും ഇന്നും ലഭ്യമല്ല എന്നത് ഈ പാട്ടുകളുടെ പ്രാധാന്യം ഇനിയും മനസ്സിലാക്കാത്തതുകൊണ്ടാണ് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. പുരാതനപ്പാട്ടുകളുടെ ഒരു പ്രതിയെങ്കിലും സുറിയാനിസഭയിലെ എല്ലാ സ്ഥാപനങ്ങളിലും ഉണ്ട് എന്ന് ഉറപ്പുവരുത്തിയിട്ടാണ് പാട്ടുകളുടെ കര്‍തൃത്വം അവകാശപ്പെടുന്നത് എങ്കില്‍ അത് സഭയുടെ ചരിത്രഉറവിടങ്ങളിലേക്ക് വലിയ വാതായനങ്ങള്‍ തുറക്കുമായിരുന്നു!) ശ്രദ്ധയോടെ പഠനത്തിന് വിധേയമാക്കിയാണ് ഓരോ പതിപ്പും പുറത്തിറക്കിയിരിക്കുന്നത്. ഡോ. ജേക്കബ് വെള്ളിയാന്‍്റെ ഈ രംഗത്തെ പങ്ക് എടുത്തു പറയേണ്ടതായിട്ടുണ്ട്. പുരാതനപ്പാട്ടുകളുടെ അഞ്ചുമുതല്‍ പത്തുവരെയുള്ള പതിപ്പുകള്‍ പ്രസിദ്ധപ്പെടുത്തിയതു വെള്ളിയാനച്ചനാണ്. ക്നായിത്തോമ്മായെക്കുറിച്ചുള്ള പാണന്‍പാട്ടുകള്‍ ശേഖരിച്ചു പുരാതനപ്പാട്ടു പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതും അദ്ദേഹമാണ്.
പുരാതനപ്പാട്ടുകളിലെ സൂക്ഷ്മാംശങ്ങളെ ചരിത്രരചനയുടെ പ്രഥമാകരങ്ങളായി (ുൃശാമൃ്യ ീൌൃരല)െ മാറ്റിയതില്‍ ശ്രദ്ധേയസ്ഥാനം വഹിക്കുന്ന വ്യക്തിയാണ് ഡോ. ജേക്കബ് കൊല്ലാപറമ്പില്‍. പുരാതനപ്പാട്ടുകളെക്കുറിച്ച് ഗ്രനഥം രചിച്ചിട്ടില്ളെങ്കിലും ക്നാനായസമുദായ സംബന്ധിയായ അദ്ദേഹത്തിന്‍്റെ കൃതികളായ ഠവല ആമയ്യഹീിശമി ഛൃശഴശി ീള വേല ടീൗവേശ¤െ െമാീിഴ ട.േ ഠവീാമ െഇവൃശ¤െശമി,െ ക്നാനായസമുദായം കേരളചരിത്രത്തില്‍ എന്നിവയുടെയും ബഹു. വെള്ളിയാനച്ചന്‍ എഡിറ്റുചെയ്ത ട്യാുീശൌാ ീി ഗിമിശലേ െഎന്ന പുസ്തകത്തിലെ പ്രധാനഭാഗമായ ഒശ¤െീൃശരമഹ ടീൗൃരല െീി വേല ഗിമിശലേ െഎന്ന ലേഖനത്തിന്‍്റെയും അടിസ്ഥാന ആകരങ്ങള്‍ പുരാതനപ്പാട്ടുകളെക്കുറിച്ചുള്ള ബഹു. കൊല്ലാപറമ്പിലച്ചന്‍്റെ ഗഹനമായ പഠനങ്ങളാണ്. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെക്കുറിച്ചുള്ള ബഹു. അച്ചന്‍്റെ പഠനങ്ങളായ ട.േ ഠവീാമ െഇവൃശ¤െശമി’െ ഞല്ീഹൗശേീി ശി 1653, ഠവല അൃരവറലമരീി ീള അഹഹകിറശമ, ഠവല ടീൗൃരല െീി വേല ട്യൃീ ങമഹമയമൃ ഘമം (ബഹു. അച്ചന്‍്റെ മരണശേഷം ബഹു. സണ്ണി കൊക്കരവാലയിലച്ചന്‍ എഡിറ്റു ചെയ്ത് ജെറ്റ് പബ്ളിക്കേഷന്‍സിലൂടെ പ്രസിദ്ധീകരിച്ചത്) എന്നിവയുടെയും പ്രഥമ ആകരങ്ങളായി പുരാതനപ്പാട്ടുകളെ ബഹു. അച്ചന്‍ ഉപയോഗിച്ചിട്ടുണ്ട്. ചരിത്ര, ഭൂമിശാസ്ത്ര, സാംസ്കാരിക വിജ്ഞാനീയങ്ങളുടെ അടിത്തറമേല്‍ അദ്ദേഹം നടത്തിയിട്ടുള്ള പഠനങ്ങളും നിഗമനങ്ങളും കേരളക്രൈസ്തവ ചരിത്ര- സാംസ്കാരികപഠനത്തിന് പൊതുവായും ക്നാനായസമുദായപഠനങ്ങള്‍ക്ക് വിശേഷമായും വലിയ മുതല്‍ക്കൂട്ടാണ്.
കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ എം.ഫില്‍., പി.എച്ച്.ഡി. ബിരുദങ്ങള്‍ക്കു പൂരകമായി പുരാതനപ്പാട്ട് സംബന്ധിയായി നടത്തിയ പഠനങ്ങളുമുണ്ട്. ക്നാനായരുടെ കല്യാണപ്പാട്ടുകള്‍: വഴക്കവും പൊരുളും എന്ന പേരില്‍ സംക്രാന്തി ഇടവകാംഗമായ പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍ 2001-ല്‍ കോട്ടയത്തുനിന്ന് ഒരു ഗ്രനഥം പ്രസിദ്ധം ചെയ്തിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ എം.ഫില്‍. ബിരുദത്തിന് പൂരകമായി ഡോ. ഡി. വിനയചന്ദ്രന്‍്റെ മാര്‍ഗനിര്‍ദേശത്തില്‍ അദ്ദേഹം തയ്യാറാക്കി സമര്‍പ്പിച്ച പ്രബന്ധഭാഗമാണത്. പുരാതനപ്പാട്ടുകളിലെ കല്യാണപ്പാട്ടുകളാണ് മുഖ്യപഠനവിഷയം. എങ്കിലും അനുബന്ധമായി മാതൃത്വസംബന്ധിയായ പാട്ടുകളും പഠനവിഷയമാക്കിയിരിക്കുന്നു. വിവാഹച്ചടങ്ങുകളുടെ ഹ്രസ്വവിവരണവും നല്കിയിരിക്കുന്നു. കല്യാണപ്പാട്ടുകളുടെ ആന്തരികാര്‍ത്ഥവും ചടങ്ങുകളുമായുള്ള ബന്ധവും കുറച്ചുകൂടി ആഴത്തില്‍ പഠിക്കുന്നതിന് ഈ ഗ്രനഥം പ്രേരകമായിരിക്കും.
സെന്‍്റ് ജോസഫ്സ് കന്യകാസമൂഹാംഗമായിരുന്ന ഡോ.സി.ദീപ ഡോ. സ്കറിയ സക്കറിയയുടെ മാര്‍ഗനിര്‍ദേശത്തില്‍ പുരാതനപ്പാട്ടുകളുടെ പഠനഫലമായി തയ്യാറാക്കി സമര്‍പ്പിച്ച പ്രബന്ധം കാലടി യൂണിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി. ബിരുദാര്‍ഹമായി. നസ്രാണികളുടെ പുരാതനപ്പാട്ടുകള്‍: നാടോടിവിജ്ഞാനപഠനം എന്ന പേരില്‍ കോട്ടയത്തുനിന്ന് 2011-ല്‍ പ്രസിദ്ധം ചെയ്തിട്ടുമുണ്ട്. ഇതില്‍ നാടോടിവിജ്ഞാനീയത്തിന്‍്റെ വീക്ഷണകോണിലൂടെ പുരാതനപ്പാട്ടുകളുടെ വിവിധ പതിപ്പുകളെ പഠനവിഷയമാക്കുന്നു. പി.യു. ലൂക്കാസ് പ്രസിദ്ധം ചെയ്ത പ്രഥമ പതിപ്പുമുതല്‍ ഇന്നോളമുള്ള വിവിധ പതിപ്പുകളിലൂടെ പുരാതനപ്പാട്ടുകള്‍ക്കും അവയുടെ അവതരണത്തിനും കൈവന്നിട്ടുള്ള മാറ്റങ്ങളെയും അവയിലൂടെ (ക്നാനായ) സ്വത്വബോധത്തിന്‍്റെ പരിണാമത്തെയും വ്യക്തമാക്കാന്‍ ഈ പഠനം ശ്രമിക്കുന്നു.കേരള സര്‍വകലാശാലാ പൗരസ്ത്യപഠനഫാക്കല്‍റ്റിയില്‍ ഹസ്തലിഖിതശാസ്ത്രം എം.ഫില്‍. ബിരുദത്തിന് പൂരകമായി ഫാക്കല്‍റ്റി മേധാവി ഡോ. സൈനബ എം.ന്‍്റെ മാര്‍ഗനിര്‍ദേശത്തില്‍ തെക്കുംഭാഗ സുറിയാനി ക്രിസ്ത്യാനികളുടെ തെരഞ്ഞെടുത്ത പുരാതനപ്പാട്ടുകള്‍ : പാഠസംസ്കരണം എന്ന വിഷയത്തില്‍ ഫാ. ബൈജു മാത്യു സമര്‍പ്പിച്ച പ്രബന്ധം താളിയോലഗ്രനഥങ്ങളെ ആസ്പദമാക്കിയുള്ള പുരാതനപ്പാട്ട് ഗവേഷണരംഗത്തെ ആദ്യ അക്കാദമികപഠനമാണ്. ഇതിന്‍്റെ തുടര്‍ച്ചയായി തെക്കുംഭാഗ സുറിയാനി ക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകള്‍: പാഠസംസ്കരണവും പഠനവും എന്ന വിഷയത്തില്‍ പി.എച്ച്.ഡി. ഗവേഷണപഠനം നടത്തിവരുകയും ചെയ്യുന്നു. ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളിലായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന പുരാതനപ്പാട്ടുകളുടെ മുഴുവന്‍ താളിയോലപ്പകര്‍പ്പുകളും കണ്ടത്തെുകയെന്നതും ഈ ഗവേഷണത്തില്‍ പരമപ്രാധാന്യം അര്‍ഹിക്കുന്നതാണ്. ക്നാനായ പുരാതനപ്പാട്ടുകളെയും ആചാരങ്ങളെയും അടിസ്ഥാനമാക്കിയാണ് ചുങ്കം ഇടവക പുളിമൂട്ടില്‍ സൂസന്‍ ഏലിയാസ് ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ ഇംഗ്ളീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി. ഗവേഷണം നടത്തുന്നത്.
പുരാതനപ്പാട്ടുകള്‍: പുനര്‍ജനികള്‍
പുരാതനപ്പാട്ടുരചനാചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു പ്രധാന വസ്തുത ഈ പാട്ടുകള്‍ ഏകകാലികങ്ങള്‍ – ഒരേ കാലഘട്ടത്തില്‍ രക്ഷിക്കപ്പെട്ടവ-അല്ല എന്നതാണ്. പ്രഥമപതിപ്പ് ഇറങ്ങിയ 20-ാം നൂറ്റാണ്ടിന്‍്റെ ആരംഭത്തിലും പുതിയ പാട്ടുകള്‍ പുരാതനപ്പാട്ട് ശൈലിയില്‍ രചിക്കുകയും പുസ്തകത്തിന്‍്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്. അതിനുശേഷവും ഇപ്പോഴും പുതിയ പുരാതനപ്പാട്ടുകള്‍ ജനിച്ചുകൊണ്ടേയിരിക്കുന്നു. സി. റൊസാലിയ എസ്.വി.എം. രചിച്ച പല പാട്ടുകളും (ഉദാ. “”ചെറിയ രൂപതയാണ് കോട്ടയം, പെരിയതാണതിന്‍ നേട്ടങ്ങള്‍”) ജനങ്ങള്‍ ഏറ്റെടുത്ത് സ്വന്തമാക്കിയവയാണ്. 30 വര്‍ഷം മുമ്പു മാത്രം അനില്‍ സ്റ്റീഫന്‍ എഴുതിയ “”പോരുമോ നാമെല്ലാം, തനിമയിലഭിമാനിച്ചീടാം” എന്ന ഗാനം ഓരോ ക്നാനായന്‍്റെയും നാവില്‍ തത്തിക്കളിക്കുന്നതാണ്. ക്നാനായ ഓട്ടന്‍തുള്ളലുകളടക്കം ഈ പട്ടികയിലേക്ക് ധാരാളം പാട്ടുകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. പല പള്ളികളിലും നടത്തപ്പെടുന്ന പുരാതനപ്പാട്ട് രചനാമത്സരം പുരാതനപ്പാട്ടു പുനര്‍ജനികളെ ജീവവത്തും ചടുലവുമാക്കുന്നു.
പുരാതനപ്പാട്ടുകളുടെ സംരക്ഷണം: ആധുനിക പരിശ്രമങ്ങള്‍
ആധുനികലോകത്തിന്‍്റെ ആഗോളവത്കൃത സാംസ്കാരികമാറ്റങ്ങള്‍ക്കിടയില്‍ പുതുതലമുറയ്ക്ക് നിര്‍ഭാഗ്യവശാല്‍ പുരാതനപ്പാട്ടുകള്‍ കുറെയെങ്കിലും അന്യമാകുന്നുണ്ട്. അന്തംചാര്‍ത്ത്, മൈലാഞ്ചിയിടീല്‍ തുടങ്ങിയ ചടങ്ങുകള്‍ ഓഡിറ്റോറിയങ്ങളിലേക്ക് പറിച്ചുമാറ്റപ്പെട്ടതിലൂടെയും പാട്ടുകളുടെ കൈകാര്യകര്‍തൃത്വം പാട്ടുസംഘങ്ങള്‍ ഏറ്റെടുത്തതിലൂടെയും ചടങ്ങുകളുടെയും പാട്ടുകളുടെയും ഗാര്‍ഹികവിശുദ്ധി നഷ്ടപ്പെടുകയും അതുവരെ പങ്കാളികളായിരുന്ന സമുദായാംഗങ്ങള്‍ കേവലം പ്രേക്ഷകരായി മാറുകയും ചെയ്തിരിക്കുന്നു എന്നതും വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. സമുദായാംഗങ്ങളുടെ ആഗോളകുടിയേറ്റങ്ങളിലൂടെ പുതുതലമുറയ്ക്ക് മലയാളഭാഷ നഷ്ടപ്പെടുന്നു എന്നതും ഒരു വലിയ വെല്ലുവിളിയാണ്.
ഇത്തരം വെല്ലുവിളികള്‍ക്കിടയിലും പുരാതനപ്പാട്ടു സംരക്ഷണ, വ്യാപനയജ്ഞത്തില്‍ പുതുവഴികള്‍ തേടുന്ന ക്നാനായസമുദായത്തെയാണ് നാമിന്നും കാണുന്നത്. മാര്‍ത്തോമ്മന്‍ പാട്ടിന്‍്റെ പ്രാര്‍ത്ഥനാഭാഗത്തിന്‍്റെ ആലാപനം തെക്കുംഭാഗരുടെ എല്ലാ പൊതുപരിപാടികളിലും ഇന്ന് കാണാനാകും. (“മാര്‍ത്തോമ്മന്‍ നന്മയാലൊന്നു തുടങ്ങുന്നു’ എന്ന പാട്ട് പ്രാര്‍ത്ഥനാഗാനമല്ല. മകളുടെ വിവാഹവേളയില്‍ ഒരമ്മ അനുഭവിക്കുന്ന ആശങ്കകളും ആശ്വാസങ്ങളും പങ്കുവയ്ക്കുന്ന ഒരു കല്യാണപ്പാട്ടാണ്. എന്നാല്‍ ഈ പാട്ടിലെ ആദ്യത്തെ 6 വരികളും അവസാനത്തെ 4 വരികളും മാത്രം ചേര്‍ത്ത് പാടുമ്പോള്‍ അത് പ്രാര്‍ത്ഥനാഗാനമാകുന്നു.) ഇന്നുവരെ ഒരു ക്നാനായവിവാഹം പോലും ക്നാനായപാട്ടുകള്‍ ഉള്‍പ്പെടുത്താതെ നടത്താന്‍ പാരമ്പര്യങ്ങളിലും ചടങ്ങുകളിലും അഭിരമിക്കുന്ന ക്നാനായസമുദായം അനുവദിച്ചിട്ടില്ല. സംഘമായി പുരാതനപ്പാട്ടുകള്‍ ആലപിക്കുന്നതും പൊതുപരിപാടികളില്‍ ഉള്‍പ്പെടുത്താറുണ്ട്. രൂപതാതലത്തിലും ഇടവകതലത്തിലും, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്, ക്നാനായ കത്തോലിക്കാ വിമന്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് തുടങ്ങിയ അസോസിയേഷനുകളുടെ നേതൃത്വത്തിലും പുരാതനപ്പാട്ടുകളെക്കുറിച്ച് വിദഗ്ധക്ളാസ്സുകളും സെമിനാറുകളും ലോകമെമ്പാടും നടത്തുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ നിര്‍ണയിച്ച് പുരാതനപ്പാട്ട്, പള്ളിപ്പാട്ട് തുടങ്ങിയവയുടെ മത്സരങ്ങള്‍ സംഘടിപ്പിച്ചുവരുന്നു. കൂടുതല്‍ പുരാതനപ്പാട്ടുകള്‍ മുഴുവന്‍ കാണാതെ പഠിച്ചുചൊല്ലുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്കിവരുന്നു. വേദപാഠക്ളാസ്സുകളില്‍ പുരാതനപ്പാട്ടുപഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നു. ഇംഗ്ളീഷിലേക്കും മറ്റും തര്‍ജമ ചെയ്തും ലിപ്യന്തരണം നടത്തിയും വിദേശരാജ്യങ്ങളില്‍ കുട്ടികള്‍ക്ക് മലയാളം പഠിപ്പിച്ചുകൊടുത്തും കുട്ടികളിലേക്കും ഇതരരിലേക്കും പാട്ടുകള്‍ എത്തിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഓഡിയോ, വീഡിയോ റെക്കോര്‍ഡിംഗുകളിലൂടെയും ഡോക്കുമെന്‍്ററി നിര്‍മാണത്തിലൂടെയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുരാതനപ്പാട്ടുകളെയും രംഗകലകളെയും സംരക്ഷിക്കാനും ജനകീയമാക്കാനുമുള്ള ശ്രമങ്ങളും സജീവമായി ക്നാനായസമുദായം നടത്തിക്കൊണ്ടിരിക്കുന്നു.
അന്തംചാര്‍ത്ത്, മൈലാഞ്ചിയിടീല്‍ തുടങ്ങിയ ചടങ്ങുകള്‍ ഏറ്റവും അടുത്ത ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തില്‍ ഗാര്‍ഹികാന്തരീക്ഷത്തില്‍തന്നെ ഏവരുടെയും സജീവമായ പങ്കാളിത്തത്തോടെ നടത്തുമെന്ന് തീരുമാനമെടുത്തിരിക്കുന്ന യുവാക്കളും മുതിര്‍ന്നവരുമായ സമുദായാംഗങ്ങള്‍ വരുംതലമുറയ്ക്കുവേണ്ടി ശ്രമകരമായ ഒരു വലിയ പുണ്യപ്രവൃത്തിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
ഗ്രനഥപാരമ്പര്യത്തില്‍നിന്നും അച്ചടിയിലേക്ക്: സ്വത്വബോധാന്വേഷണഫലം
ഒരു ജനതയുടെ സ്വത്വനിര്‍മിതിയുടെ മൂശയും സംസ്കാരപ്രവാഹത്തിന്‍്റെ അരുവിയുമായി നിലകൊള്ളുന്ന പൗരാണിക സാംസ്കാരിക നിധിശേഖരമായ നാടന്‍പാട്ടുകള്‍ ചരിത്രം, സാഹിത്യം, ഭാഷ, സംസ്കാരം, വിശ്വാസം, മതം, സമൂഹം, സമുദായം, തൊഴില്‍, പ്രാദേശികത തുടങ്ങിയ വിവിധ മേഖലകളില്‍ പഠനത്തിലൂടെ ജ്ഞാനോത്പാദനത്തിനും പുനരുപയോഗത്തിനും ഏറെ സാധ്യതകള്‍ സൃഷ്ടിക്കുന്നു. സമൂഹത്തിന്‍്റെ സംഘബോധത്തില്‍നിന്ന് ഉറവയെടുക്കുന്നവയെങ്കിലും സമൂഹത്തിന്‍്റെ സ്വത്വത്തെയും സ്വത്വബോധ (ശറലിശേ്യേ രീിരെശീൗിെല)ൈത്തെയും സംഘബോധ (ഴൃീൗു രീിരെശീൗിെല)ൈത്തെയും ഉണര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഉദ്ദീപനമാധ്യമമായും അവ നിലകൊള്ളുന്നുണ്ട്. കേരളത്തിലെ തെക്കുംഭാഗ സുറിയാനി ക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകള്‍ക്കും ഈ സവിശേഷതകളുണ്ട്. പുരാതനപ്പാട്ടുകളുടെ ആലാപനത്തിലൂടെയും തലമുറകളില്‍നിന്നും തലമുറകളിലേക്കുള്ള അവയുടെ നിര്‍വ്യാപനത്തിലൂടെയുമാണ് ഒരു പൊതുസംസ്കാരവും ശൈലിയും സ്വത്വബോധവും തെക്കുംഭാഗരുടെ ഇടയില്‍ രൂപപ്പെട്ടത്.
പുരാതനപ്പാട്ടുപുസ്തകം അച്ചടിച്ചു പ്രസിദ്ധം ചെയ്യുന്നതിന് ശുപാര്‍ശ ചെയ്തുകൊണ്ട് ബഹു. വട്ടക്കളത്തിലച്ചന്‍ അഭി. മാക്കീല്‍ പിതാവിന് 1908 മാര്‍ച്ച് 25-ന് നല്കിയ കത്ത് പുസ്തകത്തിന്‍്റെ ആരംഭഭാഗത്ത് ചേര്‍ത്തിട്ടുണ്ട്. ഇതില്‍ കൃതിയുടെ പ്രയോജനപരതയെപ്പറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു: “മലയാളത്തെ സുറിയാനിക്രിസ്ത്യാനികളുടെ പൂര്‍വ്വികമായ നടപടികളേയും വിശ്വാസത്തേയും ഓര്‍മ്മയില്‍ നിലനിര്‍ത്തുന്നതിന് ഏറ്റവും ഉപകാരപ്രദമായിത്തീരാനിടയുള്ളതാണെന്നു ബോദ്ധ്യമായിരിക്കുന്നതിനാല്‍. പുരാതനപ്പാട്ടുകളുടെ പ്രയോജനത്തെപ്പറ്റി പി.യു. ലൂക്കാസും പുസ്തകത്തിന്‍്റെ മുഖവുരയില്‍ സാമാന്യം ദീര്‍ഘമായി എഴുതുന്നുണ്ട്:
ഈ സ്ഥിതിക്കു സുറിയാനിക്കാരുടെ പുരാതനനടപടികളും ചരിത്രങ്ങളും നിലനിന്നു പോന്നിട്ടുള്ളത് ഇപ്പോഴും നമ്മുടെ ഉപയോഗത്തിലിരിക്കുന്ന പുരാതനപ്പാട്ടുകള്‍ മൂലമാണെന്നുതന്നെ വിചാരിക്കേണ്ടിയിരിക്കുന്നു. കുര്യന്‍പാദ്രി എഴുതീട്ടുള്ള ചരിത്രത്തില്‍ത്തന്നെ സുറിയാനിക്കാരുടെ പഴയ പാട്ടുകളില്‍നിന്നു പല ഭാഗങ്ങള്‍ പല ഘട്ടങ്ങളില്‍ ദൃഷ്ടാന്തരൂപേണ ഉദ്ധരിച്ചിട്ടുള്ളതായിക്കാണുന്നതിനാല്‍ ഇവ കൊണ്ടുള്ള ഉപയോഗം അദ്ദേഹത്തിന് എത്രമാത്രമുണ്ടായിട്ടുണ്ടെന്ന് അറിയാവുന്നതാണ്. മുന്‍കാലങ്ങളില്‍ ജനങ്ങളുടെ ഇടയില്‍ വേദസംബന്ധമായ ജ്ഞാനം സിദ്ധിച്ചുവന്നിരുന്നതു മിക്കവാറും ഈ പഴയ പാട്ടുകള്‍ മൂലമായിരുന്നു. പല പാട്ടുകളിലായി ആദ്യപുസ്തകം മുതല്‍ വെളിപാടുവരെയുള്ള വേദചരിത്രസംക്ഷേപവും വിശുദ്ധ പിതാക്കന്‍മാരുടെ വ്യാഖ്യാനസംഗ്രഹവും മറ്റും അടങ്ങീട്ടുള്ളതിനാല്‍ ഈ പാട്ടുകള്‍മൂലം സുറിയാനിക്കാരുടെ സ്ത്രീകള്‍ക്കും ഒരു വിധം ജ്ഞാനം സിദ്ധിക്കുന്നതിനിടയായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഒരു പള്ളി സ്ഥാപിച്ചാല്‍ ഉടനെ അതിനെ സംബന്ധിച്ച് ഒരു പാട്ടുണ്ടാക്കണമെന്നു നിര്‍ബന്ധപൂര്‍വ്വമായ ഒരേര്‍പ്പാടുണ്ടായിരുന്നുവെന്നാണ് തോന്നുന്നത്. അങ്ങനെ ഉണ്ടാക്കുന്ന പാട്ടുകളില്‍ പള്ളി സ്ഥാപിച്ചത് ഏതു കാലത്ത്, ആരുടെ നാമത്തില്‍, ആരാല്‍ സ്ഥാപിക്കപ്പെട്ടു എന്നും മറ്റും വിവരമായി പറയുക പതിവാണ്. അതിനാല്‍ വേറെ യാതൊരു റിക്കാര്‍ട്ടും കൂടാതെ തന്നെ ഓരോ പള്ളികളേക്കുറിച്ചുമുള്ള സകല വിവരങ്ങളും ഈ പള്ളിപ്പാട്ടുകള്‍കൊണ്ടു അറിയാവുന്നതാകുന്നു.
പുരാതനനടപടികളും ചരിത്രങ്ങളും നിലനിര്‍ത്താന്‍ സഹായിക്കല്‍, വേദസംബന്ധമായ ജ്ഞാനം സിദ്ധിപ്പിക്കല്‍, സ്ത്രീവിദ്യാഭ്യാസം, പള്ളിറിക്കാര്‍ഡ് എന്നീ നിലകളിലെല്ലാം പൂര്‍വ്വികമായ നടപടികളെയും വിശ്വാസത്തെയും ഓര്‍മ്മയില്‍ നിലനിര്‍ത്തുന്നതിന് സഹായകരം എന്ന നിലയിലാണ് പുരാതനപ്പാട്ടുകളെ വട്ടക്കളത്തിലച്ചനും പി.യു. ലൂക്കാസും അവതരിപ്പിക്കുന്നത്.തെക്കുംഭാഗചരിത്രാന്വേഷണത്തിന്‍്റെയും സ്വത്വബോധവികാസത്തിന്‍്റെയും ഭാഗമായാണ് പുരാതനപ്പാട്ടുകള്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചതെന്ന് ചരിത്രവിശകലനത്തിലൂടെയും വ്യക്തമാകുന്നുണ്ട്. തെക്കുംഭാഗസമുദായത്തില്‍നിന്ന് ആദ്യമായി റോമിലെ പ്രൊപ്പഗാന്ത കോളേജില്‍ പഠിച്ച് തിരിച്ചുവന്ന രണ്ടുപേരില്‍ ഒരാളാണ് ബഹു. വട്ടക്കളത്തിലച്ചന്‍. 1888 മുതല്‍ പ്രൊപ്പഗാന്താ സെമിനാരിയില്‍ പഠനം നടത്തിയ വട്ടക്കളത്തില്‍ മത്തായി ശെമ്മാശന്‍്റെ സ്വസമുദായത്തോടുള്ള പ്രത്യേക താത്പര്യം ഗവേഷണത്തിന്‍്റെ ഒരു പ്രധാന മേഖലയായി സ്വസമുദായചരിത്രപഠനത്തെ മാറ്റി. സെമിനാരി പഠനകാലയളവില്‍തന്നെ റോമിലെ പ്രശസ്തമായ പല ഗ്രനഥാലയങ്ങളിലും രേഖാലയങ്ങളിലും മറ്റുമുള്ള പ്രഥമാകരങ്ങള്‍ ഉപയോഗിച്ച് ഈ സമുദായത്തെക്കുറിച്ച് പഠിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. വൈദികനായി നാട്ടില്‍ തിരിച്ചത്തെിയതിനുശേഷവും ഈ ഗവേഷണം തുടര്‍ന്നു. തെക്കുംഭാഗസമുദായാംഗങ്ങള്‍ക്കുവേണ്ടി മാത്രമായി ഒരു രൂപത (കോട്ടയം വികാരിയാത്ത്) മാര്‍പാപ്പ അനുവദിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബൗദ്ധികകേന്ദ്രം അദ്ദേഹമായിരുന്നു. ഇപ്രകാരമൊരു രൂപതയനുവദിക്കുന്നതിന് ഉപോദ്ബലകമായ രേഖകള്‍ സമാഹരിച്ച് മാര്‍ മാക്കീലിനൊപ്പം റോമില്‍ പോയി അടുക്കും ചിട്ടയോടും യുക്തിഭദ്രമായും അവ പരി. സിംഹാസനത്തിനു മുന്നില്‍ അവതരിപ്പിച്ചതിലൂടെയാണ് തെക്കുംഭാഗര്‍ക്കുമാത്രമായി കോട്ടയം വികാരിയാത്ത് സാധ്യമായത്. ഈ യത്നത്തിന്‍്റെ ഭാഗമായാണ് അച്ചന്‍ പുരാതനപ്പാട്ടിന്‍്റെ താളിയോലഗ്രനഥങ്ങള്‍ ശേഖരിച്ചതും പഠിച്ചതും പി.യു. ലൂക്കാസിനെക്കൊണ്ട് 1910-ല്‍ പുസ്തകമായി അച്ചടിച്ച് പ്രസിദ്ധീകരിപ്പിക്കുന്നതും.
തെക്കുംഭാഗരും വടക്കുംഭാഗരും ഉള്‍പ്പെട്ട ചങ്ങനാശ്ശേരി വികാരിയാത്തിലെ തെക്കുംഭാഗനായ മെത്രാന്‍ മാര്‍ മാക്കീലിന് അനുഭവിക്കേണ്ടിവന്ന വലിയ പ്രയാസങ്ങള്‍ കൂടി ചേര്‍ന്നപ്പോഴാണ് തെക്കുംഭാഗര്‍ക്കു മാത്രമായൊരു വികാരിയാത്ത് എന്ന ആശയം ശക്തിപ്പെട്ടത്. ബഹു. മത്തായി വട്ടക്കളത്തിലച്ചനോടും ബഹു. ചാണ്ടി ചൂളപ്പറമ്പിലച്ചനോടും കൂടി 1911-ല്‍ റോമില്‍ പോയി മാര്‍പ്പാപ്പായെ കണ്ട് മാര്‍ മത്തായി മാക്കീല്‍ നിവേദനങ്ങള്‍ നല്കിയതിന്‍്റെകൂടി ഫലമായാണ് വികാരിയാത്ത് അനുവദിച്ചത്. തെക്കുംഭാഗസമുദായത്തിന്‍്റെ പ്രാചീനതയുടെ അടിസ്ഥാനമായി ഈ നിവേദനങ്ങളില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന മിക്കവാറും തെളിവുകള്‍ നേരിട്ടോ യൂറോപ്യന്‍ എഴുത്തുകാരുടെ ലിഖിതങ്ങളിലൂടെയോ പുരാതനപ്പാട്ടുകളില്‍നിന്ന് വട്ടക്കളത്തിലച്ചന്‍ ശേഖരിച്ചവയാണ്. ഈ സംഭവവികാസങ്ങളെയെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ ക്നാനായ സമുദായത്തിന്‍്റെ സ്വത്വബോധ രൂപീകരണത്തിനും വളര്‍ച്ചയ്ക്കുമായി പ്രസിദ്ധീകരിക്കപ്പെട്ട കൃതിയാണ് മലയാളത്തെ സുറിയാനിക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടു കളെന്ന് കാണാനാകും.
ഉപസംഹാരം: പുരാതനപ്പാട്ടുകളുടെ തെക്കുംഭാഗകര്‍തൃത്വം
നാടന്‍പാട്ടുകളെന്ന നിലയില്‍ പുരാതനപ്പാട്ടുകള്‍ ഏകകര്‍തൃകമല്ല. അതുകൊണ്ട് അവ സുറിയാനിക്രിസ്ത്യാനികളുടെ പൊതുസ്വത്തും കേരളത്തിലെ മുഴുവന്‍ ക്രിസ്ത്യാനികള്‍ക്കും അവകാശപ്പെട്ടതുമാണെന്ന് ഒളിഞ്ഞും തെളിഞ്ഞും എഴുതിയും പറഞ്ഞും പുരാതനപ്പാട്ടുകളുടെ സാമുദായികകര്‍തൃത്വം അവകാശപ്പെടുന്നവരുണ്ട്. ക്നാനായര്‍ സുറിയാനിക്രിസ്ത്യാനികളുടെയും കേരള ക്രൈസ്തവരുടെയും ഭാഗമായതിനാല്‍ സാങ്കേതികാര്‍ത്ഥത്തില്‍ ഈ അവകാശവാദം ശരിയുമാണ്. എങ്കിലും ഒരുപടി കൂടി കടന്ന്, ബഹുഭൂരിപക്ഷം പുരാതനപ്പാട്ടുകളും തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും രംഗകലകളുമായി ബന്ധപ്പെടുത്തി ക്നാനായര്‍ രൂപം നല്കി പാടിവന്നിരുന്നതാണെന്നത് ബോധപൂര്‍വം മറച്ചുവയ്ക്കുന്നതായും ചിലരത് സ്വന്തമെന്ന രീതിയില്‍ അവതരിപ്പിക്കുന്നതായും കാണുന്നു. വീട്ടില്‍ കിടക്കുന്ന എന്റെ ചേട്ടന്റെ കാറ് ഞങ്ങളുടെ കാറാണ് എന്ന് എനിക്ക് അവകാശപ്പെടാം, അത് ശരിയുമാണ്. ക്നാനായരൂപതയായ കോട്ടയം അതിരൂപത സീറോ മലബാര്‍ സഭയുടെ ഭാഗമായിരിക്കുന്നതിനാല്‍ ക്നാനായരുടെ പാട്ടുകള്‍ സീറോ മലബാര്‍ സഭയുടേത് ആണെന്നും പറയുന്നത് അതില്‍തന്നെ തെറ്റല്ല. എന്നാല്‍ ഇത് എന്റെ കാറാണ് എന്ന് പറഞ്ഞ് ഞാന്‍ ചേട്ടന്റെ കാര്‍ എടുത്തുകൊണ്ടുപോരാന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കുമോ അങ്ങനെയാണ് ഇത് ക്നാനായക്കാരുടേതല്ല, ഞങ്ങളുടേതാണ് എന്നു ചിലര്‍ പറയുന്ന ന്യായം.
ക്നാനായ സമുദായാംഗംതന്നെ രചിച്ച നസ്രാണികളുടെ പുരാതനപ്പാട്ടുകള്‍: നാടോടിവിജ്ഞാനപഠനം എന്ന ഗവേഷണഗ്രനഥത്തില്‍പോലും ഇപ്രകാരമൊരു ആശയം അടിയൊഴുക്കായി കടന്നുവരുന്നുണ്ട്. പുരാതനപ്പാട്ടുകളുടെ പാട്ടുകൂട്ടായ്മയും അതുവഴി ഉടമസ്ഥതയും വ്യക്തമാക്കിക്കൊണ്ട് പി.യു. ലൂക്കാസ് തന്റെ പുസ്തകത്തിന്റെ ശീര്‍ഷകത്തിന് നല്കിയ സുറിയാനിക്രിസ്ത്യാനികള്‍ എന്ന സംജ്ഞാനാമത്തിനുപകരം, നസ്രാണികള്‍ എന്ന പദമാണ് ഗവേഷണഗ്രനഥത്തില്‍ സ്വീകരിച്ചിരിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഒരു കര്‍തൃത്വമാറ്റപ്രക്രിയ ഇവിടെ നടക്കുന്നുണ്ട്. സുറിയാനിക്രിസ്ത്യാനി എന്ന പദം സുറിയാനി ആരാധനക്രമം ഉപയോഗിച്ചവരെന്ന നിലയിലും, സുറിയാനിഭാഷ ആരാധനക്രമഭാഷയായി ഉപയോഗിച്ചവരെന്ന നിലയിലും തെക്കുംഭാഗര്‍ക്കാണ് കൂടുതല്‍ അനുയോജ്യമായിരിക്കുക; മാര്‍ത്തോമ്മാക്രിസ്ത്യാനികളെ
പൊതുവില്‍ സുറിയാനിക്രിസ്ത്യാനികള്‍ എന്ന് വിളിക്കാറുണ്ടെങ്കിലും. തെക്കുംഭാഗരുടെ പാട്ടുകള്‍ ഉള്‍പ്പെടുന്ന പുസ്തകത്തിന് സുറിയാനിക്രിസ്ത്യാനികള്‍ എന്ന പൊതുസംജ്ഞ പി.യു. ലൂക്കാസ് നല്കാനുള്ള കാരണം അതില്‍ വടക്കുംഭാഗരുടെ പള്ളിപ്പാട്ടുകളും ഉള്‍ച്ചേര്‍ന്നിരുന്നു എന്നതാണ്. ഇതുവരെ തെക്കുംഭാഗരുടെ പള്ളികളെക്കുറിച്ചുള്ള പാട്ടുകള്‍ ചേര്‍ത്തിരിക്കുന്നുവെന്നും “ഇനി വടക്കുംഭാഗരുടെ പള്ളിപ്പാട്ടുകള്‍ മൂന്നാം ഭാഗമായി ചേര്‍ക്കുന്നുവെന്നും ഒന്നാം പതിപ്പില്‍ രണ്ടാം ഭാഗത്തിന്റെ അടിക്കുറിപ്പില്‍ ചേര്‍ക്കുന്നതിലൂടെ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്. തന്നെയുമല്ല, പാട്ടുകള്‍ ആരംഭിക്കുന്നതിനുമുമ്പ് തെക്കുംഭാഗ സുറിയാനിക്രിസ്ത്യാനികളുടെ കല്യാണവിവരണം എന്ന പേരില്‍ ക്നാനായവിവാഹാചാരങ്ങള്‍ സാമാന്യം വിശദമായിത്തന്നെ അദ്ദേഹം നല്കുന്നുമുണ്ട്. ഒരു പൊതുകൃതിയില്‍ ഇപ്രകാരമൊരു വിവരണം ആരംഭത്തില്‍ ചേര്‍ക്കേണ്ടതില്ല.
എന്നാല്‍ ക്നാനായേതര മാര്‍ഗനിര്‍ദേശകന്റെ കീഴില്‍ ചെയ്ത ഗവേഷണത്തിന്റെ പ്രബന്ധശീര്‍ഷകത്തില്‍ നസ്രാണികള്‍ എന്ന് മാറ്റിയിരിക്കുന്നത്, ഈ പദം ഭാരതത്തില്‍ പ്രചാരം നേടിയ വാക്കെന്ന് ഖ്യാതിപ്പെട്ടതിനാല്‍, മാര്‍ത്തോമ്മാശ്ളീഹാ സ്ഥാപിച്ച ഭാരതത്തിലെ സഭാംഗങ്ങള്‍ മുഖ്യമായും സൂചിതമാകും എന്ന ധാരണയിലായിരിക്കണം. ഗ്രന്ഥത്തിന്റെ ശീര്‍ഷകപദമാറ്റത്തിലൂടെപോലും പുരാതനപ്പാട്ടുകളുടെ ക്നാനായ ഉടമസ്ഥതയെ മാറ്റിയെടുക്കാന്‍ ശ്രമം നടന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ തെക്കുംഭാഗരും മാര്‍ത്തോമ്മാനസ്രാണി സമൂഹത്തിന്റെ ഭാഗമാണ് എന്നതിലുപരി നസ്രാണി എന്ന പദത്തിന്റെ പേര്‍ഷ്യന്‍/സുറിയാനി ഉത്ഭവവും ഉപയോഗവും പരിഗണിക്കുമ്പോള്‍ നസ്രാണികള്‍ എന്ന പദം കേരളത്തിലത്തെിച്ചതും പേര്‍ഷ്യന്‍ പൈതൃകം പേറുന്നു തെക്കുംഭാഗര്‍ തന്നെയാണ് എന്നു വിചാരിക്കണം.
തങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്ന പുരാതനപ്പാട്ടുകളുടെ കര്‍തൃത്വത്തെക്കുറിച്ച് അല്പംപോലും സംശയമില്ലാതിരുന്ന ക്നാനായര്‍ അവ തങ്ങളുടേതാണ് എന്ന് കൊട്ടിഘോഷിച്ച് നടക്കാന്‍ മെനക്കെട്ടിട്ടില്ല, മുന്‍കാലങ്ങളില്‍ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്തും തമസ്കരണപ്രക്രിയയ്ക്ക് വിധേയമാക്കപ്പെടുന്ന ഇക്കാലത്ത് തങ്ങളുടെ പുരാതനപ്പാട്ട് കര്‍തൃത്വം ഉച്ചത്തില്‍ വിളിച്ചുപറയേണ്ട, കര്‍ട്ടനുയര്‍ത്തി വെളിയിലത്തെിക്കേണ്ട ഒരു സാഹചര്യം തെക്കുംഭാഗര്‍ക്ക് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ ക്രൈസ്തവ ഫോക് ലോര്‍ പഠനങ്ങളിലെ അദ്വിതീയ ആചാര്യനും തൃശ്ശൂര്‍ സ്വദേശിയുമായ ചുമ്മാര്‍ ചൂണ്ടല്‍ രചിച്ച ക്രിസ്ത്യന്‍ ഫോക്ലോര്‍ (കേരള ഫോക്ലോര്‍ അക്കാദമി തൃശ്ശൂര്‍ 1988) എന്ന പുസ്തകത്തിലെ ഫോക് സോംഗ്സ് എന്ന രണ്ടാം അധ്യായത്തിന്റെ തുടക്കത്തിലെ വാക്യങ്ങള്‍ ഉദ്ധരിച്ച് ഇക്കാര്യം വ്യക്തമാക്കാനാഗ്രഹിക്കുന്നു. …
കേരളത്തിന്റെ ഭൂമിശാസ്ത്ര, ഭാഷാശാസ്ത്ര, വാണിജ്യ, സാംസ്കാരിക, ചരിത്രപഠനങ്ങളില്‍ വിലയേറിയ വിവരങ്ങള്‍ നല്കാന്‍ പര്യാപ്തമായ പുരാതനപ്പാട്ടുകളുടെ സമ്പന്നകലവറയിലെ ആലാപന, സമാഹരണ, പഠനചരിത്രമാണ് ഹ്രസ്വമായി ഇവിടെ അനാവരണം ചെയ്യാന്‍ ശ്രമിച്ചത്. ഏറ്റവും കുറഞ്ഞത് കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളെങ്കിലുമായി പുരാതനപ്പാട്ട് ആലപിച്ചിരുന്നതും സമാഹരിച്ച് താളിയോലകളില്‍ പകര്‍ത്തിവച്ചിരുന്നതും ഈ താളിയോലകള്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നതും പുരാതനപ്പാട്ടുകളുടെ അച്ചടിയുടെ നീണ്ട യജ്ഞങ്ങളും പാട്ടുകളുടെ പഠനചരിത്രങ്ങളും ആധുനികസംരക്ഷണശ്രമങ്ങളുമൊക്കെ തെക്കുംഭാഗരുടെ ഒരു ഗൂഢാലോചനയുടെയും ഫലമല്ല, സ്വന്തം കുഞ്ഞിനെ പൊന്നുപോലെ നോക്കാനുള്ള അമ്മ മനസ്സിന്റെ അബോധചോദനയുടെ ഭാഗംമാത്രമാണ്. സംഘസ്വത്വബോധത്തിന്റെ ഉള്‍ക്കാമ്പില്‍നിന്ന് കിനിഞ്ഞുവരുന്ന ഹൃദയരക്തത്താല്‍ ജീവന്‍ നല്കി ഞങ്ങളത് സംരക്ഷിച്ചിരിക്കും
റവ.ഫാ ബൈജു മുകളേൽ ,പ്രൊഫ.അനിൽ സ്റ്റീഫൻ ,സോനാ റോയി