കത്തോലിക്കാ യൂണിവേഴ്‌സിറ്റികളിലെ അറിയപ്പെടുന്ന പ്രൊഫസറായ സ്‌കോട്ട്‌ഹാന്‍ വിവരിച്ച ഒരു സംഭവം. (ആദ്യം മെത്തഡിസ്റ്റ് പാസ്റ്ററായിരുന്ന സ്‌കോട്ട്‌ഹാന്‍ അറിയപ്പെടുന്ന ബൈബിള്‍ പണ്‌ഡിതനായിരുന്നു. പിന്നീട് കത്തോലിക്കനായി.)
മാര്‍പാപ്പയുമായി ഒരു സ്വകാര്യ കൂടിക്കാഴ്‌ചയ്‌ക്ക് അവസരം ലഭിച്ച് അമേരിക്കയില്‍നിന്നെത്തിയ ഒരു പുരോഹിതന്‍. ഉച്ചകഴിഞ്ഞായിരുന്നു കൂടിക്കാഴ്‌ച. അത് സ്വകാര്യമായ ഒരു ചടങ്ങല്ല. ഒരു ചാപ്പലില്‍ കാത്തിരിക്കുന്ന കുറെയധികം ആളുകള്‍ക്കിടയില്‍ ഒരാള്‍ മാര്‍പാപ്പ വരുമ്പോള്‍ കരം പിടിച്ച് ഒന്നോ രണ്ടോ വാക്കു സംസാരിക്കുവാന്‍ അവസരം ലഭിക്കും. അത്രമാത്രം.
മാര്‍പാപ്പയെ കാണുന്നതിന് മുമ്പുള്ള പ്രഭാതം. പ്രാര്‍ത്ഥനയില്‍ ചെലവഴിക്കാമെന്ന് നിശ്ചയിച്ചു ഈ വൈദികന്‍. സാന്ത മരിയ മജോറെ ബസിലിക്കയില്‍ വന്നു. മഞ്ഞുമാതാവിന്റെ ബസിലിക്കായെന്നും ഇതറിയപ്പെടുന്നു. ദൈവാലയമുറ്റത്തേയ്‌ക്കുള്ള പടിയില്‍ വിവിധ രാജ്യക്കാരായ യാചകര്‍. അവര്‍ക്കിടയില്‍ ഒരു മുഖം വൈദികന് പരിചിതമായി തോന്നി. മനസില്‍ എവിടെയോ പതിഞ്ഞ രൂപം. മുടിയും താടിയും നീട്ടിവളര്‍ത്തിയ ഒരാള്‍. ലഹരി നുരയുന്ന കണ്ണുകള്‍. മുഷിഞ്ഞു നാറിയ വസ്‌ത്രങ്ങള്‍. ഓര്‍മകിട്ടുന്നില്ല. അദ്ദേഹം ദൈവാലയത്തിനുള്ളിലേയ്‌ക്ക് പോയി. പക്ഷേ മനസ് അസ്വസ്ഥമായി. പണ്ട് തന്നോടൊപ്പം ദൈവശാസ്‌ത്രം പഠിച്ച ജിമ്മിനെ ഓര്‍മ വന്നു. ദൈവമേ, അദ്ദേഹമാണോ ഇത്? വര്‍ഷങ്ങള്‍ക്കുമുമ്പ് റോമില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ച ഒരാള്‍. ആ വൈദികന്‍ ഞെട്ടി വിറച്ചുപോയി. പിന്നീട് അദ്ദേഹത്തിന് പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞില്ല. ഓടി ആ യാചകസംഘത്തിനടുത്തെത്തി ചോദിച്ചു. ഫാ. ജിമ്മല്ലേ? ആയിരുന്നു, ഇതായിരുന്നു മറുപടി.
എന്തുപറ്റി ഇങ്ങനെയായിത്തീരാന്‍? ചോദ്യം. ഫാ ജിം വഴങ്ങിയില്ല. നീ നിന്റെ പാട്ടിന് പോ. ഏറെ നേരം ശ്രമിച്ചിട്ടും പഴയതൊന്നും സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വേദനയോടെ വൈദികന്‍ തന്റെ താമസ സ്ഥലത്തേയ്‌ക്ക് മടങ്ങി. ഉച്ചകഴിഞ്ഞ് മാര്‍പാപ്പയുമായുള്ള പ്രൈവറ്റ് ഓഡിയന്‍സിന് സമയമായി. ഓരോരുത്തര്‍ക്കും ആശീര്‍വാദം നല്‍കി. ആ വൈദികന്റെ ഊഴമായി. അദ്ദേഹം മാര്‍പാപ്പയോട് പറഞ്ഞു. ഞാനൊരു ഞടുക്കത്തിലാണ്. എന്നോടൊപ്പം പൗരോഹിത്യം സ്വീകരിച്ച ഒരു മനുഷ്യനെ ഞാനിന്നു കണ്ടു. മഞ്ഞുമാതാവിന്റെ ബസിലിക്കയില്‍ ഒരു യാചകനാണ് അയാളിപ്പോള്‍. അങ്ങ് ഫാ. ജിമ്മിന് വേണ്ടി പ്രാര്‍ത്ഥിക്കണം. പാപ്പ സമ്മതപൂര്‍വം തലയാട്ടി. ഓഡിയന്‍സിന് അവസാനം പാപ്പയുടെ സെക്രട്ടറി അടുത്തെത്തി, ഒരു കവര്‍ സമ്മാനിച്ചു. അതിനുള്ളില്‍ രണ്ടു ടിക്കറ്റുകളുണ്ടായിരുന്നു. മാര്‍പാപ്പയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കാനുള്ള ക്ഷണം. കൂടെ ഒരു കുറിപ്പും ഫാ. ജിമ്മിനെയും ഒപ്പം കൂട്ടുക. ഇത്തരം ഒരു അത്ഭുതം അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചില്ല. വൈകാതെ മരിയ മജോറെ ബസിലിക്കയിലെത്തി. കിട്ടിയ തുണികളെല്ലാം വാരിപ്പൊതിഞ്ഞ് തന്റെ താവളത്തിലേയ്‌ക്ക് പോകാനൊരുങ്ങുകയായിരുന്നു ഫാ. ജിം.
ഫാ. ജിം നില്‍ക്ക്. എനിക്കൊന്ന് സംസാരിക്കണം. ഇന്ന് നമുക്ക് പരി. പിതാവിനൊപ്പം അത്താഴം കഴിക്കാം. അതിനുള്ള ക്ഷണമാണിത്. പോക്കറ്റില്‍ നിന്ന് കവര്‍ ഉയര്‍ത്തിക്കാട്ടി. പൊട്ടിച്ചിരിയായിരുന്നു അതിനുള്ള മറുപടി. “നിങ്ങളെന്തു ഭ്രാന്താണ് ഈ പറയുന്നത്. ഒരു പിച്ചക്കാരനായ എന്നെ മാര്‍പാപ്പ വിരുന്നിന് ക്ഷണിച്ചെന്നോ? നോക്ക് എന്റെ ശരീരം മുഴുവന്‍ അഴുക്കാണ്. കുളിച്ചിട്ട് മാസങ്ങളായി.
എനിക്കിടാന്‍ നല്ല വേഷംപോലുമില്ല.
അതൊന്നും സാരമില്ല. അമേരിക്കന്‍ വൈദികന്റെ നിര്‍ബന്ധംമൂലം അയാളുടെ ഹോട്ടല്‍ മുറിയിലെത്തി കുളിച്ച് വസ്‌ത്രം മാറി മാര്‍പാപ്പയുടെ വിരുന്നു മേശയ്‌ക്കരുകിലെത്തി. അതിഥേയനായി ജോണ്‍ പോള്‍ പാപ്പ. കര്‍ദിനാള്‍ മാരും ആര്‍ച്ചുബിഷപ്പുമാരുമിരുന്ന മേശയില്‍ അപകര്‍ഷതാബോധംകൊണ്ടു ചുരുണ്ടുകൂടിയിരുന്നു ആ യാചകന്‍. ഭക്ഷണം അവസാനിക്കാറായപ്പോള്‍ പാപ്പ എഴുന്നേറ്റ് ഒരു മുറിയിലേയ്‌ക്കു പോയി. പരി. പിതാവിന്റെ സെക്രട്ടറി ഫാ ജിമ്മിനെ സമീപിച്ചു പറഞ്ഞു പിതാവ് താങ്കളെ കാണാന്‍ ആഗ്രഹിക്കുന്നു. വിറയ്‌ക്കുന്ന പാദങ്ങളോടെ അദ്ദേഹം സെക്രട്ടറിയെ പിഞ്ചെന്നു. പരി. പിതാവിന്റെ സ്വകാര്യമുറിയില്‍ പ്രവേശിച്ചു. സെക്രട്ടറിയും പുറത്തിറങ്ങി. ഏകദേശം 20 മിനുട്ട് കഴിഞ്ഞപ്പോള്‍ കണ്ണീരില്‍ സ്‌ഫുടം ചെയ്‌തെടുത്ത മുഖത്തോടെ ഫാ ജിം പുറത്തുവന്നു. നനഞ്ഞ കണ്ണുകളൊടെ മാര്‍പാപ്പയും. സുഹൃത്തായ പുരോഹിതന്‍ ഫാ. ജിമ്മിനോട് ചോദിച്ചു. ഇത്രയും നേരം മാര്‍പാപ്പയുമായി എന്തെടുക്കുകയായിരുന്നു. വിതുമ്പലോടെ അദ്ദേഹം പറഞ്ഞു: മുറിയില്‍ ചെന്നപാടെ പരി. പിതാവ് എന്നോട് ചോദിച്ചു: ഫാ ജിം താങ്കളെന്റെ കുമ്പസാരം കേള്‍ക്കാമോ? ഞാന്‍ നിലവിളുയോടെ ചോദിച്ചു അങ്ങെന്താണ് ഈ പറയുന്നത്? ഞാനൊരു യാചകന്‍ മാത്രമാണ്.
ഞാനുമൊരു യാചകനാണ്. അനുനിമിഷം ദൈവതിരുസന്നിധിയില്‍ കരങ്ങള്‍ നീട്ടുന്ന യാചകന്‍. മാര്‍പാപ്പ പറഞ്ഞു. പക്ഷേ ഫാ ജിം വിസമ്മതം അറിയിച്ചു. ഞാനിപ്പോഴൊരു പുരോഹിതനേയല്ലല്ലോ?
പൗരോഹിത്യം നിത്യമായൊരു കൂദാശയാണ്. ഒരിക്കല്‍ വൈദികനായിരുന്നയാള്‍ എപ്പോഴും വൈദികന്‍ തന്നെയാണ്. പാപ്പ പറഞ്ഞു. ഞാനിപ്പോള്‍ പൗരോഹിത്യ വൃത്തിയ്‌ക്ക് പുറത്താണ്. പാപിയാണ് ഫാ ജിം കരയാന്‍ തുടങ്ങിയിരുന്നു. റോമിന്റെ മെത്രാനും ക്രിസ്‌തുവിന്റെ വികാരിയും എന്ന നിലയില്‍ ഞാന്‍ താങ്കളുടെ നിയന്ത്രണം നീക്കുന്നു. ഈ നിമിഷം മുതല്‍ താങ്കള്‍ പൗരോഹിത്യ ശുശ്രൂഷയ്‌ക്ക് യോഗ്യനാണ്. മാര്‍പാപ്പ കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടി അനുഗ്രഹിച്ചു. പരി. പിതാവ് ഫാ ജിമ്മിന് മുന്നില്‍ മുട്ടിന്മേല്‍ നിന്നു. എളിമയോടും വിശുദ്ധിയോടുംകൂടെ ആ മഹാപുരോഹിതന്‍ പാപസങ്കീര്‍ത്തനം ആരംഭിച്ചു. ഫാ. ജിം പാപ്പയ്‌ക്കു പാപമോചനവും നല്‍കി. മാര്‍പാപ്പയുടെ കുമ്പസാരം കഴിഞ്ഞതോടെ അദ്ദേഹം പാപ്പയുടെ മുന്നില്‍ മുട്ടുകുത്തിയ്‌ക്കൊണ്ടു യാചിച്ചു. ഇനി അങ്ങെന്റെ കുമ്പസാരം കേള്‍ക്കുമോ? നെടുവീര്‍പ്പോടും നിലവിളിയോടും കൂടെ ഫാ. ജിം കുമ്പസാരിച്ചു. അനേക വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കുമ്പസാരം. അന്നു തന്നെ ഫാ ജിമ്മിന് പൗരോഹിത്യ അധികാരങ്ങള്‍ തിരികെ ലഭിച്ചു. ഒരിക്കല്‍ ഭിക്ഷാടനം നടത്തിയിരുന്ന മരിയ മജോറെ ബസിലിക്കയില്‍ ശുശ്രൂഷ ചെയ്യാനും നിയോഗിച്ചു പാപ്പ. റോമിലെ ഭിക്ഷാടകര്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷ.
ചിത്രത്തിന്റെ ഇന്‍സെറ്റില്‍ ഡോ. സ്‌കോട്ട് ഹാന്‍)
source: സണ്‍ഡേ ശാലോം 2013 ജൂണ്‍ 2 ഞായര്‍ പേജ് 1.