നവീകരണസമിതി കേസില്‍ ജില്ലാക്കോടതി വിധിക്കു ശേഷം സ്വീകരിച്ച തുടര്‍ നടപടികള്‍
ജില്ലാക്കോടതിയില്‍ കേസിന്റെ നടപടിക്രമങ്ങള്‍ നടന്ന ദിവസങ്ങളില്‍ ഒരു പ്രാവശ്യമെങ്കിലും കോടതിയിലെത്തിച്ചേര്‍ന്നിരുന്ന ക്‌നാനായ അഭിഭാഷകരെ സെപ്റ്റംബര്‍ 6 ന് വിളിച്ചുകൂട്ടുകയും പാസ്റ്ററല്‍ കൗണ്‍സില്‍ വിളിച്ച് നിര്‍ദ്ദേശങ്ങള്‍ ആരായുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോടതിവിധി ലഭിച്ചതിനുശേഷം സെപ്റ്റംബര്‍ 21-ാം തീയതി ക്‌നാനായ സമുദായത്തിലെ പ്രഗത്ഭരായ സീനിയര്‍ നിയമവിദഗ്ദ്ധരും കേസിന്റെ ദിവസങ്ങളില്‍ കോടതിയിലെത്തിയിരുന്ന ക്‌നാനായ അഭിഭാഷകരുപ്പടെയുള്ളവരും സംയുക്തമായി മൂലക്കാട്ടു പിതാവിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേരുകയുണ്ടായി. പ്രസ്തുത യോഗങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്ത് അതിരൂപതാ നിയമസഹായസെല്ലിലെ അംഗങ്ങള്‍ രൂപതാദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ കേസുനടത്തുന്ന ഹൈക്കോടതി സീനിയര്‍ അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടത്തി. ഇക്കഴിഞ്ഞ പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ കേസിന്റെ നടപടിക്രമങ്ങളെക്കുറിച്ചും കേസില്‍ നല്‍കിയിരിക്കുന്ന രേഖകളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുകയുമുണ്ടായി.
ജില്ലാക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നതിനോട് പൊതുവേ ആരുംതന്നെ യോജിച്ചില്ല. ഹൈക്കോടതിയിലെ അഭിഭാഷകരുടെ നേതൃത്വത്തില്‍ കേസുനടത്തി ആവശ്യാനുസരണം കൂടുതല്‍ പ്രഗത്ഭരായ അഭിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്താനാണു തീരുമാനിച്ചിട്ടുള്ളത്. വിരമിച്ച ജഡ്ജിമാരെയും സീനിയര്‍ അഭിഭാഷകരെയും ഉള്‍പ്പടെ എല്ലാവരുടേയും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് കേസിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്.
എല്ലാ ക്‌നാനായ അഭിഭാഷകരുടേയും യോഗം അഭിവന്ദ്യ മൂലക്കാട്ടു പിതാവിന്റെ അദ്ധ്യക്ഷതയില്‍ ഒക്‌ടോബര്‍ 8 നു ചേര്‍ന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ചു. അതിരൂപതയിലെ വിവിധ നിയമങ്ങള്‍ക്കു രൂപം നല്‍കുമ്പോള്‍ അവ നമുക്കു പ്രതികൂലമായി ഉപയോഗിക്കാന്‍ ഇടവരാത്തവിധം സൂക്ഷ്മതയോടെ തയ്യാറാക്കുവാനും നിലവിലുള്ള നിയമസംഹിതയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുവാനും അഭിഭാഷകര്‍ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. കൂടാതെ കേസു സംബന്ധമായ കാര്യങ്ങളില്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖകളും അയച്ചു നല്‍കുന്നതിനായി knanayacivilcases@gmail.com എന്ന മെയില്‍ ഐ.ഡി രൂപീകരിച്ച് അറിയിപ്പു നല്‍കിയിട്ടുണ്ട്.