സ്വവർഗ വിവാഹത്തിന് അനുകൂലമായി സഭാപിതാക്കന്മാർ ചിന്തിക്കുന്നു; സിനഡ് അംഗീകാരം നൽകിയേക്കും എന്ന രീതിയിലുള്ള ഫ്‌ളാഷ് ന്യൂസുകൾ, വത്തിക്കാനിൽ സിനഡ് നടക്കുമ്പോൾ മലയാളത്തിലെ ചില ചാനലുകളിൽ വന്നിരുന്നു. മാർപാപ്പ പ്രത്യേക സിനഡ് പ്രഖ്യാപിച്ചതു മുതൽ സഭയിൽ എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ ജനിപ്പിക്കാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ സിനഡ് ആരംഭിച്ചപ്പോൾ- കുടുംബവുമായി ബന്ധപ്പെട്ട് സഭ ഉയർത്തിപ്പിടിച്ചിരുന്ന നിലപാടുകൾ മുഴുവൻ ഫ്രാൻസിസ് മാർപാപ്പ തിരുത്തിയെഴുതാൻ പോകുന്നുവെന്ന വിധത്തിലുള്ള വാർത്തകൾ വരാൻ തുടങ്ങി. പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയാകളിലും. നിയമങ്ങൾക്ക് പൊളിച്ചെഴുത്ത് ഉണ്ടാകുമെന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ പരിധിവരെ മാധ്യമങ്ങൾ വിജയിക്കുകയും ചെയ്തു. സ്വവർഗവിവാഹം, ഗർഭഛിദ്രം, വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുക തുടങ്ങി സഭ എതിർത്തിരുന്ന കാര്യങ്ങൾക്ക് എതിരായ നിലപാടാണ് ഫ്രാൻസിസ് മാർപാപ്പയുടേത് എന്നായി മാധ്യമങ്ങൾ. സഭ ഒരു വശത്തും മാർപാപ്പ മറുവശത്തുമാണെന്ന ധാരണ സൃഷ്ടിക്കുകയായിരുന്നു ആദ്യപടി. ഇക്കാര്യങ്ങളിൽ സഭ സ്വീകരിച്ചുപോന്ന നിലപാടുകൾ തിരുത്തുമെന്ന പ്രചാരണവും ഉണ്ടായി. ലോകം മുഴുവനുമുള്ള മാർപാപ്പയുടെ സ്വീകാര്യത മനസിലാക്കിക്കൊണ്ടുതന്നെ പാപ്പായ്ക്ക് എതിരെ അവർ ഒന്നും പറഞ്ഞില്ല. മറിച്ച് കർദിനാൾമാരും മാർപാപ്പയും ഇക്കാര്യത്തിൽ രണ്ട് തട്ടിലാണെന്ന് മാധ്യമങ്ങൾ പറയാതെ പറഞ്ഞുകൊണ്ട് വിശ്വാസികളിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ പരത്തി.
ഈ വിഷയങ്ങളിൽ സഭയുടെ അടിസ്ഥാന കാഴ്ചപ്പാടുകളിൽ മാറ്റം വരില്ലെന്ന് ബോധ്യമുള്ളവർ തന്നെയാണ് പ്രചാരണങ്ങളുടെ പിന്നിൽ. മാർപാപ്പയ്ക്ക് പാരമ്പര്യവാദികളുടെ കടുംപിടുത്തത്തിന് മുന്നിൽ മുട്ടു മടക്കേണ്ടിവന്നുവെന്ന് സിനഡ് കഴിയുമ്പോൾ പ്രചരിപ്പിക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല. അതു പറയാൻ സാധ്യത ഏറെയാണ്. സിനഡുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ ഉളവാക്കുന്ന വാർത്തകൾ പടച്ചുവിടുമ്പോൾ അതിന്റെ പിന്നിലുള്ള ബുദ്ധികേന്ദ്രങ്ങൾക്ക് ഉറപ്പുണ്ട് – ഈ വാർത്തകൾക്ക് മണിക്കൂറുകളുടെ മാത്രം ആയുസേ ഉണ്ടായിരിക്കൂ എന്ന്. പിന്നെന്തിനാണ് ഇങ്ങനെയുള്ള വാർത്തകൾ ഉണ്ടാക്കാൻ മെനക്കെടുന്നത് എന്ന സംശയം സ്വാഭാവികമാണ്. കൃത്യമായ ഒരു അജണ്ടയുണ്ട് അതിന് പിന്നിൽ. ഇപ്പോൾ വിഷയം ചർച്ചയാക്കിയാൽ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കാൻ കഴിയുമെന്ന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അറിയാം. അതിനാൽ ഈ വിവാദവിഷയങ്ങൾ ചർച്ചയാക്കാൻ ഇതിലും നല്ല സമയം ഉടനെയൊന്നും ലഭിക്കില്ലെന്ന ബോധ്യം അവർക്കുണ്ട്. സഭ സ്വവർഗ വിവാഹത്തെപ്പറ്റിയോ ഗർഭചിദ്രത്തെക്കുറിച്ചോ ചർച്ച ചെയ്യുന്നുവെന്ന വാർത്തയ്ക്കുവരെ ഭാവിയിൽ വലിയ പ്രയോജനം അവർ പ്രതീക്ഷിക്കുന്നു. പല മ്ലേച്ഛതകളും നിയമങ്ങളായി മാറിയത് അനേക കാലത്തെ ചർച്ചകളിലൂടെയാണ്. കുറച്ചു കഴിയുമ്പോൾ സഭ ഇതിന് അനുകൂലമായി ചിന്തിക്കും എന്നല്ല അവർ കരുതുന്നത്. ഇതിലൂടെ ലോകരാജ്യങ്ങളിൽ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക, ജനങ്ങളുടെ എതിർപ്പ് പരമാവധി കുറയ്ക്കുക എന്നതൊക്കെയാണ് ലക്ഷ്യങ്ങൾ. പല രാജ്യങ്ങളിലും ഈ മ്ലേച്ഛതകളെ പിന്താങ്ങുന്നവർ അധികാരകേന്ദ്രങ്ങളിലുണ്ട്.
കുടുംബങ്ങളെ തകർക്കാൻ സംഘടിതമായ ശ്രമങ്ങൾ ലോകത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഈ ദിവസങ്ങളിൽ കേട്ട ചില വാർത്തകൾ ശ്രദ്ധിച്ചാൽ അത് എളുപ്പത്തിൽ മനസിലാകും. കരിയറിൽ ശ്രദ്ധിക്കുന്നതിനായി ഗർഭധാരണം നീട്ടിവയ്ക്കുന്ന വനിതാ ജീവനക്കാർക്ക് വലിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ആപ്പിൾ കമ്പനി രംഗത്തുവന്നിരിക്കുന്നു. സ്ഥിരം-താൽക്കാലിക ഉദ്യോഗസ്ഥകളുടെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതിന് കമ്പനി 20,000 ഡോളർ (12 ലക്ഷം രൂപ) നൽകുമെന്നാണ് പ്രഖ്യാപനം. ഇങ്ങനെ സൂക്ഷിക്കുന്നവർക്ക് തിരക്കുകൾ കഴിഞ്ഞ് സ്വസ്ഥമാകുമ്പോൾ ഗർഭധാരണം നടത്താമെന്നാണ് കമ്പനി പറയുന്നു. അടുത്ത ജനുവരി മുതലാണ് ഈ ഓഫർ നിലവിൽ വരുന്നത്. ഫെയ്‌സ്ബുക്ക് എന്ന ആഗോള ഭീമൻ കമ്പനി നിലവിൽ ഈ ആനുകൂല്യം നൽകുന്നുണ്ട്. കമ്പനിയുടെ കാര്യക്ഷമത വർധിപ്പിക്കാനും സ്ത്രീശാക്തീകരണവുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നാണ് അവർ നൽകുന്ന വിശദീകരണം. സ്ത്രീകൾക്ക് നൽകുന്ന ആനുകൂല്യമായിട്ടാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. അങ്ങനെ സ്ത്രീകൾക്ക് അവരുടെ കരിയർ ഭദ്രമാക്കാമെന്നും കമ്പനിക്ക് കാര്യക്ഷമതയുള്ള ജീവനക്കാരെ നഷ്ടമാകാതെയിരിക്കുമെന്നും വിശദീകരിക്കുന്നു. കേൾക്കുമ്പോൾ ശരിയെന്ന് തോന്നാം. ആഗോള കുത്തക കമ്പനികളെ അനുകരിക്കാൻ മറ്റു കമ്പനികളും താമസിയാതെ മുന്നോട്ടുവരാതിരിക്കില്ല. ലോകത്തെ കോടീശ്വരന്മാരുടെ മുൻപന്തിയിൽ നിൽക്കുന്ന വാറൻ വഫറ്റ് കോടിക്കണക്കിന് ഡോളറാണ് അബോർഷനുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ വർഷവും നൽകുന്നത്. ജനസംഖ്യാവർധനവാണ് ദാരിദ്ര്യത്തിന് കാരണമെന്നാണ് അവരുടെ പോളിസി. ആ പണം പട്ടിണി കിടക്കുന്നവർക്ക് നൽകുകയാണെങ്കിൽ എത്രയോ പേരുടെ വിശപ്പ് മാറിയേനേ!
അതിശക്തരെന്ന് ലോകം വിശേഷിപ്പിച്ച വനിതാ നേതാക്കന്മാരെ എടുക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ, ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ തുടങ്ങിയ എല്ലാവരും വിവാഹിതരും മക്കളുള്ളവരും ആയിരുന്നു. ഇപ്പോഴത്തെ ഇന്ത്യയിലെ വനിതാ മന്ത്രിമാരെയും ഉയർന്ന ഉദ്യോഗസ്ഥകളെയും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ തലപ്പത്തുള്ള വനിതകളുടെ കാര്യത്തിലും ഏതാണ്ട് അങ്ങനെതന്നെയാണ്. അവരിൽ ഭൂരിപക്ഷവും വിവാഹിതരും മക്കളുള്ളവരുമാണ്. മക്കൾ ഉണ്ടായാൽ കരിയറിൽ ഉയർച്ച ഉണ്ടാവില്ലെന്ന വാദത്തിന് അടിസ്ഥാനവുമില്ലെന്നാണ് ഇതിൽനിന്നും വ്യക്തമല്ലേ? കുടുംബത്തിന് എതിരെയുള്ള പ്രചാരത്തിന്റെ ഒരു ഭാഗമാണ് ഈ വാഗ്ദാനങ്ങൾ. 40-45 വയസിനിടയിൽ ആദ്യ കുട്ടിക്ക് ജന്മം നൽകുന്ന സ്ത്രീകളുടെ എണ്ണം യൂറോപ്യൻ രാജ്യങ്ങളിൽ വർധിച്ചുവരുന്നതായി ചില പഠനങ്ങൾ തെളിയിക്കുന്നുണ്ട്. യുറോപ്പിൽ മുളപൊട്ടുന്ന ആശയങ്ങൾക്ക് വളരെ പെട്ടെന്നായിരിക്കും നമ്മുടെ രാജ്യത്ത് സ്വീകാര്യത ലഭിക്കുന്നത്. അടുത്തതായി ഇവർ പറയാൻ പോകുന്നത്, ഉടനെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ച നിങ്ങൾ എന്തിനാണ് വിവാഹം എന്ന ചട്ടക്കൂട്ടിൽ സ്വയം തളച്ചിടുന്നത്. ഇഷ്ടമുള്ള ആളിന്റെ കൂടെ താമസിച്ചിട്ട് കുഴപ്പമില്ലെന്ന് തോന്നിയാൽ വിവാഹം കഴിച്ചാൽ പോരേ? പിന്നീട് പറയാൻ സാധ്യതയുള്ളത്, പ്രായമേറിയില്ലേ ഇനി എന്തിനാണ് മക്കൾ? ആവശ്യമില്ലാത്ത ചുമട് തലയിൽ വയ്‌ക്കേണ്ട ആവശ്യമുണ്ടോ എന്നൊക്കെയായിരിക്കും. കേൾക്കുമ്പോൾ ഈ വാദവും ശരിയാണെന്ന് തോന്നാം. കുട്ടികളാണ് ഒരു പരിധിവരെ വിവാഹമോചനങ്ങളിൽനിന്നും കുടുംബത്തകർച്ചകളിൽനിന്നും കുടുംബങ്ങളെ സംരക്ഷിച്ചു നിർത്തുന്ന കോട്ട. മക്കളെ പ്രതിയാണ് ദമ്പതികൾ വിട്ടുവീഴ്ചകൾക്ക് പലപ്പോഴും തയാറാകുന്നത്. മക്കൾ ഇല്ലെങ്കിൽ വേർപിരിയലുകൾക്ക് വേഗത കൂടും. മനുഷ്യന്റെ പ്രത്യേകത അവന് ഹൃദയവും മനസും ഉണ്ടെന്നതാണ്. ദമ്പതികളുടെ സ്‌നേഹത്തിന്റെ പ്രതിഫലനമാണ് മക്കൾ. അല്ലാതെ യന്ത്രത്തിൽനിന്നും വിരിയിച്ചെടുത്താൽ മാനുഷിക ഭാവങ്ങൾ ഉണ്ടാവില്ല.
കുടുംബങ്ങൾക്ക് വെളിച്ചം പകരാൻ ലക്ഷ്യമാക്കി നടത്തുന്ന സിനഡിനെ തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കാൻ തിന്മ ഉപയോഗിക്കാൻ ശ്രമിക്കുമെന്ന് ഒരുപക്ഷേ ചിന്തിക്കാൻ പ്രയാസമായിരിക്കും. പോലീസ് സ്റ്റേഷനിൽ കള്ളൻ കയറുമെന്ന് നമുക്ക് ആലോചിക്കാൻ കഴിഞ്ഞെന്നുവരില്ല. വചനം പറയുന്നു: ”ഈ യുഗത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ വെളിച്ചത്തിന്റെ മക്കളെക്കാൾ ബുദ്ധിശാലികളാണ്” (ലൂക്കാ 16:8). അതിനാൽ കരുതിയിരിക്കണം. ഏതു രീതിയിലും വഴിതെറ്റിക്കാൻ ശ്രമങ്ങളുണ്ടാകും. ഗർഭധാരണം നീട്ടിവയ്ക്കാൻ പ്രോത്സാഹനവും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുമ്പോൾ- കുടുംബ ജീവിതം സ്ത്രീകളുടെ കരിയറിനെ തളർത്തുമെന്നൊരു സന്ദേശം ഇതിന് പിന്നിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നത് കാണാതെ പോകരുത്. കുടുംബങ്ങളുടെ തായ്‌വേര് അറക്കാനുള്ള ശ്രമങ്ങൾ പല രീതിയിൽ നടക്കുന്നുണ്ട്. ഇത് ആപ്പിളോ ഫേസ്ബുക്കോ വാറൻ വഫറ്റിലോ ഒതുങ്ങി നിൽക്കുന്നതല്ല. തിന്മ പല രീതിയിൽ ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഒന്ന് ഉറച്ചു വിശ്വസിക്കാം- കുടുംബങ്ങളെ തകർക്കുന്ന ഒരു തീരുമാനവും സിനഡിൽ ഉണ്ടാവില്ല. കാരണം, സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്.
by Benny Punnathura in the Editorial of Shalom online
Source : https://shalomonline.net/sundayshalom/editorial/edi-cat/item/7452-2014-10-25-05-09-28