കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കെ.സി.ബി.സി ജസ്‌റ്റിസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറവുമായി സഹകരിച്ച് കുട്ടികളുടെ അവകാശ സംരക്ഷണം എന്ന വിഷയത്തെ ആസ്‌പദമാക്കി സിമ്പോസിയം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സിമ്പോസിയത്തിന്റെ ഉദ്‌ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണം സാമൂഹിക ഉത്തരവാദിത്വമാണെന്ന തിരിച്ചറിവില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കണമെന്ന് അവര്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജോര്‍ജ്ജ്, കോട്ടയം ചൈല്‍ഡ് പ്രൊട്ടക്‌ഷന്‍ ഓഫീസര്‍ വി. ജെ. ബിനോയി, ഏറ്റുമാനൂര്‍ അസി. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഷാജി സെബാസ്റ്റ്യന്‍, കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍, അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, പ്രോഗ്രാം ഓഫീസര്‍ സി. പ്രീതി എസ്.ജെ.സി എന്നിവര്‍ പ്രസംഗിച്ചു. സിമ്പോസിയത്തോടനുബന്ധിച്ച് ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ നേരിടുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗ്ഗവും എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തപ്പെട്ടു. അഡ്വ. രാജി പി. ജോയി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ശിശുക്ഷേമ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ശിശുക്ഷേമ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു.