ഈശോയുടെ പീഡാസഹനങ്ങളെക്കുറിച്ച് നാം ധ്യാനിക്കുന്ന കാലമാണല്ലോ വലിയ നോമ്പ്. അവിടുത്തെ പീഡാസഹനത്തെക്കുറിച്ച് ധ്യാനിക്കുകയും അവയോട് എക്യപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്ത താപസവര്യരായ വിശുദ്ധര്‍ക്ക് ദൈവം പഞ്ചക്ഷതങ്ങള്‍ നല്‍കി അനുഗ്രഹിച്ചിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? അവ ലഭിച്ചിട്ടുള്ള ചില വിശുദ്ധരെ നമുക്കിന്ന് പരിചയപ്പെടാം. വി. ഫ്രാന്‍സീസി അസ്സീസി, വി. പാദ്രേ പിയോ എന്നിവര്‍ അവരില്‍ ചിലരാണ്. പഞ്ചക്ഷതങ്ങള്‍ എന്നാലെന്താണ്?
കുരിശില്‍ തറയ്ക്കപ്പെട്ട ഈശോമിശിഹായുടെ ശരീരത്തില്‍ ഏല്പിക്കപ്പെട്ട അഞ്ചു പ്രധാന തിരുമുറിവുകളാണ് പഞ്ചക്ഷതങ്ങള്‍ (പഞ്ചം = അഞ്ച്) ഈശോയുടെ ഇരുകാലുകളിലെയും ഇരുകൈകളിലെയും ഹൃദയഭാഗത്തെയും മുറിവുകളാണ് പഞ്ചക്ഷതങ്ങള്‍ (Stigmata എന്ന് ഇംഗ്ലീഷ്). ക്രൈസ്തവ ചരിത്രത്തെ വലിയ വിശുദ്ധനായ ഫ്രാന്‍സീസ് അസീസി പഞ്ചക്ഷതധാരിയായത് എങ്ങനെയാണ്? ജീവിതത്തിന്റെ അന്ത്യ ഘട്ടത്തോടടുത്തപ്പോള്‍ തന്റെ സന്തത സഹചാരിയായ ബ്ര ലിയോയെയും കൂട്ടി ഫ്രാന്‍സീസ് അല്‍വേര്‍ണോ മലയിലേയ്ക്ക് പോയി. അസ്ഥി തുളയ്ക്കുന്ന തണുപ്പുള്ള ദിവസങ്ങളില്‍ ഒരാള്‍ക്കു മാത്രം കഴിയാന്‍ ഇടമുള്ള ഗുഹയില്‍ പ്രാര്‍ഥിച്ചു കൊണ്ടിരുന്ന ഫ്രാന്‍സീസ് ലിയോയെപ്പോലും തന്റെ ഗുഹയ്ക്ക് സമീപമെത്താന്‍ അനുവദിച്ചില്ല. ഈശോമിശിഹാ കുരിശില്‍ സഹിച്ച പീഡകള്‍ ലോകത്തിന് വേണ്ടി സഹിക്കാന്‍ ഫ്രാന്‍സീസ് ആഗ്രഹിച്ചു. കുരിശിന്റെ പുകള്‍ചയുടെ തിരുനാള്‍ ദിനം ജ്വലിക്കുന്ന മാലാഖ പ്രത്യക്ഷനായി അപ്പോള്‍ ക്രൂശിതനായ ഈശോയെയും വിശുദ്ധന്‍ കണ്ടു. ക്രൂശിതന്‍ ഫ്രാന്‍സീസിനെ സ്പര്‍ശിച്ചു. കഠിനവേദനയോടെയും അവര്‍ണനീയമായ സന്തോഷത്തോടെയും ഫ്രാന്‍സീസ് നിലംപതിച്ചു. ലിയോ പിന്നീട് ഫ്രാന്‍സീസിനെ പിടിച്ചെഴുന്നേല്‍പിക്കുമ്പോള്‍ ഫ്രാന്‍സീസിന്റെ ശരീരത്തില്‍ പഞ്ചക്ഷതങ്ങള്‍, അവിടെനിന്നും രക്തവും.
ഫ്രാന്‍സീസിന്റെ ജീവിതത്തിലെ ഈ സംഭവം വായിക്കുമ്പോള്‍ ഒരു കഥപോലെ നിങ്ങള്‍ക്കു തോന്നാം. 20 ആം നൂറ്റാണ്ടില്‍ മരിച്ച (1968 ല്‍ മരണം) വി. പാദ്രേ പിയോയെന്ന ഇറ്റാലിയന്‍ വൈദികനും പഞ്ചക്ഷതങ്ങള്‍ ലഭിച്ചിരുന്നു. അതുമായി അദ്ദേഹം 50 വര്‍ഷക്കാലം ജീവിച്ചിരുന്നു. പ്രസ്തുത വിശുദ്ധന്റെ ജീവിതത്തിലെ ചില രംഗങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ചുട്ടുണ്ട്. (വിശുദ്ധന്റെ കയ്യിലെ മുറിവുകള്‍ കയ്യുറകളാല്‍ മറച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം.)
”ഈശോയേ, കാല്‍വരിക്കുന്നില്‍ അങ്ങ് അനുഭവിച്ച വേദനയുടെ പങ്ക് എനിക്കും തരണമെ”യെന്ന് പ്രാര്‍ത്ഥിച്ച കാസിയായിലെ വി. റീത്തായ്ക്ക് ഈശോ അനുവദിച്ച് നല്‍കിയത് തന്റെ മുള്‍മുടിയില്‍നിന്നുള്ള ഒരു മുള്ളിന്റെ മുറിവ് അവളുടെ തലയില്‍ അനുഭവിക്കാനാണ്.
ഏപ്രില്‍ 1 നുള്ള TASK
വായിക്കാന്‍: വി. മത്തായിയുടെ സുവിശേഷം 11,12 അധ്യായങ്ങള്‍
ചെയ്യാന്‍: ക്രൂശിതനായ ഈശോയുടെ അഞ്ചു തിരുമുറിവുകളുടെ പടം വരയ്ക്കുക. ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാകുന്ന അനിഷ്ടകരമായ കാര്യം ഈശോയ്ക്കുവേണ്ടി കാഴ്ചവയ്ക്കുക (ചിത്രം എഫ് ബി യില്‍ പോസ്റ്റ് ചെയ്യാവുന്നതാണ്).
മനപാഠമാക്കാന്‍: “ഞാന്‍ ക്രിസ്തുവിനോടുകൂടി ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത് (ഗലാ 2,20).
ഉത്തരമെഴുതുക
1. വി. ഫ്രാന്‍സീസ് അസീസിയുടെ സഹചാരിയായ സന്യാസിയുടെ പേര്?
2. വി. ഫ്രാന്‍സീസിന് പഞ്ചക്ഷതം ഉണ്ടായ മലയുടെ പേര്?
3. പഞ്ചക്ഷതം എന്നതിന്റെ ഇംഗ്ലീഷ് വാക്ക്?
4. വി. പാദ്രേ പിയോ മരിച്ച വര്‍ഷം?
5. വി. റീത്തായ്ക്കു ലഭിച്ച തിരുമുറിവ് ഏതായിരുന്നു?
NB: FB യിൽ മുതിർന്നവർ (മാതാപിതാക്കളോ അധ്യാപകരോ) മാത്രമേ അംഗങ്ങളാകുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യാവൂ. പ്ലസ് two കാലം വരെ കുട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുക. സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള പ്രലോഭനത്തിൽനിന്നു നമുക്ക് അകന്നു നിൽക്കാം
ഓരോ ദിവസവും നല്‍കുന്ന ടാസ്‌കുകള്‍ 5 ആം ക്ലാസുമുതലുള്ള കുട്ടികള്‍ ചെയ്താല്‍ മതിയാവും. എല്‍ പി ക്ലാസുകാര്‍ വീഡിയോകള്‍ കാണുകയും പ്രാര്‍ത്ഥനകള്‍ ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്യണം.