കോട്ടയം രൂപതയില്‍ വി. അമ്മ ത്രേസ്യായുടെ നാമധേയത്തിലുള്ള പ്രഥമ ദേവാലയം 1918-ല്‍ കോട്ടയം ജില്ലയില്‍ പാലത്തൂരുത്തില്‍ സ്ഥാപിതമായി. പാലത്തുരുത്തേല്‍ തോമായും തറയില്‍ പഴയ പുരയില്‍ റ്റി.എസ്. ഉതുപ്പാനുമാണ് ഈ ഇടവക ദേവാലയത്തിന്റെ പ്രാംരംഭകര്‍ . പള്ളിയും സ്‌കൂളും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പാലത്തുരുത്തേല്‍ തോമ ദാനമായി നല്‍കിയ 50 സെന്റ് വസ്‌തുവില്‍ അവര്‍ ഇരുവരും ചേര്‍ന്ന് തെക്ക്-വടക്കായി ഒരു കെട്ടിടം സ്ഥാപിച്ചു.
കൈപ്പുഴപ്പള്ളി ഇടവകക്കാരായ ഈ ദേശത്തുകാരുടെ സൗകര്യം പരിഗണിച്ച്, പള്ളി വേണമെന്ന നിരന്തരമായ അപേക്ഷയുടെ ഫലമായി അന്നത്തെ കോട്ടയം രൂപതാദ്ധ്യക്ഷനായ അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവിന്റെ കല്‌പനപ്രകാരം 1918 ഏപ്രില്‍ 1-ന് ഫാ.ജയ്‌ക്കബ് തറയില്‍ പ്രസ്‌തുത കെട്ടിടത്തില്‍ ആദ്യമായി ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് ഞായറാഴ്‌ചകളില്‍ കൈപ്പുഴ പള്ളിയില്‍ നിന്നും വൈദികര്‍ വന്ന് ദിവ്യബലി അര്‍പ്പിച്ചു പോന്നു. അങ്ങനെ പള്ളിയും സ്‌കൂളും ഒരേ കെട്ടിടത്തില്‍ നടത്തിപ്പോന്നു. പള്ളിയും സ്‌കൂളും നടത്തിക്കൊണ്ടുപോകുവാന്‍ സാമ്പത്തിക പ്രശ്‌നം അനുഭവപ്പെട്ടപ്പോള്‍ തറയില്‍ തെക്കേതില്‍ മാടമ്പി ജയ്‌ക്കബ് ആയതിന് സന്മനസ്സ് കാണിച്ച് മുമ്പോട്ട് വന്നു. ഇതിനാവശ്യമായ അനുവാദം അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവ് 1925 ഡിസംബര്‍ 24 ന് നല്‍കുകയും ചെയ്‌തു.
1926 ഒക്‌ടോബര്‍ 1ന് ഫാ.ലൂക്ക് വഞ്ചിപുരയ്‌ക്കല്‍ പുതിയ പള്ളിക്ക് കല്ലിടുകയും, പണി പൂര്‍ത്തിയായതിനെ തുടര്‍ന്ന് അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവ് 1927 ഒക്ടോബര്‍ 19 ന് പുതിയ പള്ളി വെഞ്ചരിച്ച് അവിടെ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് പള്ളിമുറിയും സ്‌കൂളിനായി പുതിയ കെട്ടിടവും നിര്‍മ്മിച്ചു. പുതിയ പള്ളിയുടേയും വൈദീകമന്ദിരത്തിന്റെയും പുതിയ സ്കൂള്‍ കെട്ടിടത്തിന്റെയും സകല ചെലവും വഹിച്ചത് ഷെവലിയാര്‍ ജേക്കബ് ആയിരുന്നു. തുടര്‍ന്ന് ഈ പള്ളിയുടെ സാമ്പത്തികമായ കാര്യാന്വേഷണങ്ങളും സഹായങ്ങളും നിര്‍വഹിച്ചു കൊണ്ടിരുന്നത് അഭിവന്ദ്യ തറയില്‍ തോമസ് മെത്രാന്റെ സഹോദരനും ഷെവലിയാര്‍ ജേക്കബിന്റെ മകനുമായ തറയില്‍ തെക്കേതില്‍ കുരുവിള ആയിരുന്നു. പാലത്തുരുത്ത് പള്ളി ഒരു ഇടവകയായാക്കി കിട്ടുന്നതിന്റെ പ്രാരംഭനടപടി എന്നവണ്ണം, ഒരു സെമിത്തേരി നിര്‍മ്മിക്കുവാന്‍ അഭി.പിതാവ് നിര്‍ദ്ദേശിച്ചു. ഇടവകക്കാരുടെ സഹകരണത്തോടെ ഫാ. മാത്യു ഇളപ്പാനിക്കലിന്റെ നേതൃത്വത്തില്‍ ആധുനിക രീതിയിലുള്ള വോള്‍ട്ടിന്റെ നിര്‍മ്മാണം നടത്തുകയും 1979 മാര്‍ച്ച് 11 ന് അഭി. പിതാവ് വെഞ്ചരിക്കുകയും ചെയ്‌തു. 1979 മെയ് 1ന് പാലത്തുരുത്ത് പള്ളി ഒരു സ്വതന്ത്രയൂണിറ്റായി ഉയര്‍ത്തിയെങ്കിലും യഥാര്‍ത്ഥ ഇടവകയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത് 1984 ജൂലൈ 21നാണ്. വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് പള്ളി പുതുക്കി പണിയണമെന്ന ആഗ്രഹത്തിന്റെ ഫലമായി വടക്ക് – തെക്കായി സ്ഥിതി ചെയ്യുന്ന ഇപ്പോഴത്തെ മനോഹരമായ പള്ളിയുടെ ശിലാസ്ഥാപനം 1990 ഒക്‌ടോബര്‍ 15-നും കൂദാശകര്‍മ്മം 1993 മെയ് 29നും അഭി. കുന്നശ്ശേരില്‍ പിതാവ് നിര്‍വ്വഹിച്ചു. ഫാ.കുര്യാക്കോസ് താഴത്തോട്ടത്തിലാണ് പള്ളിയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.
വിസിറ്റേഷന്‍ കന്യകാസമൂഹത്തിന്റെ ഒരു ശാഖാഭവനം 1961 ഫെബ്രുവരി 11 മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 13 ന് ശേഷം വരുന്ന ഞായറാഴ്‌ചയാണു വി. അമ്മ ത്രേസ്യായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം ആചരിക്കുന്നത്. എല്ലാ വര്‍ഷവും ഡിസംബര്‍ 18 ന് 12 മണിക്കൂര്‍ ആരാധനയും നടത്തുന്നു.