9567789732, 0481 - 2790948 (Reception) | 9400331281 (Office)

St. Thomas Knanaya Catholic Church, Ramamagalam

St. Thomas Knanaya Catholic Church Ramamagalamഎറണാകുളം ജില്ലയില്‍ മൂവാറ്റുപുഴയ്‌ക്കടുത്ത്‌ രാമമംഗലം പ്രദേശത്ത്‌ താമസിച്ചിരുന്ന ക്‌നാനായമക്കള്‍ തങ്ങളുടെ മാതൃദേവാലയമായ പിറവം കൊച്ചുപള്ളിയില്‍ പോയി മൃതസംസ്‌കാരവും മറ്റ്‌ ആദ്ധ്യാത്മിക കാര്യങ്ങളും നടത്തുവാനുള്ള ബുദ്ധിമുട്ട്‌ മൂലം 1917 -ല്‍ ഏലൂര്‍ ബ.തോമസച്ചന്റെ നേത്യത്വത്തില്‍ ഇവിടെ വി. തോമാഗ്ലീഹായുടെ നാമധേയത്തില്‍ പള്ളി സ്ഥാപിച്ചു. ദേവാലയം സ്ഥാപിക്കുന്നതിനുള്ള സ്ഥലം നല്‌കി സഹായിച്ചത്‌ നാരകത്തുംകാട്ടില്‍ മാത്തനും ഭാര്യ അച്ചാമ്മയും ആണ്‌. അവരെ ഈ ഇടവക ജനം ഇന്നും നന്ദിയോടെ സ്‌മരിക്കുന്നു. ആദ്യകാലങ്ങളില്‍ പ്രധാനസഞ്ചാരമാര്‍ഗ്ഗം ജലമാര്‍ഗ്ഗമായതിനാലാണ്‌ മൂവാറ്റുപുഴയാറിന്റെ തീരത്ത്‌ പള്ളി സ്ഥാപിച്ചത്‌. പിറവത്ത്‌ നിന്നാണ്‌ വൈദികര്‍ ഇവിടെ വന്ന്‌ ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്‌. ദേവാലയത്തിന്റെ സ്ഥലപരിമിതിമൂലം തറയില്‍ ബ.തോമസച്ചന്റെ നേത്യത്വത്തില്‍ പഴയദേവാലയം പുതുക്കി പണിയുകയുണ്ടായി.

പഴയദേവാലയത്തിന്റെ ശോച്യവസ്ഥ മൂലം ഒരു പുതിയ ദേവാലയം പണിയണമെന്നുള്ള ആഗ്രഹം ഇടവകാംഗങ്ങള്‍ക്ക്‌ ഉണ്ടാകുകയും രാമച്ചനാട്ട്‌ ബ. ലൂക്ക്‌ അച്ചന്റെയും പിന്നീട്‌ വന്ന കട്ടേല്‍ ബ.തോമസച്ചന്റെ്‌യും പരിശ്രമത്തിന്റെ്‌ ഫലമായി 2004 ഒക്‌ടോബര്‍ മാസം 31-ാം തീയതി അഭിവന്ദ്യ മാത്യു മൂലക്കാട്ട്‌ പിതാവ്‌ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്‌തു. ഇടവകാംഗങ്ങളുടെയും നാനാജാതി മതസ്ഥരുടെയും ആത്മാര്‍ത്ഥമായ സഹകരണം മൂലം ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാവുകയും 2006 ഏപ്രില്‍ മാസം 22-ാം തീയതി കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്താ അഭി.കുന്നശ്ശേരി പിതാവിന്റെയും അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെയും കാര്‍മ്മികത്വത്തില്‍ പുതിയ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നിര്‍വഹിക്കുകയും ചെയ്‌തു.

ദേവാലയ രൂപീകരണ നാള്‍ മുതല്‍ വി.തോമ്മാഗ്ലീഹായുടെ പുതുഞായര്‍ തിരുനാളാണ്‌ പ്രധാനതിരുനാളായി ആഘോഷിക്കുന്നത്‌. കൂടാതെ ഒക്‌ടോബര്‍ മാസത്തില്‍ പ.കന്യകാമറിയത്തിന്റെ ജപമാല പ്രതിഷ്‌ഠയും വി.യൂദാതദ്ദേവൂസിന്റെ 9 ദിവസത്തെ തിരുനാളും സംയുക്തമായി ആഘോഷിക്കുന്നു. ഇതിനോടനുബന്ധിച്ച്‌ ജപമാല പ്രദിക്ഷണവും നടത്തുന്നുണ്ട്‌. ഇപ്പോള്‍ ഈ ഇടവകയില്‍ 65-ഓളം കുടുംബങ്ങളാണുള്ളത്‌.

 

Golden Jubilee Celebrations
Micro Website Launching Ceremony