1945 മുതല്‍ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വയനാട് ജില്ലയിലേക്ക് കുടിയേറിയ ക്‌നാനായക്കാര്‍ തോറ്റമല. വെള്ളമുണ്ട, പുതുശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ കൂട്ടമായി വാസമുറപ്പിക്കുകയും അവരുടെ ആത്മീയ കാര്യങ്ങള്‍ ക്കായി തേറ്റമലയില്‍ ഒരു പള്ളി 1956-ല്‍ ആരംഭിക്കുകയും ചെയ്തു.
1972-ല്‍ തോറ്റമല പള്ളി വികാരിയായിരുന്ന ബഹു. മാമ്പുഴ്ക്കല്‍ അച്ചന്റെ ശ്രമഫലമായി പുതുശ്ശേരി അങ്ങാടിയോട് ചേര്‍ന്ന് പുതിയകുന്നേല്‍ മത്തായിയില്‍ നിന്ന് 75 സെന്റ് സ്ഥലം എഴുതിവാങ്ങി.
1991-ല്‍ അഭി.കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ അനുവാദത്തോടെ കണ്ണൂരില്‍ വികാരി ജനറാളായിരുന്ന ബഹു. സ്റ്റീഫന്‍ ജയരാജ് അച്ചന്റെ പ്രത്യേക താത്പര്യപ്രകാരം ആദ്യം ഉണ്ടായിരുന്ന 75 സെന്റ് സ്ഥലത്തോട് ചേര്‍ന്ന് കുറച്ചു സ്ഥലം കൂടി വാങ്ങുകയും അന്ന് തോറ്റമലപള്ളി വികാരിയായിരുന്ന ബഹു. ജോര്‍ജ് കപ്പുകാലാ അച്ചന്റെ നേതൃത്വത്തില്‍ പള്ളി നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. 40 ദിവസം കൊണ്ട് ഒരു ചെറിയ മനോഹരമായ ദേവാലയം ഇവിടെ പടുത്തുയര്‍ത്തി.
1991 നവംബര്‍ 13-ാം തീയതി ബഹുമാനപ്പെട്ട സ്റ്റീഫന്‍ ജയരാജ് അച്ചന്‍ ദേവാലയം വെഞ്ചരിച്ചു. ബഹു. ജോര്‍ജ് കപ്പുകാലായിലച്ചന്‍ പുതുശ്ശേരി സെന്റ് തോമസ് പള്ളിയുടെകൂടി വികാരി ഇന്‍ ചാര്‍ജ്ജ് ആയി. തുടര്‍ന്ന് 1993-ല്‍ അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ ഇടയസന്ദര്‍ശനത്തോടൊപ്പം പുതിയ പള്ളിയുടെ ശിലാസ്ഥാപനവും നടത്തി.
മോണ്‍ സ്റ്റീഫന്‍ ജയരാജ് അച്ചന്റെയും ബഹു. ജോസ് തറയ്ക്കല്‍ അച്ചന്റെയും പരിശ്രമത്തില്‍ പള്ളി പണി പൂര്‍ത്തിയാക്കുകയും 1996 മെയ് 2-ാം തീയതി അഭി. കുന്നശ്ശേരി പിതാവ് തന്നെ പുതിയ ദേവാലയത്തിന്റെ കൂദാശകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു.
1997 മെയ് 17-ാം തീയതി ഇടവകസമൂഹത്തിന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് പുതുശ്ശേരിക്ക് മാത്രമായി ഫാ. സ്റ്റീഫന്‍ ചീക്കപ്പാറയെ വികാരി ആയി നിയമിച്ചു. അച്ചന്റെ 4 വര്‍ഷത്തെ സ്തുത്യര്‍ഹസേവനം ഇടവകയ്ക്ക് ലഭിച്ചു. യുവജനസംഘടനയായ കെ.സി.വൈ.എല്‍ . അദ്ദേഹം രൂപികരിച്ചു. നൂറോളം ഇടവകക്കാരുള്ള ഈ കൊച്ചിടവകയില്‍നിന്നും ഏഴ് വൈദികര്‍ അഭിഷിക്തരായിട്ടുണ്ട്.കൂടാതെ ധാരാളം സന്യസ്തരും ആഗോളതലത്തില്‍ സേവനം ചെയ്യുന്നു. 2002-ല്‍ ഒരു വൈദികഭവനവും ഇവിടെ നിര്‍മ്മിക്കപ്പെട്ടു. ഫാ.സുനില്‍ പാറയ്ക്കല്‍ സ്ഥലം മാറിയതിനെതുടര്‍ന്ന് ഫാ.മനോജ് ആല്‍പാറ വികാരിയായി ചാര്‍ജെടുത്തു. അച്ചന്റെ ശ്രമഫലമായി സെമിത്തേരി നിര്‍മ്മിച്ചു. ഒരു വര്‍ഷത്തെ സേവനത്തിനുശേഷം മനോജച്ചന്‍ സ്ഥലം മാറിപ്പോവുകയും ഫാ.ജോണ്‍ കണിയാര്‍ കുന്നേല്‍ വികാരിയായി നിയമിതനാവുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ പള്ളിക്ക് ചുറ്റുമതില്‍ നിര്‍മ്മിക്കുകയും പുതുശ്ശേരി ടൗണില്‍ ഉള്ള പള്ളിവക സ്ഥലത്ത് ഒരു കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് സ്വരുപിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. 2 1/2 വര്‍ഷത്തെ സേവനത്തിനുശേഷം ജോണച്ചന്‍ സ്ഥലം മാറിപ്പോവുകയും ഫാ. വിനോദ് എടൂര്‍ HGN വികാരിയായി നിയമിതനാവുകയും ചെയ്തു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫാ. ജോമി പതിപറമ്പില്‍ വികാരിയായി സ്ഥാനമേറ്റു. അച്ചന്റെ നേതൃത്വത്തില്‍ ഇടവക സമൂഹം ഒന്നാകെ ഒരേ മനസ്സോടെ സഹകരിക്കുകയും ഒരു നല്ല ഇടവകസമൂഹമായി നിലകൊള്ളുകയും ചെയ്യുന്നു. ഇവിടെ സേവനം ചെയ്തിട്ടുള്ള കൈക്കാരന്മാരും കമ്മറ്റിയംഗങ്ങളും എന്നും വികാരിയോട് ചേര്‍ന്ന് ഇടവകയുടെ പുരോഗതിക്കും ആത്മീയ നിറവിനും വേണ്ടി ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ ഇടവകയെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നു.