കോട്ടയം പട്ടണത്തിന് അടുത്ത് ചുങ്കം കവലയ്‌ക്കു സമീപം കൊണ്ടേട്ടു വീട്ടുകാര്‍ ദാനമായി നല്‌കിയ സ്ഥലത്ത് അന്ന് ഇടയ്‌ക്കാട്ടു പള്ളി വികാരിയായിരുന്ന ബഹു. പള്ളിക്കുന്നേല്‍ ഉതുപ്പച്ചന്‍ ഒരു കപ്പേള പണിയുകയും മാതാവിന്റെ രൂപം പ്രതിഷ്‌ഠിക്കുകയും ചെയ്‌തു.
1937 നവംബര്‍ 1-ാം തീയതി ചൂളപ്പറമ്പില്‍ പിതാവ് തിരി തെളിച്ച് വെഞ്ചരിപ്പുനടത്തി. ഇടയ്‌ക്കാട്ടുപള്ളിയില്‍ പോയി തിരുക്കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കുവാനുള്ള വിശ്വാസികളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് അഭിവന്ദ്യ തോമസ് തറയില്‍ പിതാവ് മള്ളൂശ്ശേരിയില്‍ ഒരു ദേവാലയം നിര്‍മ്മിക്കുവാന്‍ അനുവാദം നല്‌കി. 1941-42 വര്‍ഷം മുതല്‍ കൊണ്ടേട്ട് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഇപ്പോള്‍ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു. ഇടയ്‌ക്കാട്ടുപള്ളി വികാരിയായിരുന്ന ബഹു.മാത്യു കൊരട്ടിയിലച്ചന്റെ മേല്‍നോട്ടത്തില്‍ 1967-68 വര്‍ഷത്തില്‍ മുതലക്കോണത്തുപറമ്പില്‍ സെന്റ് തോമസ് എല്‍ . പി. സ്‌കൂള്‍ പണികഴിപ്പിച്ചതിനുശേഷം കൊണ്ടേട്ട് പറമ്പില്‍ സ്‌കൂള്‍ ഇരുന്ന സ്ഥലത്ത് പള്ളി പണിയുകയും ചെയ്‌തു. 1969 ഡിസംബര്‍ മാസത്തില്‍ ഇത് ഇടവകയായി ഉയര്‍ത്തപ്പെട്ടു.
എല്ലാ വര്‍ഷവും വി.തോമാശ്ലീഹായുടെ തിരുനാളും മനോഗുണമാതാവിന്റെ തിരുനാളും ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. വിസിറ്റേഷന്‍ സഭയുടെ ഒരു ശാഖാഭവനം ഈ ഇടവകയിലുണ്ട്. ഇടവകയോടനുബന്ധിച്ച് സെന്റ് തോമസ് എല്‍ .പി. സ്‌കൂളും, അമല മരിയാ ഇംഗ്ലീഷ് മീഡിയം നേഴ്‌സറി സ്‌കൂളും പ്രവര്‍ത്തിക്കുന്നു. ഇടവകയില്‍ 314 ഭവനങ്ങളും 1513 അംഗങ്ങളുമുണ്ട്.