കടുത്തുരുത്തി ഇടവകയില്‍പ്പെട്ട കുറുപ്പന്തറ, മാഞ്ഞൂര്‍ , ഓമല്ലൂര്‍ എന്നീ സ്ഥലങ്ങളിലെ ജനങ്ങളുടെ പരിശ്രമ ഫലമായി 1951 ല്‍ കുറുപ്പന്തറയില്‍ വി. തോമ്മാശ്ലീഹായുടെ നാമത്തില്‍ ഈ പള്ളി സ്ഥാപിതമായി. കണ്ടാരപ്പള്ളില്‍ ബ. ഫിലിപ്പ് അച്ചനാണ് പള്ളിപണിക്കു നേത്യത്വം നല്‌കിയത്. 1951 ഒക്‌ടോബര്‍ 21-ാം തീയതി അഭിവന്ദ്യ തറയില്‍ പിതാവ് പള്ളി വെഞ്ചരിച്ച് ആഘോഷമായ ദിവ്യബലിയര്‍പ്പിച്ചു. 1958 ല്‍ ഇതൊരു ഇടവകയായി ഉയര്‍ത്തപ്പെട്ടു.
1958 ല്‍ മാളിയേക്കല്‍ ബ. ജോര്‍ജ് അച്ചന്റെ നേത്യത്വത്തില്‍ വിശ്വാസ പരിശീലനത്തിനു വേണ്ടി ഒരു ഹോള്‍ നിര്‍മ്മിക്കുകയും അതേ വര്‍ഷം ഡിസംബര്‍ 21 ന് വെഞ്ചരിക്കുകയും ചെയ്‌തു. അത്യുന്നതകര്‍ദ്ദിനാള്‍ ടിസ്സറാന്റ് തിരുമേനി ഈ ഹാള്‍ പണിയുന്നതിനു സാമ്പത്തിക സഹായം നല്‌കിയ വസ്‌തുത ക്യതജ്ഞതയോടെ അനുസ്‌മരിക്കുന്നു.
1964 -ല്‍ കൂന്തമറ്റത്തില്‍ ബ.സൈമണ്‍ അച്ചന്റെ നേത്യത്വത്തില്‍ ഒരു എല്‍ .പി.സ്‌കൂളിനു വേണ്ടി പരിശ്രമിക്കുകയും അതേ വര്‍ഷം ജൂണ്‍ മാസത്തില്‍ സെന്റ് തോമസ് എല്‍ .പി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു. എല്‍ .പി സ്‌കൂളിനോട് ചേര്‍ന്ന് 1976 -ല്‍ സെന്റ് തോമസ് നേഴ്‌സറി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിസിറ്റേഷന്‍ കന്യകാസമൂഹത്തിന്റെ ഒരു മഠം 1975 -ല്‍ ഇവിടെ സ്ഥാപിതമായി. 1991 ഒക്‌ടോബര്‍ 21 -ാം തീയതി അഭിവന്ദ്യ കുന്നശ്ശേരില്‍ പിതാവ് പുതിയ പള്ളി പണിയുന്നതിനു തറക്കല്ലിട്ടു. താഴപ്പള്ളില്‍ ബ. തോമസച്ചന്റെ നേത്യത്വത്തില്‍ പള്ളി പണി പൂര്‍ത്തിയാക്കി. 1993 ഏപ്രില്‍ 15-ാം തീയതി അഭിവന്ദ്യ കുന്നശ്ശേരില്‍ പിതാവ് പുതിയ പള്ളി കൂദാശ ചെയ്‌തു.
അതിരൂപതയുടെ ശതാബ്‌ദി വര്‍ഷമായ 2010 ല്‍ അള്‍ത്താര അപ്പോഴിപ്പറമ്പില്‍ ബ.സിറിയക്ക് അച്ചന്റെ നേത്യത്വത്തില്‍ പുതുക്കി പണിയുകയും 2010 സെപ്‌റ്റംബര്‍ 12-ാം തീയതി അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവ് അള്‍ത്താര കൂദാശ ചെയ്‌ത് പ്രഥമ ബലിയര്‍പ്പിക്കുകയും ചെയ്‌തു.