1943 ഫെബ്രുവരി 2-ാം തീയതി രാജപുരത്ത് എത്തിച്ചേര്‍ന്ന മലബാര്‍ ക്‌നാനായ കുടിയേറ്റ ചരിത്രത്തില്‍ കള്ളാറിന് പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. അന്ന് കുടിയേറ്റക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന വൈദികരായ ബഹു. കട്ടപ്പുറത്ത് ലൂക്കാച്ചന്‍ , മുടക്കാലില്‍ ലൂക്കാച്ചന്‍ , ചെറുശ്ശേരിയില്‍ മാത്യു അച്ചന്‍ തുടങ്ങിയവര്‍ക്ക് താമസസൗകര്യം ഒരുക്കിയത് കള്ളാറില്‍ അന്നുണ്ടായിരുന്ന ട്രാവലേഴ്‌സ് ബംഗ്ലാവിലായിരുന്നു. കാലക്രമേണ കുടിയേറ്റ ജനതയുടെ രാജപുരം, മാലക്കല്ല് പള്ളികളിലേയ്ക്കുള്ള യാത്രാ ക്ലേശവും കണക്കിലെടുത്ത് കള്ളാറിലുള്ള കോട്ടയം രൂപതാംഗങ്ങള്‍ ചെറുമണത്ത് ജോസഫിന്റെ ഭവനത്തില്‍ സമ്മേളിക്കുകയും കള്ളാറില്‍ ഒരു ദേവാലയം സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും അന്ന് മാലക്കല്ല് പള്ളി വികാരിയായിരുന്ന മാന്തുരുത്തില്‍ ബഹു.സിറിയക് അച്ചനെ ഈ ആഗ്രഹം അറിയിക്കുകയും ചെയ്തു. വികാരി ജനറലായിരുന്ന ബഹു.കൂന്തമറ്റത്തില്‍ സൈമണച്ചനുമായും കോട്ടയം രൂപതാദ്ധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവുമായും ബന്ധപ്പെട്ട് പള്ളി പണിയുന്നതിനുള്ള അനുമതി നേടി.
കള്ളാറിലെ ക്‌നാനായക്കാരില്‍ നിന്നും പിരിവെടുത്ത് സമാഹരിച്ച തുകകൊണ്ട് കള്ളാര്‍ടൗണിനടുത്ത് 50 സെന്റ് സ്ഥലം 1979 ജനുവരിമാസത്തില്‍ ശ്രീ ചേറാടിയില്‍ ജോസഫിനോട് വാങ്ങിക്കുകയും 1979 ഏപ്രില്‍ മാസം 21-ാം തീയതി അഭിവന്ദ്യ കുന്നശ്ശേരില്‍ പിതാവ്, ഭാരതത്തിന്റെ അപ്പസ്‌തോലനായ വി.തോമശ്ലീഹായുടെ നാമത്തില്‍ പണിയുന്ന പള്ളിക്ക് ശിലാസ്ഥാപനം നടത്തുകയും ചെയ്തു. പിന്നീട് ചേറാടിയില്‍ ജോസഫിനോടും മൊയലിയാക്ക ഇല്ലത്ത് ഹസ്സനോടും യഥാക്രമം 50,57 സെന്റ് സ്ഥലം വീതം വാങ്ങിച്ചു. ബഹു.കൊരട്ടിയില്‍ അലക്‌സ് അച്ചന്‍ മാലക്കല്ല് വികാരിയായിരുന്ന സമയത്താണ് പള്ളി പണി തുടങ്ങുന്നത്. 1990 ജൂണ്‍മാസം 16ന് പള്ളിയുടെ ആശീര്‍വ്വാദകര്‍മ്മം, ബഹു.ജോണ്‍ ചേത്തലിലച്ചന്‍ മാല്ലക്കല്ല് പള്ളി വികാരിയായിരുന്ന സമയത്ത് അഭിവന്ദ്യ കുന്നശ്ശേരില്‍ പിതാവ് നിര്‍വഹിച്ചു. ആദ്യകാലത്ത് മാലക്കല്ല് പള്ളി വികാരിമാരായിരുന്നു കള്ളാറിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. 1992 ല്‍ ബഹു. ബിജു. വയലുങ്കലച്ചന്‍ ആദ്യ വികാരിഇന്‍ചാര്‍ജായി നിയമിതനായി.
ഇടവകദേവാലയത്തോടനുബന്ധിച്ച് വിസിറ്റേഷന്‍ സിസ്റ്റേഴ്‌സ് സെന്റ് തോമസ് നേഴ്‌സറി സ്‌കൂള്‍ നടത്തുന്നു. രാജപുരംSt.PiusXth കോളേജ് സ്ഥിതിചെയ്യുന്നത് ഈ ഇടവകാതിര്‍ത്തിയിലാണ്. ഈ ഇടവകയില്‍ നിന്നും 8 വൈദികര്‍ അതിരൂപതയിലും വെളിയിലുമായി സേവനം ചെയ്യുന്നു. 17 സന്യസ്തര്‍ രൂപതയിലും രൂപതയ്ക്ക് പുറത്തുമായി സേവനം ചെയ്യുന്നുണ്ട്. ഇടവകയില്‍ ഇപ്പോള്‍ 240 കുടുംബങ്ങളാണുള്ളത്.