A D 1890-ാം ആണ്ടോടടുത്ത് കല്ലറ കേന്ദ്രമാക്കി ആരംഭിച്ച ഒരു ക്‌നാനായ മാസക്കൂട്ടമാണ് കല്ലറ സെന്റ് തോമസ് ഇടവക ദേവാലയത്തിന് ആരംഭം കുറിച്ചത്. പള്ളി പണിയുന്നതിനുള്ള പുരയിടം ദാനം ചെയ്‌തത് ചെരുവില്‍ കുരുവിളയും ചോരത്ത് പുത്തന്‍പുരയില്‍ ഔസേപ്പുമാണ്. മാര്‍ത്തോമ്മാശ്ലീഹായുടെ നാമധേയം നിശ്ചയിച്ചത് നറുക്കെടുപ്പിലൂടെയാണ്.
1896-ല്‍ പള്ളിക്കെട്ടിടത്തിന്റെ പണികളാരംഭിച്ചു. ആകെ ചിലവായത് 603 രൂപ, 19 ചക്രം, 15 കാശ് ആണ്. കല്ലറ കുരിശുപള്ളി”എന്ന് വിളിച്ചിരുന്ന ഈ ദേവാലയത്തിന്റെ വെഞ്ചരിപ്പും പ്രഥമദിവ്യ ബലിയര്‍പ്പണവും 1900 ഏപ്രില്‍ 22-ാം തീയതി ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷനായിരുന്ന മാക്കീല്‍ മാര്‍ മത്തായി മെത്രാന്‍ നിര്‍വ്വഹിച്ചു. പള്ളിയുടെ പ്രഥമ വികാരിയായി റവ ഫാ ലൂക്കോസ് ചോരത്ത് അച്ചന്‍ നിയമിതനായി. പള്ളിയുടെ സാമ്പത്തിക ഭദ്രതയ്‌ക്കായി `കെട്ടുതെങ്ങ്’, പിടിയരി കൂടാതെ പള്ളി തലയാളായി ഒരു ചിട്ടിയും നടത്തിയിരുന്നു. 1900- മാണ്ടില്‍ പണികഴിപ്പിച്ച ഇടവക ദേവാലയം പുതുക്കിപ്പണിയുവാന്‍ സാധിച്ചത്, 1959-ലാണ് 1959 ജൂലൈ രണ്ടാം തീയതി അഭിവന്ദ്യ തോമസ് തറയില്‍ മെത്രാന്‍ പള്ളി ആശീര്‍വദിച്ചു. നിരവത്ത് സ്റ്റീഫനച്ചന്‍ വികാരി ആയിരിക്കെ 1975-ല്‍ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.
വള്ളോപ്പള്ളില്‍ തോമസച്ചന്‍ വികാരിയായിരിക്കെ 1999-2000 പള്ളിയുടെ ശതാബ്‌ദി വര്‍ഷമായിരുന്നു. ഇപ്പോള്‍ ഈ ഇടവകകയില്‍ 570 കുടുംബങ്ങളാണുള്ളത്. വിസിറ്റേഷന്‍ കന്യകാലയത്തോടനുബന്ധിച്ച് 2007-ല്‍ ആരംഭിച്ചു. അഞ്ചു കപ്പേളകള്‍ നിലവിലുണ്ട്.