9567789732, 0481 - 2790948 (Reception) | 9400331281 (Office)

St. Theresa’s Knanaya Catholic Church, Ranni, Pathanamthitta

St. Theresa’s Knanaya Catholic Church, Ranni, Pathanamthitta1653, ലെ കൂനന്‍കുരിശുസത്യത്തോടു കൂടി ക്‌നാനായ സമുദായത്തില്‍ പിളര്‍പ്പുണ്ടാവുകയും പുത്തന്‍കൂറ്റ് എന്നും പഴയകൂറ്റ് എന്നും അറിയ പ്പെടുകയും ചെയ്തു. ഏറിയ പങ്ക് ക്‌നാനായക്കാര്‍ കത്തോലിക്കാ സഭയില്‍ തന്നെ നിന്നു. എന്നാല്‍ വിഘടിച്ചു പോയവര്‍ യാക്കോബായ സഭയുടെ കീഴിലായി. പിരിഞ്ഞുപോയ ക്‌നാനായക്കാരെ ഒന്നിച്ചാക്കുവാനുള്ള ശ്രമം 20-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ശക്തി പ്രാപിച്ചു. ക്‌നാനായ യാക്കോബായ സഭയുടെ മേലദ്ധ്യക്ഷന്‍ ഇടവഴിക്കല്‍ മാര്‍ സേവേറിയോസിന്റെ അനുവാദത്തോടും മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിന്റെ പിന്തുണയോടും കൂടി പുനരൈക്യ ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ , ക്‌നാനായ യാക്കോബായ സഭ പിന്തുടര്‍ന്ന അന്ത്യോക്യന്‍ ആരാധനക്രമം നഷ്ടപ്പെടുമെന്ന ഭീതി വിശ്വാസികളിലുണ്ടായി. 1921-ജൂലൈ 5-ന് റോമില്‍ നിന്ന് അന്ത്യോക്യന്‍ ആരാധനാക്രമം അനുവദിച്ചു കിട്ടി. എന്നാല്‍ , അപ്പോഴേക്കും പുനരൈക്യത്തിനു നേതൃത്വം നല്കിയവര്‍ വ്യക്തിപരമായ കാര്യങ്ങള്‍മൂലം പിന്‍മാറി. മാര്‍ . അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവ് ഇതിനായി അക്ഷീണം പരിശ്രമിക്കുകയും പുനരൈക്യം സാധ്യമാവുകയും ചെയ്തു. എന്നാല്‍ ക്‌നാനായക്കാരുടെ കേന്ദ്രമായ റാന്നിയില്‍ ഇതു സാധ്യമായത് 1930-ലാണ്. റാന്നിയിലെ ആദ്യ കത്തോലിക്കാ ദേവാലയം റാന്നി, സെന്റ് തെരേസാസ് പള്ളിയാണ്.

എളിയ തോതില്‍ രൂപം കൊണ്ട ഈ ദേവാലയത്തില്‍ ആദ്യമായി സേവനം ചെയ്തത് പള്ളിക്കുന്നേല്‍ ബ.ജോസഫച്ചന്‍ ആയിരുന്നു. 34-ല്‍ പരം വൈദികര്‍ ഇവിടെ സേവനം ചെയ്തിട്ടുണ്ട്. മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഈ ഇടവകയില്‍ സേവനം ചെയ്തിട്ടുണ്ട്. 1960-വരെ കല്‍ദായ സുറിയാനി ആരാധനക്രമമാണ് ഉണ്ടായിരുന്നത്. പിന്നീടാണ് മലങ്കര ആരാധനക്രമം തുടങ്ങിയത്. 1933-ലാണ് ഇപ്പോഴത്തെ ദേവാലയം പൂര്‍ത്തിയായത്. 1934 ഫെബ്രുവരി 22-ന് പള്ളിയുടെ കൂദാശ അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവ് നിര്‍വ്വഹിച്ചു. ഫാ. ലൂക്ക് കട്ടപ്പുറത്തിന്റെ നേതൃത്വത്തിലാണ് ഈ പള്ളി പണിതത്. തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് മാര്‍ ഈവാനിയോസ്, വിജയപുരം ബിഷപ്പ് ബനവന്തുരാ ആരാനാ എന്നിവര്‍ പള്ളികൂദാശയില്‍ സന്നിഹിതരായിരുന്നു.

പള്ളിയുടെ മുന്‍വശത്തുള്ള തിരുഹൃദയ കുരിശുപള്ളി 1938 ഡിസംബര്‍ മാസത്തില്‍ ബ. ജയിംസ് തെക്കനാട്ടച്ചന്റെ നേതൃത്വത്തില്‍ പണിതീര്‍ക്കുകയും ജനുവരിയില്‍ തിരുവല്ലാ മെത്രാന്‍ മാര്‍ സേവറി യോസിന്റെ സാന്നിധ്യത്തില്‍ അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവ് കൂദാശ ചെയ്യുകയും ചെയ്തു. ബ. തോമസ് ചാമക്കാലായിലച്ചന്‍ നേത്യത്വം കൊടുത്ത് ഇട്ടിയ പ്പാറയില്‍ നിര്‍മ്മിച്ച കുരിശുപള്ളി 1946, മെയ് 5-ന് ചൂളപ്പറമ്പില്‍ പിതാവും തറയില്‍ പിതാവും കൂടി ആശീര്‍വദിച്ചു. ബ. ലൂക്ക് നടുവിലേപ്പ റമ്പിലച്ചനാണ് വൈദിക മന്ദിരം പണികഴിപ്പിച്ചത്. ബ. ഫിലിപ്പ് തെക്കേതില്‍ വികാരിയാ യിരുന്ന സമയത്ത് പള്ളിവക സ്ഥലത്ത് റോഡ് സൈഡില്‍ വേളാങ്കണ്ണിമാതാവിന്റെ നാമത്തില്‍ കുരിശടി സ്ഥാപിതമായി.

റാന്നി ഇടവകയിലെ ജനങ്ങള്‍ വസിക്കുന്നത് വിസ്തൃതമായ റാന്നി താലൂക്കിന്റെ വിവിധ സ്ഥലങ്ങളിലാണ്. മാതൃദേവാലയവുമായി ബന്ധപ്പെട്ട് ആത്മീയകാര്യങ്ങള്‍ നടത്തുന്നതിന് അവര്‍ക്കു ബുദ്ധിമുട്ടുണ്ട്. ഐത്തല ഭാഗത്തുള്ളവര്‍ക്കുവേണ്ടി അഭി. കുന്നശേരില്‍ പിതാവ് 27-04-1997- ല്‍ പ. ദൈവ മാതാവിന്റെ നാമത്തില്‍ കല്ലിട്ട് 21-01-2001-ല്‍ കൂദാശ ചെയ്യപ്പെട്ട ഐത്തലയുള്ള പള്ളി ആ ഭാഗത്തുള്ളവര്‍ക്ക് ആശ്വാസമാണ്. ഞായറാഴ്ചകളിലും മറ്റു പ്രധാനദിവസങ്ങളിലും അവിടെ വിശുദ്ധ ശുശ്രൂഷകള്‍ നടത്തപ്പെടുന്നു. വൈക്കം, വരവൂര്‍ ഭാഗങ്ങളിലും ഇത്തരത്തിലുള്ള പള്ളികള്‍ തുടങ്ങേണ്ടിയിരിക്കുന്നു.

ബ. ജോണ്‍ ചേത്തലിലച്ചന്‍ പ്രാരംഭം ഇട്ട സ്‌കൂള്‍ ഇന്ന് ഏഴാം ക്ലാസുവരെയെത്തി ഭംഗിയായി മുന്നേറുന്നു. സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത സ്ഥാപനം ആയതിനാല്‍ വളരെ ബുദ്ധിമുട്ടുണ്ട്. ആയത് നേടിയെടുക്കാന്‍ ഇടവകജനങ്ങളും രക്ഷാകര്‍ത്താക്കളും മുന്നോട്ടുവരേണ്ടതാണ്. ബ. കുരിശും മൂട്ടില്‍ തോമ്മസച്ചനാണ് സ്‌കൂളിന്റെ ബലവത്തായ കെട്ടിടം നിര്‍മ്മിച്ചിരി ക്കുന്നത്.

പുതുച്ചിറ പാറാനിക്കല്‍ പി.ഒ. ഇടിക്കുളയുടെ നാമത്തില്‍ പണി തീര്‍ത്തിരിക്കുന്ന പാരിഷ് ഹാള്‍ ഇടവകയുടെ ഒരു മുതല്‍ക്കൂട്ടാണ്.
1980 മെയ് 17-നാണ് ഇവിടെ വിസിറ്റേഷന്‍ കോണ്‍വന്റ് ആരംഭിച്ചത്. ആദ്യം ഒരു വാടക വീട്ടിലാണ് ആരംഭിച്ചത്. പിന്നീട് സ്ഥലം വാങ്ങി പണിയുക യായിരുന്നു. ഇതിനോട് ബന്ധപ്പെട്ട് ഒരു ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നുണ്ട്. 50 പേര്‍ക്ക് താമസിക്കുവാനുള്ള സൗകര്യം ഈ ഹോസ്റ്റലിലുണ്ട്. ഈ ഇടവകയില്‍ നിന്ന് 5 സന്യാസിനിമാര്‍ രൂപതയില്‍ സേവനം ചെയ്യുന്നുണ്ട്. ഈ ഇടവകയില്‍ നിന്ന് ഇതര സന്യാസ സമൂഹങ്ങളിലായി രണ്ട് വൈദികര്‍ സേവനം ചെയ്യുന്നു. ബ. അലക്‌സാണ്ടര്‍ പാറാനിക്കലച്ചന്‍ മാത്രമാണ് രൂപതയ്ക്കുവേണ്ടി ഈ ഇടവകയില്‍ നിന്ന് സേവനം ചെയ്യുന്നത്.

റാന്നി വലിയപള്ളി കഴിഞ്ഞാല്‍ അവിടുത്തെ ആദ്യ ക്രൈസ്തവ ദേവാലയമായ കടവില്‍ പള്ളി റാന്നിയിലുള്ള കത്തോലിക്കര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി വന്നിരുന്ന വിശ്വാസികള്‍ക്കും ആശ്വാസാലയമായിരുന്നു. ഇന്ന് റാന്നിയില്‍ അഞ്ച് കത്തോലിക്കാരൂപതകളുണ്ട്. റാന്നിയിലെ, കടവില്‍ പള്ളിയെന്നറിയപ്പെടുന്ന, വി. കൊച്ചുത്രേസ്യായുടെ മധ്യസ്ഥതയിലുള്ള ദേവാലയത്തെ ദൈവം സമൃദ്ധ മായി അനുഗ്രഹിക്കട്ടെ.

Golden Jubilee Celebrations
Micro Website Launching Ceremony