കോട്ടയം അതിരൂപതയുടെ കീഴില്‍ വയനാട് ജില്ലയില്‍ സ്ഥാപിതമായ പ്രഥമ ആരാധനാലയമാണിത്. ഉഴവൂര്‍ , അരീക്കര, വാരപ്പെട്ടി, മാഞ്ഞൂര്‍ എന്നിവിടങ്ങളില്‍ നിന്നും 1945-മുതല്‍ കുടിയേറിയവരാണ്, തേറ്റമലയിലെ ക്‌നാനായ മക്കള്‍ . മാര്‍ തോമസ് തറയില്‍ പിതാവിന്റെ നിര്‍ദ്ദേശ പ്രകാരം പയ്യാവൂര്‍ പള്ളി വികാരിയായിരുന്ന ബഹു. തോമസ് കാഞ്ഞിരത്തിലങ്കച്ചന്‍ 1956-ല്‍ ഇവിടെ യെത്തി, മുട്ടത്തില്‍ കുര്യാക്കോയുടെ ഭവനത്തില്‍ ആദ്യമായി ദിവ്യബലി അര്‍പ്പിച്ചു.
ദേവാലയ നിര്‍മ്മിതിക്കാവശ്യമായ സ്ഥലം മുട്ടത്തില്‍ കുര്യാക്കോ, മുട്ടത്തില്‍ കുഞ്ഞാക്കോ, നാലൊന്നും പടവില്‍ ഉതുപ്പ്, കുടിലില്‍ പറമ്പില്‍ മത്തന്‍ , കുറാനയില്‍ മത്തായി, കണികുളത്ത് ഉലഹന്നാന്‍ എന്നിവര്‍ ദാനമായി നല്കി. മാര്‍ തോമസ് തറയില്‍ പിതാവിന്റെ അനുമതിയോടെ വി.എസ്തപ്പാനോസ് സഹദായുടെ നാമധേയത്തില്‍ നിര്‍മ്മിച്ച താത്കാലിക ദേവാലയത്തില്‍ 1957 മാര്‍ച്ച് 13-ാം തീയതി ബഹു. തോമസ് കാഞ്ഞിരത്തിലങ്കലച്ചന്‍ പ്രഥമദിവ്യബലി അര്‍പ്പിച്ചു. 1958 മെയ് 11-ാം തീയതി തേറ്റമലയുടെ പ്രഥമവികാരിയായി ബഹു. ജോസഫ് കണിയാപറമ്പിലച്ചന്‍ ചുമതലയേറ്റു. മുട്ടത്തില്‍ കുര്യാക്കോ, അപ്പോഴിപ്പറമ്പില്‍ പോത്തന്‍ എന്നിവര്‍ ആദ്യ കൈക്കാരന്മാരും കാഞ്ഞിരംപാറയില്‍ ജോസഫ് ആദ്യ ദേവാലയശുശ്രൂഷിയുമായിരുന്നു. പെരിക്കല്ലൂര്‍ പ്രദേശത്ത് കോട്ടയം രൂപതയുടെ കീഴില്‍ മറ്റൊരു ദേവാലയത്തിന് തുടക്കം കുറിച്ചതും ഈ കാലയളവിലാണ്. നിലവിലുണ്ടായിരുന്ന ഷെഡിന്റെ സ്ഥാനത്ത് പുതിയൊരു ദേവാലയം സ്ഥാപിച്ച് 1959 ഫെബ്രുവരി 5-ാം തീയതി ബഹു. ജോസഫ് കണിയാപറമ്പിലച്ചന്‍ വെഞ്ചരിപ്പു കര്‍മ്മം നിര്‍വ്വഹിച്ചു.
1998 ഒക്‌ടോബര്‍ 5-ാം തീയതി അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് കൂദാശകര്‍മ്മം നിര്‍വ്വഹിച്ച ഇപ്പോഴുള്ള ദേവാലയം ബഹു.ജോയി കാളവേലിലച്ചന്റെ നേതൃത്വത്തില്‍ പണി കഴിപ്പിച്ചതാണ്. പുളിഞ്ഞാല്‍ ഏച്ചോം. പുതുശ്ശേരി എന്നി ഇടവകകള്‍ ഈ മാതൃദേവാലയത്തിന്റെ തായ്‌വഴികളാണ്.