സാമ്പത്തിക പ്രതിസന്ധികളും ഭക്ഷ്യക്ഷാമവും ജന സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിന് ഭീഷണിയായപ്പോള്‍ , തിരുവിതാംകൂറില്‍ നിന്ന് സാഹസികരായ ഒരു വിഭാഗം പിറന്ന നാടിന്റെ നന്മകള്‍ ത്യജിച്ച് ഉറ്റവരോടും ഉടയവരോടും ഈറ നണിഞ്ഞ കണ്ണുകളോടെ യാത്ര പറഞ്ഞ് വയനാട്ടിലെ പുല്‍പ്പള്ളി പ്രദേശത്ത് എത്തിച്ചേര്‍ന്നു. 1950 കളുടെ ആരംഭത്തില്‍ നടന്ന ഈ യാത്ര മറ്റൊരു കുടിയേറ്റ ചരിത്രത്തിന്റെ നാന്ദിയായിരുന്നു.
കോതാട്ടുകാല, ഒറ്റക്കുന്നേല്‍ , ചങ്ങമ്മൂല, കണ്ണമ്പള്ളി, പുന്നന്താനം തുടങ്ങിയ കുടുംബങ്ങ ളായിരുന്നു ആദ്യമെത്തിയത്. ദുരിതങ്ങളുടെ മദ്ധ്യത്തില്‍നിന്ന് പ്രതീക്ഷകളുടെ തിരിവെളിച്ചവുമായി എത്തിയ ഇവര്‍ ഇവരുടെ സമ്പാദ്യം മുഴുവന്‍ നല്കി വാങ്ങിയ ഭൂമിയില്‍ ആവേശത്തോടെ കൈക്കോട്ടെറിഞ്ഞപ്പോള്‍ , കന്നിമണ്ണ് പുളകിതയായി, കനകം വിളഞ്ഞു. ക്രമേണ ദാരിദ്ര്യത്തിന്റെ ഭീകരതയില്‍ നിന്ന് മോചിതരായി. എങ്കിലും പ്രതികൂല കാലാവസ്ഥയും മലമ്പനി തുടങ്ങിയ രോഗങ്ങളും വന്യജീവികളും ഭീഷണിയായി തുടര്‍ന്നു.
വിശ്വാസപരമായ ആവശ്യങ്ങള്‍ മരകാവു പള്ളിയില്‍ നിര്‍വഹിച്ചിരുന്നു എങ്കിലും ക്‌നാനായ സമൂഹത്തിന്റെ കൂട്ടായ്മ അവരുടെ ഒരു സ്വപ്നമായിരുന്നു. അതിനായി അവര്‍ നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു. മരകാവില്‍ നിന്ന് മൈലുകള്‍ക്കപ്പുറം പെരിക്കല്ലൂരില്‍ ക്‌നാനായ മക്കള്‍ ഏറെ കുടിയേറിയ പ്രദേശത്ത് ദേവാലയ സ്ഥാപനത്തിനുവേണ്ടി നടന്ന പ്രവര്‍ത്തനങ്ങളും അത് പ്രാവര്‍ത്തികമായതും മരകാവിലെ ക്‌നാനായ മക്കളില്‍ പ്രതീക്ഷയുടെ നാളങ്ങള്‍ തെളിയിച്ചു.മലബാറിന്റെ വികാരി ജനറളായി കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച ജയരാജച്ചന്‍ , ചിതറിക്കിട ക്കുന്ന സമുദായാംഗങ്ങളെ ഒന്നിപ്പിച്ച് കൂട്ടായ്മ യിലേക്ക് നയിക്കുവാന്‍ തീരുമാനിച്ചു. ക്രാന്തദര്‍ശി ത്വമുള്ള പ്രസ്തുത തീരുമാനത്തിന്റെ ഭാഗമായി. മരകാവ് പ്രദേശത്തെ നാല്‍പ്പത്തി അഞ്ചോളം കുടുംബങ്ങള്‍ക്കുവേണ്ടി ഒരു ദേവാലയം സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ പെരിക്കല്ലൂര്‍ ഫൊറോന വികാരിയായിരുന്ന ഫാ. ജോസഫ് ഈഴാറാത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. തത്ഫലമായി മാരപ്പന്‍ മൂലയില്‍ മരകാവ് ഇടവകാംഗ മായിരുന്ന ശ്രീ.കുര്യന്‍ പുത്തനാം തടത്തിലിന്റെ രണ്ടേക്കര്‍ സ്ഥലവും വീടും 1991 സെപ്തംബര്‍ 11ന് ആധാരം ചെയ്ത് വാങ്ങി.
കൂട്ടായ്മ സ്ഥാപനം
1991 നവംബര്‍ 13- ന് വാങ്ങിയ സ്ഥലത്തുണ്ടായിരുന്ന ചെറിയ വീട് ആവശ്യമായ രൂപഭേദം വരുത്തി ബഹു. ജയരാജച്ചന്‍ വെഞ്ചരിപ്പുകര്‍മ്മം നടത്തി പ്രഥമ ബലിയുമര്‍പ്പിച്ചു. ഫാ. ജോസഫ് ഈഴാറാത്തിനെ പ്രഥമ വികാരിയായി നിയമിച്ച് മരകാവിലെ കൂട്ടായ്മ സ്ഥാപിതമായപ്പോള്‍ ”മാര്‍ത്തോമ്മന്‍ നന്മയാലൊന്നു തുടങ്ങുന്നു” എന്ന പാട്ട് വികാരിയച്ചനും സമൂഹവും ഏറ്റുപാടി. ഇടവകാംഗങ്ങളുടെ ആഗ്രഹപ്രകാരം വി. എസ്തപ്പാനോസിനെ ഇടവക മദ്ധ്യസ്ഥനായി പ്രതിഷ്ഠിക്കുകയും, ആ പ്രദേശ ത്തിന് പയസ് നഗര്‍ എന്ന പേര് നല്കുകയും ചെയ്തു.
ബഹു. ഈഴാറാത്തച്ചന്‍ കോര്‍ത്തെടുത്ത കൂട്ടായ്മയുടെ കണ്ണി പൊട്ടാതെ ഐക്യത്തോടെ ഫാ. സ്റ്റീഫന്‍ മുരിയംകോട്ടുനിരപ്പില്‍ നേതൃത്വം നല്‍കി. പള്ളി പണിക്കുവേണ്ട പ്രാരംഭജോലികള്‍ അദ്ദേഹം പൂര്‍ത്തിയാക്കി.
1996 ഒക്‌ടോബര്‍ 16ന് പുതിയപള്ളിയുടെ ശിലാസ്ഥാപനകര്‍മ്മം മോണ്‍.സ്റ്റീഫന്‍ ജയരാജ് കൂന്തമറ്റത്തില്‍ നിര്‍വഹിച്ചു. പെരിക്കല്ലൂര്‍ ഫൊറോനവികാരിയായിരുന്ന ഫാ. ജോസഫ് മുളവനാല്‍ പയസ് നഗറിന്റെയും വികാരിയായിരുന്നു. ശിലാസ്ഥാപനത്തോടെ ഒരു പുതിയ പള്ളി എന്ന സ്വപ്ന സാക്ഷാല്‍കാരത്തിലേക്ക് പയസ് നഗര്‍ നടന്നടുക്കുകയായിരുന്നു.ഫാ. ജോസഫ് മുളവനാല്‍ ഫാ. ജയിംസ് പ്ലാത്തോട്ടം എന്നിവരുടെ നേതൃത്വത്തില്‍ പള്ളിപണി ത്വരിതഗതിയില്‍ പുരോഗമിച്ചു. ഫാ. ബേബി പെരിങ്ങേലിയുടെ നേതൃത്വത്തില്‍ അവസാനമിനുക്കു പണികളും പൂര്‍ത്തികരിച്ചു. 1999 ഏപ്രില്‍ 20-ാം തീയതി കോട്ടയ അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ മാത്യു മൂലക്കാട്ട് പൂര്‍ത്തിയായ പള്ളിയുടെ കൂദാശകര്‍മ്മം നിര്‍വഹിച്ചു. ഒരുചെറിയ കൂട്ടായ്മയുടെ വലിയ സ്വപ്ന സാക്ഷാത്കാരമായിരുന്നു അത്.കാലകാലങ്ങളായിട്ടുള്ള വികാരിമാരുടെ നേതൃത്വം ക്‌നാനായ കൂട്ടായ്മയ്ക്കു ലഭിക്കുകയും ആത്മീയവും ഭൗതികവുമായ ഏറെ നേട്ടങ്ങള്‍ക്ക് അത് കാരണമാവുകയും ചെയ്തിട്ടുണ്ട്.
കര്‍മ്മപഥങ്ങള്‍
സണ്‍ഡേസ്‌കൂള്‍
പള്ളി ആരംഭിച്ചതോടൊപ്പം തന്നെ സണ്‍ഡേസ്‌കൂള്‍ പ്രവര്‍ത്തനവും ആരംഭിച്ചു. ശ്രീ.വി.റ്റി. കുര്യന്‍സാറായിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍ . മലബാര്‍ മേഖല വേദപാഠംകമ്മീഷന്‍ അംഗമാ യിരുന്ന ശ്രീ. കുര്യന്‍ സാറിന്റെ നേതൃത്വത്തില്‍ സിസ്റ്റേഴ്‌സിന്റെയും അധ്യാപകരുടെയും ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനം മൂലം സണ്‍ഡേസ്‌കൂളിന് ശക്തമായ അടിത്തറ പാകാന്‍ കഴിഞ്ഞു. ഇപ്പോള്‍ പ്രഥമ അദ്ധ്യാപകനായി ശ്രീ. ജോര്‍ജ് ഒറ്റക്കുന്നേല്‍ സേവനം ചെയ്യുന്നു.
ഭക്തസംഘടനകള്‍
ചെറുപുഷ്പ മിഷന്‍ലീഗ്, കെ.സി.വൈ.എല്‍ ., കെ.സി.സി., കെ.സി. ഡബ്‌ളിയു. എ.സി. തിരുബാല സംഖ്യം, വിന്‍സെന്റ് ഡി പോള്‍ , മാതൃസംഘം, മാതൃജ്യോതി എന്നീ സംഘടനകള്‍ ശ്രദ്ധേയമായ രീതിയില്‍ ലക്ഷ്യബോധത്തോടെ പ്രവര്‍ ത്തിച്ചു വരുന്നു. പയസ്‌നഗര്‍ കൂട്ടായ്മയുടെ സമഗ്രമായ പുരോഗതിക്ക് വിസിറ്റേഷന്‍ , സെന്റ് ജോസഫ് സഭാ സമൂഹങ്ങളിലെ സിസ്റ്റേഴ്‌സിന്റെ സേവനങ്ങള്‍ നിരന്തരം ലഭിച്ചു കൊണ്ടിരിക്കുന്നു.
സമര്‍പ്പിതര്‍
ഇടവകയിലെ മൂന്നു വൈദികരും അഞ്ച് സന്യസ്തരും വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. നാലു സെമിനാരി വിദ്യാര്‍ത്ഥി കള്‍ പഠനം തുടരുന്നു.