തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന ശാന്ത സുന്ദരമായ ഗ്രാമമാണ് മുണ്ടേരി. നിലമ്പൂര്‍ ഊട്ടി റൂട്ടില്‍ പാലുണ്ടയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 20 കിമി പോയാല്‍ ഈ ഗ്രാമത്തില്‍ എത്താം. 1970കളിലാണ് ഇവിടെ കൃഷിആവശ്യത്തിനായി ക്‌നാനായ കുടിയേറ്റം ആരംഭിക്കുന്നത്. 1980 കളുടെ ആരംഭത്തില്‍ ഇവിടെ 12 ഓളം ക്‌നാനായ കുടുംബങ്ങള്‍ എത്തിയിരുന്നു. ചെറുതെങ്കിലും കഠിനാധ്വാനികളായ ഈ ക്‌നാനായക്കാര്‍ തനതു പാരമ്പര്യം സിരകളില്‍ സൂക്ഷിച്ചിരുന്നു. ക്‌നാനായ വൈദികരുടെ സാന്നിദ്ധ്യവും ശുശ്രൂഷയും ലഭിക്കാന്‍ , ഇവര്‍ക്ക് 40 Km ദൂരം വരെ ചുള്ളിയോടിനു പോകേണ്ടിയിരുന്നു.
അങ്ങനെ ഇരിക്കെ 1983 ഒക്‌ടോബര്‍ 23 ന് അഭിവന്ദ്യ കുന്നശ്ശേരി പിതാവ് ചുള്ളിയോടെത്തി എന്നറിഞ്ഞ് മുണ്ടേരിയില്‍ നിന്നും ക്‌നാനായക്കാര്‍ പിതാവിനെ ചെന്നുകണ്ട് സ്വന്തമായി പള്ളിവേണം എന്നു പറയുകയും അതിനായി എന്തും ചെയ്യാന്‍ തയ്യാറാണെന്നും അറിയിച്ചു. തുടര്‍ന്ന് അഭിവന്ദ്യ പിതാവ് ചീ. 65/84 കല്പനപ്രകാരം 1984 ഫെബ്രുവരി 26 മുതല്‍ C.V. Joseph ചെമ്പകമറ്റത്തിന്റെ സ്ഥലത്തു പണിയുന്ന താത്കാലിക ഷെഡില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ ചുള്ളിയോട് പള്ളി വികാരി ശൗര്യമാക്കില്‍ ബഹു. ജോസ് അച്ചനെ അധികാരപ്പെടുത്തി.
പള്ളിക്ക് സ്വന്തമായി സ്ഥലം വേണം. ഇടവകക്കാര്‍ സമാഹരിച്ച 15000 രൂപയോടുകൂടി അരമനനല്കിയ 25000 രൂപ കൂടിക്കൂട്ടി 1985 ആഗസ്റ്റില്‍ ഞാവള്ളിയില്‍ കുട്ടപ്പന്റെ 1/2 ഏക്കര്‍ സ്ഥലം വാങ്ങുകയും ചിട്ടിയുടെ വരുമാനത്തില്‍ നിന്നും 3000 രൂപ ചിലവാക്കി പഴയ ഷെഡ് പൊളിച്ചു കൊണ്ടുവന്ന് വാങ്ങിയ സ്ഥലത്തു സ്ഥാപിക്കുകയും അവിടെ വി. കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു പോന്നു.
ബലിയര്‍പ്പണം നടത്താന്‍ ഷെഡിനു പകരം ഉചിതമായ മറ്റൊരു സ്ഥലം ആവശ്യമെന്ന ചിന്ത ജനങ്ങളില്‍ രൂഢമൂലമായി. 1986 ഏപ്രില്‍ 1 ന് ഇടവകക്കാര്‍ വീണ്ടും അഭിവന്ദ്യ പിതാവിനെ സമീപിച്ചു. അദ്ദേഹം 50000 രൂപ നല്കുകയുണ്ടായി. 1987 മെയ് 22 ന് വികാരി ഊന്നുകല്ലേല്‍ ജോര്‍ജ് അച്ചന്‍ പുതിയ പള്ളിക്ക് തറക്കല്ലിട്ടു. ചെറുതെങ്കിലും തനിമയിലും ഒരുമയിലും വിശ്വാസനിറവിലും ഇടവക ജനം നന്നായി അധ്വാനിച്ചു. ദൈവകരം അവരോടുകൂടി ഉണ്ടായിരുന്നു. 1989 ഏപ്രില്‍ 7 ന് മൂന്നു മണിക്ക് അഭിവന്ദ്യ കുന്നശ്ശേരില്‍ പിതാവ് പുതിയ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നിര്‍വ്വഹിച്ചു. തദവസരത്തില്‍ താമരശ്ശേരി മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയും വികാരി ജനറാള്‍ മാവേലില്‍ മാത്യു അച്ചനും സന്നിഹിതരായിരുന്നു.
പ്രത്യേക വരുമാനം ഇല്ലാത്ത ഇടവകയുടെ നടത്തിപ്പിനായി St.Joseph Congreigation നല്കിയ 5000 രൂപയുടെ FD ഒരു വലിയ താങ്ങായിരുന്നു പിന്നീട് ശ്രീ. ഒ. റ്റി. ജോസഫ് ഓക്കാട് നല്കിയ 3 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നാനാജാതിമതസ്ഥരായ കുട്ടികള്‍ക്ക് ഇന്നും വലിയ പഠനസഹായമാണ്. എല്ലാ ഞായറാഴ്ചയും ചുള്ളിയോട് പള്ളിയില്‍ നിന്നും വികാരിയച്ചന്‍ വന്ന് മുണ്ടേരി് ഇടവകയില്‍ വി. ബലി അര്‍പ്പിച്ചു വരുന്നു.