മാലോം, വള്ളിക്കടവ്, നാട്ടക്കല്ല്, വെള്ളരിക്കുണ്ട്, കൊന്നക്കാട് ഭാഗങ്ങളില്‍ ഒറ്റപ്പെട്ടുകിടന്നിരുന്ന ക്നാനായ കുടുംബള്‍ക്കായി മാലോം (നാട്ടക്കല്ല്) എന്ന സ്ഥലത്ത് 1993 മാര്‍ച്ച് മാസം ഒരുദേവാലയത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ശ്രീ. ഇലവുങ്കല്‍ ചാക്കോയുടെ ഭവനത്തില്‍ വച്ചുനടന്ന യോഗത്തില്‍ ഒടയംചാല്‍ പള്ളിവികാരിയായിരുന്ന ഫാ. ജേക്കബ് കുറുപ്പിനകത്ത് സംബന്ധിക്കുകയും ദൈവാലയത്തിന്റെ ആവശ്യകതയെക്കുറിച്ച് ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ മോണ്‍. സ്റ്റീഫന്‍ ജയരാജ് അച്ചനെ വിവരം ധരിപ്പിക്കുകയും ചെയ്തു. യോഗം തിരഞ്ഞെടുത്ത പ്രതിനിധികള്‍ ജയരാജ് അച്ചനെ കണ്ട് നിവേദനം കൊടുത്തതിന്റെ ഫലമായി മാര്‍ച്ച് 28-ാം തീയതി ബഹു.ജയരാജ് അച്ചന് , ബഹു.കൊട്ടാരത്തില്‍ അച്ചന് , ബഹു. കുറുപ്പിനകത്ത് അച്ചന് എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഇല്ലിക്കല്‍ അച്ചന് കുഞ്ഞിന്റെ സ്ഥലവും കെട്ടിടവും വാങ്ങിക്കുകയും ചെയ്തു.
1993 മെയ് മാസം 9-ാം തീയതി കോട്ടയം രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മാലോം സന്ദര്‍ശിക്കുകയും വാങ്ങിയ സ്ഥലത്തുണ്ടായിരുന്ന കെട്ടിടം വിശുദ്ധ എസ്തപ്പാനോസിന്റെ നാമത്തില്‍ വെഞ്ചരിച്ച് ഒരു കപ്പേളയായി പ്രഖ്യാപിക്കുകയും ചെയ്തു. 1998 മാര്‍ച്ച് 7-ാം തീയതി ശനിയാഴ്ച പുതിയ ദേവാലയത്തിന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി കല്ലിടുകയും ഫാ. ഷാജി മുകളേലിന്റെ നേത്യത്വത്തില്‍ പള്ളി പണിയുകയും 2000 മാര്‍ച്ച് 1-ാം തീയതി അഭിവന്ദ്യ കുന്നശ്ശേരി പിതാവ് ദേവാലയം ആശീര്‍വദിക്കുകയും ചെയ്തു. ഇടവകയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുവാന്‍ ഒടയംചാല്‍ , കള്ളാര്‍ , ചുള്ളിക്കര, അയറോട്ട് എന്നിവിടങ്ങളില്‍ നിന്ന് വൈദികര്‍ എത്തുകയും ചെയ്യുന്നു. എല്ലാ ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലും ഇവിടെ പരിശുദ്ധ കുര്ബ്ബാനഅര്പ്പിക്കുന്നു. വിവിധ സ്ഥലങ്ങളിലായി ഈ ഇടവകയുടെ കീഴില്‍ ഇപ്പോള്‍ 17 കുടുംബങ്ങളുണ്ട്.
Skip to main content

