കോട്ടയം അതിരൂപതയിലെ പുരാതനവും ചരിത്ര പ്രസിദ്ധവുമായ ദേവാലയങ്ങളിലൊന്നാണ് ഉഴവൂര്‍ പള്ളി.വി.എസ്‌തപ്പാനോസിന്റെ നാമത്തിലുള്ള ഈ പള്ളി 1631 ല്‍ സ്ഥാപിക്കപ്പെട്ടു. മാതൃദേവാലയമായ കടുത്തുരുത്തി പള്ളിയുമായുള്ള അകലക്കൂടുതല്‍ മൂലം ഇവിടെ ഒരു ദേവാലയം ആവശ്യമായി വന്നു.ഉഴവൂര്‍ പള്ളിയുടെ സ്ഥാപനത്തെക്കുറിച്ചുള്ള പാരമ്പര്യം ഇതാണ്: കുമ്മനത്ത് ഇട്ടൂപ്പ് കത്തനാര്‍ ഉഴവൂര്‍ പ്രദേശത്ത് ഒരു ദേവാലയം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരവേ രാത്രിയില്‍ അദ്ദേഹത്തിന് ഒരു സ്വപ്‌നമുണ്ടായി. ഉഴവൂര് പള്ളപിടിച്ച് കിടക്കും കുന്നിന്മേലൊരു പശു പ്രസവിച്ച് കിടപ്പുണ്ടെന്നും, അവിടെ പള്ളി സ്ഥാപിക്കണമെന്നുമായിരുന്നു സ്വപ്‌നം. പിറ്റേന്ന് അദ്ദേഹം ഉഴവൂര്‍ വന്ന് പരിശോധിച്ചപ്പോള്‍ ഇന്നിരിക്കുന്ന ദേവാലയത്തിന്റെ മുകളിലത്തെ തൊട്ടിയില്‍ കുരിശിനോട് ചേര്‍ന്നുള്ള ഭാഗത്ത് പശു പ്രസവിച്ച് കിടക്കുന്നതായി കണ്ടു. ആ സ്ഥലം ഉഴവൂരുള്ള ചിറ്റേടത്ത് കൈമളുടെ വകയായിരുന്നു. മഹാമനസ്‌കനും മതസഹിഷ്‌ണുവുമായിരുന്ന അദ്ദേഹം ആ സ്ഥലം പള്ളിപ്പണിക്ക് ദാനമായി നല്‌കി. അതിന്റെ ജന്മിയവകാശം ആ വീട്ടുകാര്‍ക്ക് ഇന്നും നല്‍കുന്നുണ്ട്.
ഉഴവൂര്‍ പള്ളിയുടെ നാലൂ പൂട്ടില്‍ പുരാവസ്‌തു ഗവേഷകര്‍ക്ക് പഠനവിഷയമാക്കാവുന്ന താളിയോലകള്‍ ചൂരല്‍ പേടകത്തില്‍ സൂക്ഷിക്കുന്നുണ്ട്. മലയാളഭാഷ സുറിയാനി ലിപിയില്‍ രേഖപ്പെടുത്തിയ `കര്‍സോന്‍’ എഴുത്തുകള്‍ ഈ ഓലകളില്‍ കാണാം. പലകയില്‍ ചിത്രീകരിച്ചുള്ള `ഐക്കണ്‍’, അരയില്‍ ചുറ്റുന്ന വെള്ളിപ്പട്ട, പഴയ പിച്ചാത്തി, നാരായം, വാള്‍, പുരാതനകാലത്തെ ഏതാനും നാണയങ്ങള്‍ എന്നിവ അവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. 1896 -ല്‍ പള്ളി പതുക്കിപ്പണിയുവാന്‍ ആരംഭിച്ചു. 1901 ഡിസംബര്‍ 26-ാം തീയതി ചങ്ങനാശ്ശേരി വികാരി അപ്പസ്‌തോലിക്ക മാര്‍ മത്തായി മാക്കീല്‍, എറണാകുളം വികാരി അപ്പസ്‌തോലിക്ക മാര്‍ളൂയീസ് പഴേപറമ്പില്‍, വാരാപ്പുഴ മെത്രാപ്പോലീത്താ ഡോ. ബര്‍ണാര്‍ഡ് എന്നീ പിതാക്കന്മാരുടെ കാര്‍മ്മികത്വത്തില്‍ പള്ളി കൂദാശ ചെയ്‌തു.
ഡിസംബര്‍ 26 നാണ് ഈ പള്ളിയിലെ പ്രധാനതിരുനാള്‍. ഓഗസ്റ്റ് 3-ന് കല്ലിട്ട തിരുനാളും ആഘോഷിക്കുന്നു. അമ്പതുനോമ്പിന്റെ രണ്ടാം വാരത്തില്‍ 40 മണി ആരാധനനടത്തുന്നുണ്ട്. സെപ്‌റ്റംബര്‍ 28 ന് 12 മണി ആരാധനയും മാതാവിന്റെ അമലോത്ഭവത്തിരുനാായ ഡിസംബര്‍ 8 ന് ഉഴവൂര്‍ കുരിശുപള്ളിയിലേക്ക് വി. കുര്‍ബ്ബാനയുടെ പ്രദക്ഷിണവും ടത്തിവരുന്നു. ഈ ഇടവകയില്‍ 653 ഭവനങ്ങളിലായി അംഗങ്ങളുണ്ട്. ഈ പള്ളിയോടനുബന്ധിച്ച് വിസിറ്റേഷന്‍ മഠം, ഒ. എല്‍ . എല്‍ . ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് സ്റ്റീഫന്‍സ് എല്‍ .പി.സ്‌കൂള്‍ , സെന്റ് സ്റ്റീഫന്‍സ് നേഴ്‌സറി സ്‌കൂള്‍ , രൂപതാവകയായി സെന്റ് സ്റ്റീഫന്‍സ് കോളേജ്, തിരുബാല നഗര്‍ , മഠം വകയായി സെന്റ് ജോവാനാസ് യു.പി. സ്‌കൂള്‍ എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
പ്രസ്‌തുത പള്ളി കാലപ്പഴക്കം കൊണ്ട് ബലക്ഷയമായതുകൊണ്ടും കൂടുതല്‍ സൗകര്യം ആവശ്യമായതുകൊണ്ടും ബഹുമാനപ്പെട്ട ഫാ. ജേക്കബ് കൊട്ടാരത്തിലിന്റെ നേത്യത്വത്തില്‍ ആധുനികരീതിയില്‍ ഇന്നു കാണുന്ന പള്ളി പണിത് 1986 ല്‍ പൗരസ്‌ത്യ തിരുസംഘത്തിന്റെ സെക്രട്ടറി അത്യുന്നത കര്‍ദ്ദിനാള്‍ ലൂര്‍ദ്ദ് സ്വാമി കൂദാശ ചെയ്യുകയും ചെയ്‌തു.