കുറുമുള്ളൂര്‍ പ്രദേശത്തെ ക്‌നാനായ ജനങ്ങള്‍ തങ്ങളുടെ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ക്കായി കടുത്തുരുത്തി, അതിരമ്പുഴ, കൈപ്പുഴ എന്നി പള്ളികളെ ആശ്രയിച്ചിരുന്ന കാലത്ത് കടുത്തുരുത്തി, അതിരമ്പുഴ പള്ളികളിലെ ഇടവകക്കാരായിരുന്ന പുരാതനകുടുംങ്ങളിലെ കാരണവന്മാരായിരുന്ന പഴുക്കായില്‍ കുഞ്ഞുരുള, പുക്കുറയില്‍ കൊച്ചുതൊമ്മന്‍ , അയലാറ്റില്‍ ഉതുപ്പ്, മറൂക്കാലായില്‍ കുട്ടന്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് ബഹു. കട്ടപ്പുറത്ത് ചാക്കോച്ചന്റെ നേതൃത്വത്തില്‍ പാടികുന്നേല്‍ തൊമ്മിയെ ചെന്നുകാണുകയും പള്ളി സ്ഥാപിക്കുന്നതിനെപ്പറ്റി സംസാരിക്കുകയും ചെയ്‌തു. എസ്‌തപ്പാനോസ് സഹദായോടുള്ള പ്രത്യേക ആദരവുമൂലവും വിശുദ്ധന്റെ നാമത്തില്‍ പള്ളിസ്ഥാപിക്കുന്നതിനുവേണ്ടി തന്റെ വക 90 സെന്റ് കോട്ടയ്‌ക്കാട്ട് കുന്ന് ദാനമായി തരാമെന്ന് പാടികുന്നേല്‍ തൊമ്മി സമ്മതിച്ചു. പള്ളി സ്ഥാപിക്കുന്നതിന് ഈ സ്ഥലം തികയാത്തതിനാല്‍ , എല്ലാവരുംകൂടി ആവശ്യപ്പെട്ട പ്രകാരം പാറ്റിയാല്‍ തൊമ്മന്‍ 60 സെന്റ് വരുന്ന കോട്ടയ്‌ക്കാട്ട് ചെരിവുപുരയിടം ദാനമായി പള്ളിയ്‌ക്ക് നല്‌കി. 1903 ഫെബ്രുവരി മാസം 15-ാം തീയതി അഭി.മാക്കീല്‍ മത്തായി മെത്രാന്‍ പള്ളി വെഞ്ചരിച്ചു. ആദ്യമായി കട്ടപ്പുറത്ത് ബഹു. ചാക്കോച്ചന്‍ ദിവ്യബലി അര്‍പ്പിച്ചു.
1961-ല്‍ വികാരിയായിരുന്ന കണ്ടാരപ്പള്ളില്‍ ബഹു. ഫിലിപ്പച്ചന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് മാസം 3-ാംതീയതി അഭി. തറയില്‍ തോമ്മാ മെത്രാന്‍ പുതിയ പള്ളിക്ക് കല്ലിട്ടു. പഴയപള്ളിയുടെ മുഖവാരം ഇടിഞ്ഞു പോയതിനെത്തുടര്‍ന്നാണ് പുതിയ പള്ളി പണിയാന്‍ തീരുമാനിച്ചത്. 123 അടി നീളത്തിലും 30 അടി വീതിയിലും പണിതീര്‍ത്ത പള്ളിയുടെ കൂദാശകര്‍മ്മം 1964 ഫെബ്രുവരി മാസം 9-ാം തീയതി ഞായറാഴ്‌ച അഭി തറയില്‍ പിതാവ് നിര്‍വ്വഹിച്ചു. മൂന്നു ദിക്കുകളിലായി പരി. കന്യകാമറിയത്തിന്റെയും വി.ഗീവര്‍ഗീസ് സഹദായുടെയും വി.സെബസ്‌ത്യാനോസിന്റെയും നാമത്തില്‍ കുരിശുപള്ളികള്‍ പിന്നീട് നിര്‍മ്മിക്കുകയുണ്ടായി.