കോട്ടയം വികാരിയാത്തിന്റെ അധിപനായിരുന്ന കാര്‍ ലോസ് ലവീഞ്ഞ് മെത്രാന്റെ അധീനതയിലുള്ള അതിരമ്പുഴ ഇടവകയില്‍ ഉള്‍പ്പട്ടവരായിരുന്നു പേരൂര്‍ക്കാര്‍ . 6-7 കിലോമീറ്റര്‍ യാത്ര ചെയ്‌ത് അതിരമ്പുഴ പള്ളിയില്‍ ചെന്ന് തങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കുക പേരൂര്‍ക്കാരെ സംബന്ധിച്ചടത്തോളം ഏറെ ദുസ്സഹമായിരുന്നു. നമ്മുടെ പൂര്‍വ്വികരുടെ ബുദ്ധിമുട്ടുകളില്‍ അലിവു തോന്നിയ അതിരമ്പുഴ പള്ളി വികാരി ബഹു. പീടികയ്‌ക്കല്‍ മല്‌പാനച്ചന്‍ പേരൂര്‍ക്കരയില്‍ ഒരു പള്ളി പണിയുന്നതിനുള്ള അനുവാദത്തിനായി ശുപാര്‍ശ ചെയ്‌തു. അതിന്‍പ്രകാരം അഭിവന്ദ്യ ലവീഞ്ഞ് മെത്രാനും വികാരി ജനറാള്‍ മാക്കീല്‍ ബഹു. മത്തായി അച്ചനും കൂടി ഇവിടെ വന്നു പള്ളിക്കായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അങ്ങനെഅവര്‍ തെരഞ്ഞെടുത്ത സ്ഥലമാണ് ഇപ്പോള്‍ പള്ളിയിരുന്ന തറയില്‍ കാലാപുരയിടം. ഈ അവസരത്തില്‍ ചങ്ങനാശ്ശേരി വികാരിയാത്തിന്റെ വികാരി അപ്പസ്‌തോലിക്കയായി മാര്‍ മത്തായി മാക്കീലിനെ നിയമിച്ചനുവദിച്ചത് അനുഗ്രഹമായി. അപേക്ഷ പരിഗണിച്ച് ബഹു.മാക്കീല്‍ മെത്രാനച്ചന്‍ 1897 ല്‍ പള്ളിക്ക് തറക്കല്ലിട്ടു. താത്‌ക്കാലികമായി നിര്‍മ്മിച്ച ഓലമേഞ്ഞ ഒരു ഷെഡില്‍ അതിരമ്പുഴയില്‍ നിന്നും ബഹു. വൈദികര്‍വന്ന് കുര്‍ബ്ബാനചൊല്ലിയിരുന്നു. 1916 ല്‍ ഏറ്റുമാനൂര്‍ ഭാഗത്ത് ഒരു പള്ളിയുണ്ടാകുന്നതുവരെ അവരും പേരൂര്‍ ഇടവകയില്‍ ഉള്‍പ്പെട്ടിരുന്നു. അഭിവന്ദ്യ ലവീഞ്ഞ് മെത്രാനച്ചന്റെ ഭാവനയില്‍ രൂപം കൊണ്ട ചെറുതെങ്കിലും മനോഹരമായ നമ്മുടെ പഴയ പള്ളിയുടെ പണി ഇടവകാംഗങ്ങളുടെ കഠിനാദ്ധ്വാനത്തിലൂടെ അതിവേഗം പൂര്‍ത്തീകരിച്ചു.
പള്ളിക്ക് സ്ഥലപരിമിതി അനുഭവപ്പെട്ടതിനാല്‍ നവീനരീതിയിലുള്ള മോണ്ടളവും മുഖവാരവും പരിഷ്‌കരിച്ച് നിലനിര്‍ത്തിക്കൊണ്ട് ബാക്കി ഭാഗം പൊളിച്ചു നീക്കി പണിതുയര്‍ത്തിയ വിശാലമായ ഇപ്പോഴത്തെ പള്ളി 1990-ാം ആണ്ട് ജനുവരി മാസം 14-ാം തീയതി അഭിവന്ദ്യ പിതാവ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി ആശീര്‍വദിച്ചു.