കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരില്‍ നിന്ന് 2 കിലോമീറ്ററും മടമ്പത്തുനിന്ന് 6 കിലോമീറ്ററും അകലെയായിട്ടാണ് വി. സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള പയ്യാവൂര്‍ വലിയ പള്ളി. 1944 -ലാണ് ഇവിടെ പള്ളി സ്ഥാപിതമായത്. അലക്‌സ് നഗര്‍ കുടിയേറ്റത്തില്‍പ്പെട്ട കുറെ കുടുംബക്കാര്‍ പയ്യാവൂര്‍ ഭാഗത്ത് താമസിച്ചിരുന്നു. അവരുടെ ആദ്ധ്യാത്മികാവശ്യങ്ങള്‍ നോക്കിയിരുന്നത് മടമ്പം പള്ളിയില്‍ നിന്നുള്ള വൈദികരായിരുന്നു. ആരംഭകാലങ്ങളില്‍ മോണ്‍. സിറിയക് മറ്റത്തില്‍ , ഫാ. ജോസഫ് മാളിയേക്കല്‍ എന്നിവര്‍ മടമ്പത്തുനിന്ന് വന്ന് ഇവിടെ ഒരു താത്കാലിക ഷെഡില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരുന്നു. 1949 ല്‍ മടമ്പം പള്ളി അസിസ്റ്റന്റായിരുന്ന ഫാ.മാത്യു അയത്തില്‍ പയ്യാവൂരുവന്ന് ഒരു താത്കാലിക ഷെഡില്‍ താമസിച്ചുകൊണ്ട് പള്ളിമുറി പണിയുവാന്‍ തുടങ്ങി. ആദ്യമായി ഈ പള്ളിയില്‍ വികാരിയായി വന്നതും പള്ളിമുറിയുടെ പണിപൂര്‍ത്തിയാക്കിയതും പള്ളിപണി ആരംഭിച്ചതും ഫാ. ഫിലിപ്പ് കാരാപ്പള്ളിയാണ്. ഫാ. തോമസ് കാഞ്ഞിരത്തിങ്കല്‍ പള്ളിപണി പൂര്‍ത്തിയാക്കി. തറയില്‍ ബഹു. തോമസച്ചന്റെ കാലത്ത് കണ്ടകശ്ശേരില്‍ പള്ളി മാറ്റി പണിയുകയും 1982 ഏപ്രില്‍ 23-ാം തീയതി അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് പള്ളിയുടെ കൂദാശ കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. 365 കുടുംബങ്ങളിലായി 1700 ഇടവകാംഗങ്ങള്‍ ഉണ്ട്. പള്ളിയില്‍ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ ബഹു. പത്രോസ് ചമ്പക്കര അച്ചന്റെ നേത്യത്വത്തില്‍ പള്ളിപൊളിച്ച് സൗകര്യപ്രദമായ രീതിയില്‍ പണിയുവാന്‍ തീരുമാനിക്കുകയും 2011 ജനുവരി 23- ാം തീയതി അഭിവന്ദ്യ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. രൂപതാനേത്യത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് ആരാധനാ സമൂഹത്തിന്റെ അകമഴിഞ്ഞ സഹകരണത്തോടെ ഇപ്പോഴത്തെ വികാരി ബഹു. റെജി കൊച്ചുപറമ്പിലച്ചന്റെ നേത്യത്വത്തില്‍ പള്ളിപണി നടന്നുകൊണ്ടിരിക്കുന്നു. ഇടവക മദ്ധ്യസ്ഥനായ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 20-ാം തീയതി ഞായറാഴ്ചയെങ്കില്‍ അന്നോ അല്ലെങ്കില്‍ തുടര്‍ന്നു വരുന്ന ഞായറാഴ്ചയോ ആണ് ആഘോഷിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും നിത്യ സഹായമാതാവിന്റെ നൊവേനമുടങ്ങാതെ നടത്തുന്നു.
പയ്യാവൂര്‍ വലിയ പള്ളിയില്‍ നിന്നും വിശ്വാസികളുടെ സൗകര്യാര്‍ത്ഥം ചമതച്ചാല്‍ , പയ്യാവൂര്‍ ടൗണ്‍ , തിരൂര്‍ , നുച്ചിയാട് എന്നിവടങ്ങളില്‍ പുതിയ ദേവാലയങ്ങള്‍ പണിയുകയും അവ സ്വതന്ത്ര ഇടവകയായി മാറുകയും ചെയ്തു.വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്റെയും കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ഓരോ ശാഖാ ഭവനം ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. 1948 -ല്‍ എസ്.എച്ച്.എല്‍ .പി.സ്‌കൂളും 1962 – ല്‍ സേക്രഡ്ഹാര്‍ട്ട് ഹൈസ്‌കൂളും സ്ഥാപിതമായി. 2005-’06 വര്‍ഷത്തില്‍ അത് അണ്‍ എയിഡഡ് ഹയര്‍സെക്കന്‍ഡറിയായും, 2010-2011 ല്‍ എയിഡഡ് ഹയര്‍സെക്കന്‍ഡറിയായും ഉയര്‍ത്തി. സാധുക്കളും നിരാലംബരുമായ കുട്ടികള്‍ക്കായി ‘പയസ്‌ഹോം’ ഓര്‍ഫനേജ് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേത്യത്വത്തില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. സണ്‍ഡേ സ്‌കൂള്‍ , K.C.C, K.C.Y.L, Vincent De Paul, മിഷന്‍ലീഗ്, തിരുബാലസഖ്യം എന്നിവ ഇവിടെ സജീവമാണ്.