കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള പ്രകൃതി രമണീയമായ പ്രദേശമാണ് അമനകര – താമരക്കാട് ഇരട്ടഗ്രാമങ്ങള്‍ . ഇവിടെ നാനാജാതി മതസ്ഥരുടെയിടയില്‍ ചിതറിപ്പാര്‍ത്തിരുന്ന ക്‌നാനായ മക്കളുടെ ആധ്യാത്മികാവശ്യത്തിന് അവര്‍ ആദ്യകാലങ്ങളില്‍ ആശ്രയിച്ചിരുന്നത് അരീക്കര പള്ളിയെയായിരുന്നു. അമനകര, താമരക്കാട്, പൂവക്കുളം, വെളിയന്നൂര്‍ വടക്കേഭാഗം എന്നിവടങ്ങളിലെ ക്‌നാനായ കത്തോലിക്കര്‍ അരീക്കര പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട കടവില്‍ കത്തനാരുടെ നേത്യത്വത്തില്‍ ഒരു ആരാധനാലയത്തിനായി 1917 നവം. 27 ന് അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവിന് അപേക്ഷ സമര്‍പ്പിച്ചു. പിതാവിന്റെ അനുവാദത്തോടെ അരീക്കരപള്ളി വികാരിയായിരുന്ന ഏലൂര്‍ ബഹുമാനെപ്പട്ട തോമാക്കത്തനാരുടെ നേത്യത്വത്തില്‍ ജനങ്ങളുടെ കൂട്ടായ്‌മയില്‍ 1921 ല്‍ പള്ളിമുറിയും താല്‌കാലിക ഷെഡും സ്ഥാപിച്ചു. ആ വര്‍ഷം മെയ് 29 ന് പ്രസ്‌തുത ഷെഡില്‍ ബഹു. തോമ്മാകത്തനാര്‍ ആദ്യമായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചതോടെ തദ്ദേശീയരായ ക്‌നാനായക്കാരുടെ ദീര്‍ഘകാലത്തെ സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെട്ടു.കോട്ടൂര്‍ ബഹു. ജോണ്‍ കത്തനാരുടെ നേത്യത്വത്തില്‍ നടന്ന പള്ളിപണി പൂര്‍ത്തിയാക്കി, 1925 ഫെ.28 ന് അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവ് പള്ളി വെഞ്ചരിച്ച് ദിവ്യബലിയര്‍പ്പിച്ചു.
തങ്ങള്‍ക്ക് അന്യമായ വിദ്യാഭ്യസം മക്കള്‍ക്ക് ലഭ്യമാകണമെന്ന ചിന്ത ഇവിടുത്തെ കര്‍ഷക ജനതയില്‍ ഒരു വിദ്യുത്‌പ്പിണരു പോലെ പടര്‍ന്നപ്പോള്‍ 1936 -ജൂണില്‍ പള്ളിയോടനുബന്ധിച്ച് സെന്റ് ജോസഫ്‌സ് എല്‍ . പി. സ്‌കൂള്‍ സ്ഥാപിക്കുകയും ഒക്‌ടോബറില്‍ അധ്യയനം ആരംഭിക്കുകയും ചെയ്‌തു. 1964 ല്‍ പള്ളിക്കുമുമ്പില്‍ സെന്റ് ജോര്‍ജ് കുരിശുപള്ളിയും 1982 ല്‍ ആനിച്ചുവട് കവലയില്‍ സെന്റ് ജോസഫ്‌സ് കുരിശുപള്ളിയും 1996-ല്‍ താമരക്കാട്ട് സെന്റ് മേരീസ് കുരിശുപള്ളിയും സ്ഥാപിതമായി. ഇടവകയുടെ ആധ്യാത്മിക ഉണര്‍വിനായി വിസിറ്റേഷന്‍ കന്യകാസമൂഹത്തിന്റെ ഒരു ഭവനം 1975 ല്‍ ആരംഭിച്ചു. പുതുക്കിപ്പണിത പള്ളിയുടെ കൂദാശകര്‍മ്മം 1977-ല്‍ കുന്നശ്ശേരി പിതാവ് നിര്‍വഹിച്ചു.