സ്വാതന്ത്ര്യലബ്ധിക്കു മുന്‍പും പിന്‍പും മധ്യതിരുവിതാംകൂറിന്റെ പല ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ ക്‌നാനായക്കാര്‍ തിരുവനന്തപുരത്തേക്ക് കുടിയേറി. 1950-ല്‍ പാറ്റൂര്‍ സെന്റ് ഇഗ്നേഷ്യസ് സിറിയന്‍ ദേവാലയം ക്‌നാനായ യാക്കോബായ വിശ്വാസികള്‍ക്കായി സ്ഥാപിതമായി. 1960-ല്‍ , എം.കെ. തോമസ് മേനാന്തോട്ടം പണിയിച്ച് രൂപതയ്ക്ക് നല്കിയ വിതുര പള്ളി മാത്രമായിരുന്നു തെക്കന്‍ കേരളത്തിലെ ക്‌നാനായ കത്തോലിക്കരുടെ ഏക ദേവാലയം. വിതുര നിവാസികളുടെ ആദ്ധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധിക്കത്തക്കവിധം, കോട്ടയത്തു നിന്നും യുവവൈദികരെ, തിരുവനന്തപുരത്ത് ഉപരിപഠനത്തിനയയ്ക്കുന്ന ഒരു പതിവുണ്ടായിരുന്നു. വിതുര വികാരിമാര്‍ തിരുവനന്തപുരത്തെ ക്‌നാനായ കുടുംബങ്ങളുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നു.
1975 ജൂണ്‍ മാസം അന്നത്തെ വിതുര വികാരിയായിരുന്ന റവ.ഫാ. സിറിയക്ക് പടപ്പുരയ്ക്കല്‍ , തിരുവനന്തപുരം ക്‌നാനായ കാത്തലിക് അസോസിയേഷന്‍ സ്ഥാപിക്കുകയും, പ്രഥമ പ്രസിഡന്റായി ചുമതലയേല്ക്കുകയും ചെയ്തു. ആദ്യകാല സെക്രട്ടറിയായിരുന്ന രഞ്ജിത്ത് മാത്യു കോടത്തിന്റെ സഹകരണത്തോടെ കുടുംബപ്രാര്‍ത്ഥനകളും സൗഹൃദ കൂട്ടായ്മകളും നടത്തിയിരുന്നു. പടപ്പുരയ്ക്കലച്ചനു ശേഷം വിതുര വികാരിമാരായിരുന്ന ബഹു. ജോസഫ് ശൗര്യാംമാക്കീല്‍ , ജോസഫ് മേലേടം, ജോസ് പൂത്തൃക്കയില്‍ , ജേക്കബ് കുറുപ്പിനകത്ത്, ജോര്‍ജ് ഊന്നുകല്ലേല്‍ എന്നിവര്‍ അസോസിയേഷന്‍ പ്രവര്‍ത്തനം തുടര്‍ന്നുപോന്നു. അക്കാലത്ത് അസോസിയേഷന്‍ സെക്രട്ടറിയായി ചുമതലയേറ്റ ഏബ്രഹാം നടുവത്ര, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറി കഴിഞ്ഞിരുന്ന ഓരോ ക്‌നാനായ കത്തോലിക്കാ കുടുംബത്തെയും കണ്ടെത്തി അസോസിയേഷന്‍ ശക്തിപ്പെടുത്തുവാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നു. പിന്നീടുള്ള ഒരു വ്യാഴവട്ടക്കാലം അസോസിയേഷന്‍ സമ്മേളനങ്ങളില്‍, ഒരു പള്ളിയുടെ ആവശ്യകത പ്രധാനചര്‍ച്ചാവിഷയമായി. തിരുവനന്തപുരത്ത് സ്ഥലം വാങ്ങി പള്ളി പണിയാനുള്ള സാമ്പത്തിക ശേഷി അന്നുണ്ടായിരുന്നില്ല. ദൈവകൃപയാല്‍ , കെ.കെ. ഏബ്രഹാം കല്ലേലിമണ്ണില്‍ , മുളവനയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പത്ത് സെന്റ് സ്ഥലം വിറ്റ് 75000 രൂപ സംഭാവന നല്കിയതും തുടര്‍ന്ന് എന്‍ .കെ. തോമസ് നെല്ലിക്കല്‍ 25000 രൂപയും കെ.സി. മാത്യൂസ് കോടത്ത് 15000 രൂപയും സംഭാവന നല്കിയതും മറ്റുള്ളവര്‍ക്കും പ്രചോദനമായി. സ്ഥലം വാങ്ങിയാല്‍ പള്ളി പണിക്കുള്ള സാമ്പത്തിക സഹായം നല്കാമെന്ന കുന്നശേരി പിതാവിന്റെ ഉറപ്പ് ആശ്വാസമായി,
എഴുപതുകളുടെ അവസാനം, വിസിറ്റേഷന്‍ കോണ്‍വെന്റിനുവേണ്ടി ചാരാച്ചിറയില്‍ ഒരു സ്ഥലം വിലയ്ക്കുവാങ്ങി 1980 മാര്‍ച്ച് 25-ാം തീയതി പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ ആരംഭിച്ചു. ഹോസ്റ്റലിനോടനുബന്ധിച്ചുള്ള ചാപ്പലില്‍ ഞായറാഴ്ചതോറും വിശുദ്ധ കുര്‍ബാനആരംഭിച്ചെങ്കിലും ഒരു പുതിയ ദേവാലയത്തിനുള്ള ശ്രമം തുടര്‍ന്നുപോന്നു. ഇപ്പോള്‍ പള്ളി സ്ഥിതി ചെയ്യുന്ന ബാര്‍ട്ടണ്‍ ഹില്ലിലെ എട്ട് സെന്റ് സ്ഥലം പള്ളിക്കുചിതമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ വിലയ്ക്കു വാങ്ങി. നഗരപരിധിക്കുള്ളില്‍ പുതിയ ദേവാലയം പണിയുവാന്‍ അനുവാദം ലഭിക്കായ്കയാല്‍ , ക്‌നാനായ കാത്തലിക് സെന്റര്‍ എന്ന പേരില്‍ ഒരു സ്ഥാപനം പണിയുവാന്‍ അനുമതി നേടി. ജോണി ഏബ്രഹാം പഴൂരാണ് കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കി, നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത്. 1988 ഡിസംബര്‍ 19-ാം തീയതി അഭിവന്ദ്യ കുന്നശ്ശേരി പിതാവ് സെന്ററിന്റെ ശിലാസ്ഥാപനം നടത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ നിര്‍മ്മാണച്ചുമതലയുമായി ബഹു. ഏബ്രഹാം പാറടിയിലച്ചന്‍ തലസ്ഥാനത്തെത്തി. പാറടിയിലച്ചന്റെ അശ്രാന്ത പരിശ്രമഫലമായി ഒരു വര്‍ഷംകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 1990 ഫെബ്രുവരി 23-ാം തീയതി അഭിവന്ദ്യ കുന്നശേരി പിതാവ് ക്‌നാനായ കാത്തലിക് സെന്ററിന്റെ കൂദാശ നിര്‍വ്വഹിച്ചപ്പോള്‍ ഏറെക്കാലം തലസ്ഥാനനഗരിയിലെ ക്‌നാനായക്കാര്‍ സ്വപ്നം കണ്ടിരുന്ന അഭിലാഷം യാഥാര്‍ത്ഥ്യമായി. പാറടിയിലച്ചന്‍ ആദ്യവികാരിയായി ചുമതലയേറ്റു. 1990 ഡിസംബര്‍ 16-ാം തീയതി ഈ സെന്റര്‍ , വിതുര പള്ളിയുടെ കീഴിലുള്ള ‘ക്വാസി പാരിഷ്’ (അര്‍ദ്ധ ഇടവക) ആയി കുന്നശേരി പിതാവ് പ്രഖ്യാപിച്ചു. മതബോധനക്ലാസുകളും, വാര്‍ഡുതല കുടുംബയോഗങ്ങളും, കെ.സി.വൈ.എല്‍ .ഉം, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസും പ്രവര്‍ത്തനം ആരംഭിച്ചു. ദേവാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്, അസോസിയേഷന്‍ സെക്രട്ടറിമാരോടൊപ്പം തോമസ് കൊച്ചാനായില്‍ ബേബി ജോണ്‍ മംഗലത്തേട്ട് തുടങ്ങിയവര്‍ ചെയ്ത സേവനങ്ങള്‍ സ്തുത്യര്‍ഹമാണ്. ആദ്യകാലം മുതല്‍ ദേവാലയ സ്ഥാപനം വരെ തിരുവനന്തപുരത്തെ ക്‌നാനായക്കാരുടെ ഉന്നമനത്തിനായി ആത്മാര്‍ത്ഥമായി പരിശ്രമിച്ച പരേതരായ കെ.കെ. ഏബ്രഹാം കല്ലേലിമണ്ണില്‍ , കെ.സി. മാത്യൂസ് കോടത്ത്, എ.ഐ. ജോസഫ് ആണ്ടൂര്‍ , കെ.എ. ജേക്കബ് കോടത്ത്, എന്‍ .കെ. തോമസ് നെല്ലിക്കല്‍ , പി.ടി.മാത്യൂസ് പൂഴിക്കുന്നേല്‍ , ഇ.എല്‍ . ഏലിക്കുട്ടി എണ്ണംപ്ലാശേരില്‍ , മാത്യൂസ് മാളിയേക്കല്‍ , പി.ടി. ജോസഫ് പുല്ലുകാട്ട്, ഫിലിപ്പ് കടുതോടില്‍ , ഫിലിപ്പ് പുത്തന്‍പുരയില്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു.
പള്ളി ഒരു യാഥാര്‍ത്ഥ്യമായതോടെ, സെമിത്തേരിയുടെ അഭാവം ഇടവകക്കാര്‍ക്ക് ബോധ്യമായി സ്ഥല പരിമിതിയും അനുവാദം കിട്ടാനുള്ള ബുദ്ധിമുട്ടും നന്നായി അറിയാമായിരുന്നു. അവിടെയും ദൈവം തുണയായി. കുന്നശേരി പിതാവിന്റെ അഭ്യര്‍ത്ഥനമാനിച്ച് അഭിവന്ദ്യ സൂസാപാക്യം പിതാവ്, കുമാരപുരം പുലിക്കുഴി പള്ളിയുടെ സെമിത്തേരിയോടനുബന്ധിച്ച് രണ്ട് സെന്റ് സ്ഥലം ദാനമായി നല്‍കിയത് അനുഗ്രഹമായി. 24 കുടുംബ കല്ലറകളും 24 പൊതു കല്ലറകളുമായി രൂപകല്പനചെയ്ത വോള്‍ട്ടിന്റെ ശിലാസ്ഥാപനം 1992 മാര്‍ച്ച് 18-ാം തീയതി തിരുവനന്തപുരം അതിരൂപതാ വികാരി ജനറാള്‍ മോണ്‍ . എസ്. തോമസ് നിര്‍വ്വഹിച്ചു. രാജീവ് ജേക്കബ് കോടത്ത്, ഇ.കെ. ജോയ് ഇഞ്ചനാട്ടില്‍ എന്നിവരുടെ നിരീക്ഷണത്തില്‍ അഞ്ച് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി 1992 ഓഗസ്റ്റ് 21-ന് അഭിവന്ദ്യ സൂസാപാക്യം പിതാവുതന്നെ കൂദാശകര്‍മ്മം നിര്‍വ്വഹിച്ചു.
1993 മെയ് 20-ാം തീയതി അഭിവന്ദ്യ കുന്നശേരി പിതാവ് ദേവാലയത്തെ, വി. പത്താംപീയൂസിന്റെ നാമധേയത്തിലുള്ള സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചു. 1995 മെയ് 7 വരെ ബഹു. പാറടിയിലച്ചന്‍ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു. 1994 ജൂലൈ മാസം പള്ളിയോടടുത്ത് സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്ഥാപിതമായി. ബഹു. ജോസ് ചക്കാലയ്ക്കല്‍ അച്ചന്‍ തന്റെ മുന്‍ഗാമി തുടങ്ങിവച്ച. എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുകയും ഇടവക പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ചെയ്തു. ബഹു. ടോമി പട്ടുമാക്കീലച്ചന്‍ മാതൃവേദിയുടെ ആരംഭം, ഇടവക ദിനാചരണം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് മുതലായവ തുടങ്ങിയത് ഈ കാലയളവിലെ നേട്ടങ്ങളാണ്.
ബഹു. സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍ അച്ചന്‍ , മതപഠനക്ലാസുകള്‍ക്കും മറ്റുമായി പാരിഷ് ഹാള്‍ പണിയുവാനും അള്‍ത്താര മനോഹരമാക്കുവാനും, പള്ളിക്ക് മുഖവാരം പണിയുവാനും നേതൃത്വം നല്‍കി. ബഹു. മൈക്കിള്‍ നെടുംതുരുത്തില്‍ അച്ചന്‍ പള്ളിമുറി പുന.ക്രമീകരിച്ച് ഒരു ഗസ്റ്റ്റൂം പണിതത് നേട്ടമായി. ബഹു. തോമസ് കരിമ്പുംകാലായില്‍ അച്ചന്റെ പ്രവര്‍ത്തനം ഇടവകയ്ക്കാകമാനവും യുവജനങ്ങള്‍ക്ക് പ്രത്യേകമായും കൂടുതല്‍ ഉണര്‍വ്വേകി. അദ്ദേഹം കെ.സി. വൈ.എല്‍ .ന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘സ്‌നേഹസാന്ത്വനം’ എന്ന പ്രസ്ഥാനം അശരണര്‍ക്ക് ആശ്വാസമേകിക്കൊണ്ട് സജീവമായി തുടരുന്നു. ബഹു. സാബു മാലിത്തുരുത്തേല്‍ അച്ചന്‍ ഒന്നര വര്‍ഷത്തോളം ഇടവകയെ നയിച്ചു. അദ്ദേഹം ആരംഭിച്ച പാരിഷ് ഹാള്‍ നവീകരണം പിന്‍ഗാമിയായി വന്ന അനീഷ് മാവേലി പുത്തന്‍പുരയിലച്ചന്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് വികാരിയായി ചുമതലയേറ്റ ബഹു. ജോസ് ആദോപ്പിള്ളില്‍ അച്ചന്‍ നേതൃത്വപാടവം കൊണ്ട് എല്ലാ മേഖലകളിലും സജീവ സാന്നിധ്യം അറിയിക്കുന്നു. മതബോധനക്ലാസുകളും കൂടാരയോഗങ്ങളും ഭക്തസംഘടനകളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സജീവമായിട്ടുണ്ട്.
ഈ ഇടവകയില്‍ തിരുബാലസഖ്യം, മിഷന്‍ ലീഗ്, കെ.സി.വൈ.എല്‍ ., മാത്യവേദി, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, കെ.എസ്.എസ്. തുടങ്ങിയ സംഘടനകള്‍ സജീവമാണ്. എല്ലാ ഭക്തസംഘടനകളുടെയും സഹകരണത്തോടെ ആരംഭിച്ച ‘സെന്റ് പയസ് ടെന്‍ത് മെഡികെയര്‍ ‘ എന്ന സംഘടന ചികില്‍സാര്‍ത്ഥം തിരുവനന്തപുരത്തെത്തുന്ന രോഗികള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമേകുന്നു. ദത്ത്കുടുംബ സഹായം, വിവാഹത്തിനും വിദ്യാഭ്യാസത്തിനും ഭവനനിര്‍മ്മാണത്തിനുമുള്ള സാമ്പത്തിക സഹായം തുടങ്ങിയവ നല്കികൊണ്ട് ഈ ഇടവകയിലെ ഭക്ത സംഘടനകള്‍ അനേകര്‍ക്ക് ആശ്വാസമേകുന്നു.