മടമ്പം ഫൊറോനാപള്ളിയില്‍ നിന്ന് 7 കിലോമീറ്ററും ശ്രീകണ്ഠപുരം ടൗണില്‍നിന്ന് 9 കിലോമീറ്ററും അകലെയാണ് വി.മിഖായേല്‍ മാലാഖയുടെ നാമത്തിലുള്ള ഈ പള്ളി സ്ഥിതി ചെയ്യുന്നത്. 1982-ല്‍ മടമ്പം ഫൊറോനാ വികാരിയായിരുന്ന ഫാ.ഏബ്രഹാം നെടുങ്ങാട്ടിന്റെ പരിശ്രമത്തില്‍ ഈ പള്ളിക്ക് ആരംഭം കുറിച്ചു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി ആരംഭിച്ച കുടുംബയോഗമാണ് പിന്നീട് ഇടവകയായി വളര്‍ന്നത്.
കരിമ്പില്‍ തൊമ്മി, കുറ്റിപറി ച്ചേല്‍ തൊമ്മന് എന്നിവര്‍ ചേര്‍ന്ന് 68 സെന്റ് സ്ഥലം സൗജന്യമായി നല്‍കുകയും ഇവിടെ ഒരു താത്ക്കാലിക ഷെഡ് പണിയുകയും ചെയ്തു. തങ്ങള്‍ക്ക് ഒരു ദൈവാലയം വേണമെന്ന വിശ്വാസികളുടെ നിരന്തരമായ അഭ്യര്ത്ഥനരൂപതാദ്ധ്യക്ഷനായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന് ബോധ്യമായതിന്റെ ഫലമായി 1986 മാര്‍ച്ച് 16 ന് മൈക്കിള്ഗിരിയെ ഒരു ഓട്ടോണമസ് യൂണിറ്റാക്കുകയും ഒരു സെമിത്തേരി സ്ഥാപിക്കുകയും ചെയ്തു.
ആദ്യവികാരിയായി ബഹു. മാത്യു കാക്കനാട്ട് അച്ചനെ നിയമിക്കുകയും അദ്ദേഹം അലക്സ് നഗര്‍ പള്ളിയില്‍ താമസിച്ച് ഇവിടെ ഞായറാഴ്ചകളില്‍ കുര്ബാനഅര്പ്പിക്കുകയും ചെയ്തു വന്നിരുന്നു. രൂപതയില്‍ നിന്നുള്ള സഹായത്തോടെയും ഇടവകക്കാരുടെ നിര്‍ല്ലോഭമായ സഹകരണത്തോടെയും 1988-ല്‍ മനോഹരമായ ഒരു ദൈവാലയം കാക്കനാട്ട് അച്ചന്റെ നേതൃത്വത്തില്‍ പണിതു. 71 കുടുംബങ്ങളിലായി ഇപ്പോള്‍ മൂന്ന് കൂടാരയോഗങ്ങളും 315 അംഗങ്ങളുമുണ്ട്.
1993-ല്‍ ബഹു. ജോര്‍ജ് പുതുപറമ്പില്‍ അച്ചന്റെ നേതൃത്വത്തില്‍ പള്ളി മേടയുടെ പണിയും പൂര്‍ത്തീകരിച്ചു. കുറെ നാളത്തേക്ക് അലക്സ് നഗര്‍ പള്ളിയുടെ വികാരിയായിരുന്നു ഇവിടെയും വി.ബലി അര്‍പ്പിച്ചിരുന്നത്. ബഹു. സൈമണ്‍ പുല്ലാട്ട് അച്ചനാണ് ഈ പള്ളിയുടെ ആദ്യ സ്വതന്ത്രവികാരിയായി വന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇവിടെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്ജ്ജസ്വലത കൈവന്നു. ബഹു. പ്ലാമൂട്ടില്‍ സണ്ണി അച്ചന് മൈക്കിള്ഗിരിക്ക് ഇന്നത്തെ മുഖച്ഛായ നല്കി.
തുടര്‍ന്ന് നാളിതുവരെ പല വൈദികരും പഠനത്തോടൊപ്പം ഇവിടെ വികാരിമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുബാലസംഖ്യം, മിഷന്‍ലീഗ്, കെ.സി.വൈ.എല്‍ ., മാതൃസംഘം, വിന്‍സന്റ് ഡി പോള്‍ , കെ.സി.സി. എന്നീ സംഘടനകളും മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പല സംഘങ്ങളും വളരെ നല്ലരീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
Skip to main content

