യാത്രാസൗകര്യം വളരെ പരിമിതമായിരുന്ന വെളിയനാട്ടില്‍ താമസിച്ചിരുന്ന ക്‌നാനായക്കാര്‍ തങ്ങളുടെ അന്നത്തെ ഇടവക പള്ളിയായിരുന്ന കോട്ടയം ഇടയ്‌ക്കാട്ട് ഫൊറോനാ പള്ളിയില്‍ വള്ളത്തില്‍ കുടുംബങ്ങളോടൊത്ത് പോയി, വി. ബലിയില്‍ പങ്കെടുത്ത് വിശ്വാസം സംരക്ഷിച്ചു പോന്നു. കാലക്രമേണ സ്വന്തമായി ഒരു ക്‌നാനായ കത്തോലിക്കാ പള്ളി തങ്ങള്‍ക്കുണ്ടായിക്കാണാനായി കുട്ടനാട്ടിലെ കുമരംകരി, നാരകത്തറ, കാവാലം, കുന്നംകരി കരകളില്‍ അതിനുള്ള ശ്രമങ്ങള്‍ നടത്തി. വീടൊന്നിന് 2 ചക്രവും ഇടങ്ങഴി അരിയും വീതം പിരിവിട്ട് സമാഹരിച്ച പണം ഉപയോഗിച്ച് കൊല്ലവര്‍ഷം 1069 ല്‍ (അഉ 1894) പന്നിക്കോട്ട് മേനോന്റെ 30 സെന്റ് സ്ഥലം വിലയ്‌ക്കും, ഈ സ്ഥലത്തോടു ചേര്‍ന്നു കിടന്ന ഇടവകക്കാരന്‍ ചെമ്മരപ്പിള്ളില്‍ മത്തായി കോരയുടെ 50 സെന്റ് സ്ഥലം ദാനമായും ലഭിച്ച സ്ഥലത്ത് ഒരു പള്ളി പണിയാനുള്ള ആഗ്രഹം അന്നത്തെ ഇടയ്‌ക്കാട്ട് പള്ളി വികാരി കുന്നുംപുറത്ത് ബഹു. മത്തായി അച്ചന്‍ വഴി ചങ്ങനാശ്ശേരി വികാരിയാത്തിന്റെ മെത്രാനായിരുന്ന മാര്‍ മത്തായി മാക്കീല്‍ പിതാവിനെ അറിയിക്കുകയും 1897 ജനുവരി 23-ാം തീയതി ഈ പള്ളിയുടെ കല്ലിടീല്‍ കര്‍മ്മം അഭി. പിതാവ് നിര്‍വഹിക്കുകയും ചെയ്‌തു. ആ വര്‍ഷം തന്നെ ബഹു. കുന്നുംപുറത്ത് അച്ചന്റെ മേല്‍നോട്ടത്തില്‍ ഇടയ്‌ക്കാട്ട് പള്ളിയുടെ കുരിശുപള്ളിയായി പണിതുയര്‍ത്തുകയും, കടല്‍ യാത്രക്കാരുടെ സംരക്ഷകനായി അറിയപ്പെടുന്ന വി. മിഖായേല്‍ മാലാഖയുടെ നാമധേയം നല്‌കി ഞായറാഴ്‌ചതോറും വി. കുര്‍ബ്ബാനഅര്‍പ്പിക്കുകയും ചെയ്‌തുപോന്നു. ആ വര്‍ഷം തന്നെ ഈ പള്ളിയെ ഒരു ഇടവകപ്പള്ളിയായി ഉയര്‍ത്തുകയും, ബഹു. വട്ടപ്പറമ്പില്‍ പീലിപ്പോസ് അച്ചനെ പ്രഥമ വികാരിയായി നിയമിക്കുകയും ചെയ്‌തു.
ഫാ. ജോസഫ് വെളിയംകുളം വികാരിയായിരുന്ന കാലത്ത് പള്ളി പുതുക്കി പണിയാന്‍ തീരുമാനിക്കുകയും 1969 മെയ് 11-ാം തീയതി പുതിയ പള്ളിയ്‌ക്കുള്ള ശിലാസ്ഥാപനം മാര്‍ . തോമസ് തറയില്‍ നിര്‍വഹിക്കുകയും ചെയ്‌തു. തുടര്‍ന്ന് വികാരിയായി വന്ന ബഹു. എബ്രാഹം കൊച്ചുപറമ്പില്‍ അച്ചന്റെയും കൈക്കാരനായിരുന്ന വട്ടക്കളത്തില്‍ ചാക്കോ മാത്യുവിന്റെയും മറ്റ് ഇടവകാംഗങ്ങളുടെയും 7 കൊല്ലത്തെ കഠിനശ്രമത്തിന്റെ ഫലമായി, പണി പൂര്‍ത്തിയാക്കി 1976 ഏപ്രില്‍ 24-ാം തീയതി മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് ഇപ്പോഴുള്ള പുതിയ പള്ളിയുടെ കൂദാശകര്‍മ്മം നിര്‍വഹിച്ചു. 1946 മെയ് മാസത്തില്‍ ബഹു. പോള്‍ ചിലമ്പത്തച്ചന്‍ വികാരിയായിരിക്കുമ്പോള്‍ , ഈ പള്ളിയുടെ സുവര്‍ണ്ണ ജൂബിലിയും 1997 മെയ് 4-11 വരെ തീയതികളില്‍ ബഹു. ജോസഫ് ഈഴാറാത്തച്ചന്‍ വികാരിയായിരിക്കുമ്പോള്‍ ശതാബ്‌ദിയും വര്‍ണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു.