സുവിശേഷകനും അപ്പസ്‌തോലനുമായ വി.മത്തായി ശ്ലീഹായുടെ നാമത്തില്‍ കോട്ടയം അതിരൂപതയിലുള്ള ഏക ദൈവാലയമാണ് വാകത്താനം സെന്റ് മാത്യൂസ് ക്‌നാനായ കത്തോലിക്കാപള്ളി. 1910 സെപ്‌റ്റംബര്‍ 21-ാം തീയതി വി. മത്തായി ശ്ലീഹായുടെ തിരുനാള്‍ ദിനത്തില്‍ ദൈവദാസനായ മാര്‍ മാത്യു മാക്കീല്‍ പിതാവ് ഈ ദൈവാലയം കൂദാശ ചെയ്‌തു. ഇടയ്‌ക്കാട്ടുപള്ളിയിലും തുടര്‍ന്ന് പാച്ചിറപള്ളിയിലും അംഗങ്ങളായിരുന്ന 15 ഓളം കുടുംബങ്ങളാണ് വാകത്താനത്തെ ആദ്യ ഇടവകാംഗങ്ങള്‍ . പാച്ചിറപള്ളി വികാര്‍ ഇന്‍ചാര്‍ജായിരുന്ന മാത്യു വട്ടക്കളത്തില്‍ അച്ചനാണ് ഈ ദൈവാലയത്തിന്റെ പ്രഥമ വികാരി. 1910-ല്‍ ഒരു ഓലമേഞ്ഞ ഷെഡില്‍ തുടങ്ങിയ ദൈവാലയം 1916-ല്‍ മാത്യു വട്ടക്കളത്തിലച്ചന്റെ നേത്യത്വത്തില്‍ പുതുക്കിപ്പണിയാന്‍ ആരംഭിച്ചു. എന്നാല്‍ വട്ടക്കളത്തിലച്ചന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് 1917-ല്‍ ചാക്കോ ഒട്ടക്കാട്ടില്‍ അച്ചന്റെ നേത്യത്വത്തില്‍ പണികള്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍ വാകത്താനത്തെ ആളുകളുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് ഈ ദൈവാലയം പോരായ്‌കയാണെന്ന് തോന്നുകയാലും സ്വന്തമായി ദൈവാലയം നിര്‍മ്മിക്കുവാനുള്ള സാമ്പത്തികവും ഭൗതികവുമായ സാഹചര്യം ഇവിടുത്തെ പാവപ്പെട്ട ഇടവകാംഗങ്ങള്‍ക്ക് ഇല്ലായ്‌കയാലും അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവിന്റെ പ്രത്യേക താത്‌പര്യത്താല്‍ 1921-1922 വര്‍ഷത്തില്‍ ദൈവാലയം വീണ്ടും വിപുലീകരിച്ച് നിര്‍മ്മിച്ചു. ഈ ദൈവാലയത്തില്‍ 68 വര്‍ഷത്തോളം ആത്മീയ ശുശ്രൂഷകള്‍ നടത്തി.
ദൈവാലയത്തിന്റെ ജീര്‍ണ്ണതയും സ്ഥലപരിമിതിയും മൂലം പുതിയ ദൈവാലയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. വികാരി ഫാ. മാത്യു ഇളപ്പാനിക്കലിന്റെ നേത്യത്വത്തില്‍ പുതിയ ദൈവാലയം നിര്‍മ്മിച്ച് 1989 ഓഗസ്‌റ്‌റ് 15-ാം തീയതി അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് കൂദാശ ചെയ്‌ത് ദൈവത്തിന് പ്രതിഷ്‌ഠിച്ചു. ഇപ്പോള്‍ ഈ ഇടവകയില്‍ 157 കുടുംബങ്ങളും 709 അംഗങ്ങളുമുണ്ട്. 2009-2010 വര്‍ഷത്തില്‍ ദൈവാലയത്തിന്റെ ശതാബ്‌ദി ആഘോഷിച്ചു. ശതാബ്‌ദി സ്‌മാരകമായി, പ്രഥമ വികാരിയായിരുന്ന ഫാ. മാത്യു വട്ടക്കളത്തിന്റെ പേരില്‍ ഒരു മതബോധനഹാള്‍ നിര്‍മ്മിക്കുകയും 2010 ഡിസംബര്‍ 30-ാം അഭി. മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത വെഞ്ചരിക്കുകയും ചെയ്‌തു. സെപ്‌റ്റംബര്‍ 21-ാം തീയതി വി. മത്തായി ശ്ലീഹായുടെ തിരുനാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്‌ച, ഈ ദൈവാലയത്തിന്റെ സ്ഥാപനത്തിരുനാളായും ജനുവരി 20 നു ശേഷം വരുന്ന ഞായറാഴ്‌ച പ്രധാനതിരുനാളായും (വി.സെബസ്‌ത്യാനോസ്) ആചരിക്കുന്നു