അരീക്കര ഇടവകയില്‍പ്പെട്ട വെളിയന്നൂര്‍ നിവാസികള്‍ക്ക് അരീക്കരയില്‍ പോയി ആത്മീയ കാര്യങ്ങള്‍ നടത്തുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ വെളിന്നൂരില്‍ ഒരു ദേവാലയം പണിയുന്നതിന് പുളിക്കല്‍ പാപ്പൂട്ടിയുടെ നേത്യത്വത്തില്‍ ഒരു ആലോചന 1982 ല്‍ നടക്കുകയുണ്ടായി. അതേവര്‍ഷം അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ ഇടയ സന്ദര്‍ശനം അരീക്കര പള്ളിയില്‍ നടക്കുകയും തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ വെളിയന്നൂരില്‍ ഒരു പള്ളി പണിയുന്നതിനെപ്പറ്റി ചര്‍ച്ച നടത്തുകയും, അഭിവന്ദ്യ പിതാവില്‍ നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാവുകയും ചെയ്‌തു. 1984 ഏപ്രില്‍ 15 ഓശാനഞായറാഴ്‌ച അഭിവന്ദ്യ കുന്നശ്ശേരി പിതാവ് പള്ളിയുടെ ശിലാസ്ഥാപനം നടത്തി. ബഹു. വള്ളോപ്പള്ളി അച്ചന്റെയും കമ്മിറ്റിക്കാരുടെയും ആത്മാര്‍ത്ഥമായ പരിശ്രമം മൂലം പള്ളിപണി ഭംഗിയായി നടത്തുകയും ഒരു വര്‍ഷത്തിനകം പള്ളിപണി പൂര്‍ത്തിയാക്കുകയും ചെയ്‌തു. 1985 ഏപ്രില്‍ 7-ാം തീയതി ഈസ്റ്റര്‍ ദിനത്തില്‍ അഭിവന്ദ്യ കുന്നശ്ശേരി പിതാവ് പള്ളി കൂദാശ ചെയ്‌ത് ദിവ്യബലി അര്‍പ്പിക്കുകയും സെന്റ് മേരീസ് ചര്‍ച്ച് എന്ന് നാമകരണം ചെയ്യുകയും ചെയ്‌തു. 1986 മെയ് മാസത്തില്‍ സെമിത്തേരിയുടെയും 1987 -ല്‍ വൈദിക മന്ദിരത്തിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി. 1985 ല്‍ ആരംഭിച്ച ഈ ഇടവകയില്‍ ഇപ്പോള്‍ 163 കുടുംബങ്ങളുണ്ട്.