കണ്ണൂര്‍ പ്രദേശത്തുള്ള കത്തോലിക്കാ വിശ്വാസികളുടെ ഏക ആരാധനാലയമായിരുന്നു ബര്‍ണ്ണശ്ശേരി കത്തീഡ്രല്‍ . 1980-ല്‍ കോട്ടയം അതിരൂപതയ്ക്കുവേണ്ടി ശ്രീപുരം വാങ്ങിയശേഷം 1983 മുതല്‍ ഇവിടെ താമസിച്ചിരുന്ന വൈദികര്‍ ശ്രീപുരം കെട്ടിടത്തില്‍ ബലിയര്‍പ്പിച്ചു പോന്നു. തദ്ദേശവാസികളായി വളരെ കുറച്ച് ക്‌നാനായക്കാരേ ഉണ്ടായിരുന്നുള്ളൂ. ക്‌നാനായക്കാരും അല്ലാത്തവരുമായ കത്തോലിക്കാ വിശ്വാസികള്‍ ബലിയില്‍ പങ്കെടുത്തുെവങ്കിലും ഒരു ദേവാലയമോ ഇടവകയോ രൂപപ്പെട്ടിരുന്നില്ല. ശ്രീപുരത്തിന്റെ നടുവിലൂടെ ഒരു കനാലിനായി ഗവണ്‍മെന്റിനു വിട്ടുകൊടുത്ത സ്ഥലത്തു കനാല്‍ ഉപേക്ഷിച്ച് ബോയിസ് ഹോസ്റ്റല്‍ പണിയാന്‍ ഗവണ്‍മെന്റ് തീരുമാനിച്ച സാഹചര്യത്തില്‍ 1993-ല്‍ ഒറ്റരാത്രിക്കൊണ്ട് പള്ളി (ഷെഡ്) പണിയുകയും പിറ്റേ ദിവസം രാവിലെ അന്നത്തെ വികാരി ജനറാള്‍ ആയിരുന്ന മോണ്‍ . സ്റ്റീഫന്‍ ജയരാജ് വെഞ്ചരിച്ച് വിശുദ്ധ ബലി അര്‍പ്പിക്കുകയും ചെയ്തു. 1994- ല്‍ ഇത് ഇടവകയായി ഉയര്‍ത്തുകയും അന്നത്തെ പാസ്റ്ററല്‍ സെന്റര്‍ അസി.ഡയറക്ടര്‍ ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍ പ്രഥമ വികാരിയാവുകയും ചെയ്തു. തുടര്‍ന്ന് ഫാ.തോമസ് ആനിമൂട്ടില്‍ , ഫാ.മൈക്കിള്‍ , ഫാ.ഏബ്രഹാം കളരിക്കല്‍ എന്നിവര്‍ വികാരിമാരായി സേവനം ചെയ്തു. നാല്പത്തിയഞ്ച് കിലോമീറ്റര്‍ ഉള്ളില്‍ 45 കുടുംബങ്ങള്‍ ഈ ഇടവകയില്‍ ഉണ്ട്. ഫാ. ജോസ് ചിറപ്പുറത്ത് വികാരിയായും ഫാ.ജോഷി വലിയവീട്ടില്‍ അസി.വികാരിയായും ഇപ്പോള്‍ സേവനം ചെയ്യുന്നു.