1767 ല്‍ കടുത്തുരുത്തി തെക്കേക്കുറ്റ് കുടുംബത്തില്‍പ്പെട്ട ചാക്കോ എന്നൊരാളെ ചോഴിയക്കാട്ട് ശീകൃഷ്‌ണസ്വാമി ക്ഷേത്രത്തിനു സമീപം പുളിക്കല്‍ നമ്പൂതിരി ഇല്ലക്കാര്‍ കൊണ്ടുവന്നു താമസിപ്പിച്ചു. തീണ്ടലും തൊടീലുമുള്ള അക്കാലത്ത്, ചില പൂജാദികര്‍മ്മങ്ങള്‍ ക്രിസ്‌ത്യാനി തൊട്ടുവെങ്കിലേ ശുദ്ധിവരികയുള്ളൂവെന്ന് ഹൈന്ദവര്‍ വിശ്വസിച്ചിരുന്നു. നല്ല ക്രിസ്‌ത്യാനിയെ കണികാണുകയെന്ന ലക്ഷ്യത്തോടെ ചോഴിയക്കാട്ടു കരയില്‍ കൊണ്ടുവന്നു പാര്‍പ്പിക്കപ്പെട്ട ആളിന്റെ സന്താനപരമ്പരകളാണ് ഇടവകക്കാരില്‍ ഭൂരിഭാഗവും. കൂടാതെ വാകത്താനം കൊക്കരവാലേല്‍ കുടുംബത്തിലെ ഒരാളെ പനച്ചിക്കാട്ട് വാര്യത്തുങ്കല്‍ തങ്ങളുടെ ക്ഷേത്രത്തിനടുത്ത് സ്ഥലം ദാനമായിക്കൊടുത്ത് താമസിപ്പിച്ചു. അങ്ങനെയുണ്ടായ ഇളംകുളത്ത് കുടുംബത്തിന്റെ ശാഖകളും മറ്റ് സ്ഥലങ്ങളില്‍നിന്ന് ഇടവകാതിര്‍ത്തിയില്‍ സ്ഥിരതാമസമാക്കിയ ഏതാനും കുടുംബക്കാരുമാണ് ബാക്കി ഇടവകാംഗങ്ങള്‍. ഇവര്‍ തങ്ങളുടെ ആത്മീയകാര്യങ്ങള്‍ പതിനൊന്നു കിലോമീറ്റര്‍ അകലെയുള്ള ഇടയ്‌ക്കാട്ടു പള്ളിയില്‍ ആണ് നടത്തിക്കൊണ്ടിരുന്നത്. ഇവിടെ മരിക്കുന്നവരുടെ മൃതശരീരം കട്ടിലില്‍ ചുമന്നോ, വള്ളത്തിലോ ആണ് ഇടയ്‌ക്കാട്ടുപള്ളിയില്‍ കൊണ്ടുപോയി സംസ്‌കരിച്ചിരുന്നത്. ഇങ്ങനെയുള്ള ബുദ്ധിമുട്ടുമൂലവും, അന്‍പതോളം കുടുംബക്കാര്‍ ക്‌നാനായ യാക്കോബായ സഭയില്‍ ചേര്‍ന്നതും ഇവിടെ ഒരു ദേവാലയം സ്ഥാപിക്കുന്നതിനു കാരണമായി. കോട്ടയം രൂപതയുടെ മെത്രാനായിത്തീര്‍ന്ന ചൂളപ്പറമ്പില്‍ ചാണ്ടി അച്ചന്റെയും ഒട്ടക്കാട്ടില്‍ ചാക്കോ അച്ചന്റെയും അപേക്ഷപ്രകാരം ബഹുമാനപ്പെട്ട മാക്കീല്‍ മത്തായി അച്ചന്റെ (ഇന്നു ദൈവദാസന്‍) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഭിവന്ദ്യ കാര്‍ലോസ് ലവീഞ്ഞ് മെത്രാനച്ചന്‍ 1894 ല്‍ ഇവിടെ ഒരു കപ്പേള പണിയുവാന്‍ അനുവാദം നല്‍കി. ഈ കപ്പേള സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം നല്‍കിയത് കിഴക്കേടത്തു ശ്രീ. മാത്തു ഇട്ടിയവിരാ ആണ്. ഇവിടെ ഒരു പള്ളി പണിയുന്നതിനായി സര്‍ക്കാരില്‍നിന്നും അനുവാദം കിട്ടിയെങ്കിലും ചില ബാഹ്യശക്തികള്‍ അതിനെതിരായി നീങ്ങിയതിന്റെ അടിസ്ഥാനത്തില്‍ , താത്‌കാലികമായി കെട്ടിയുണ്ടാക്കിയ ഒരു പന്തലില്‍ ചെറുശ്ശേരില്‍ ബഹു. ചുമ്മാരച്ചന്‍ 1894 ഓഗസ്റ്റ് 8 ന് രഹസ്യമായി ആദ്യപൂജ നടത്തി. ദിവ്യബലി അര്‍പ്പിക്കുന്ന ഓലഷെഡ്ഡിന്റെ ശോച്യാവസ്ഥയില്‍ ദുഃഖിതനായ, അപ്പോഴേയ്‌ക്കും ചങ്ങനാശ്ശേരി വികാരി അപ്പസ്‌തോലിക്കാ ആയ മാക്കില്‍ മെത്രാനച്ചന്‍ , ഇവിടെ ഒരു സ്ഥിരമായ കപ്പേള പണിയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതിന്റെ ഫലമായി വട്ടക്കളത്തില്‍ ബഹു. മത്തായി അച്ചന്റെ നേതൃത്വത്തില്‍ പള്ളിയും വൈദിക വസതിയും പണിതു. ഈ ആദ്യ ദേവാലയം 1901-ല്‍ അഭിവന്ദ്യമാക്കില്‍ പിതാവ് വെഞ്ചരിച്ചു.
രണ്ടാമത്തെ പള്ളി പണിയുന്നതിനായി നേതൃത്വം നല്‍കിയത് കൊരട്ടിയില്‍ ബഹു. മാത്യു അച്ചനാണ്. വിസിറ്റേഷന്‍ കന്യകാ സമൂഹത്തിന്റെ ഒരു ശാഖാഭവനം ഈ ഇടവകയില്‍ ആരംഭിക്കുകയും 1981 ഒക്‌ടോബര്‍ 4-ന് അഭിവന്ദ്യ കുന്നശ്ശേരി പിതാവ് രണ്ടാമത്തെ പളളി വെഞ്ചരിച്ചതിനോടൊപ്പം മഠവും വെഞ്ചരിക്കുകയുണ്ടായി. 1994-ല്‍ പള്ളിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ സമാപനസമ്മേളനം അന്നത്തെ പൊന്തിഫിക്കല്‍ ഡലിഗേറ്റ് മാര്‍ ഏബ്രഹാം കാട്ടുമന ഉദ്‌ഘാടനം ചെയ്‌തു.
രണ്ടാമത്തെ പള്ളിയില്‍ സ്ഥലപരിമിതിമൂലം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്ന സാഹചര്യത്തില്‍ ബഹു. പറമ്പേട്ടച്ചന്റെ നേതൃത്വത്തില്‍ പുതിയ ദേവാലയം പണികഴിപ്പിക്കുകയും 2010 ജനുവരി 26 ന് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് ദേവാലയം കൂദാശ ചെയ്യുകയും ചെയ്‌തു. ഒക്‌ടോബര്‍ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച കല്ലിട്ട തിരുനാളും അതിന്റെ തലേദിവസം 12 മണിക്കൂര്‍ ആരാധനയും ജനുവരിമാസത്തിലെ അവസാനത്തെ ഞായറാഴ്‌ച വി. സെബസ്‌ത്യാനോസിന്റെ തിരുനാള്‍ പ്രധാനതിരുനാളായും നടത്തിവരുന്നു. ഇവിടെ 212 ഭവനങ്ങളും 975 അംഗങ്ങളുമുണ്ട്.