കോതനല്ലൂരില്‍ വര്‍ഷങ്ങളായി കടുത്തുരുത്തി വലിയ പള്ളി ഇടവകക്കാരായി കുറെ കുടുംബങ്ങള്‍ താമസിച്ചു വരികയായിരുന്നു. അതില്‍ കുറെ കുടുംബങ്ങള്‍ കുറുപ്പന്തറയില്‍ ഒരു ദൈവാലയം ഉണ്ടായപ്പോള്‍ ഇടവക സ്വീകരിക്കുകയും ബാക്കി 40 ഓളം കുടുംബങ്ങള്‍ കടുത്തുരുത്തിയില്‍ തന്നെ തുടരുകയും ചെയ്‌തു. 1980 ന്റെ ആരംഭത്തില്‍ കോതനല്ലൂരില്‍ തൂവാനീസ പ്രാര്‍ത്ഥനാലയവും കുഞ്ഞുമക്കളുടെ സന്യാസി സമൂഹത്തിനുവേണ്ടി ഒരു മഠവും സ്ഥാപിക്കുകയുണ്ടായി. അന്നു മുതല്‍ തൂവാനീസയിലുള്ള ചാപ്പലില്‍ ഇവിടെയുള്ള നമ്മുടെ സമൂഹം പരിശുദ്ധ കുര്‍ബാനയ്‌ക്കും ആദ്ധ്യാത്മിക കാര്യങ്ങള്‍ക്കും വേണ്ടി ബന്ധപ്പെടുവാനും തുടങ്ങി. അന്നു ഡയറക്‌ടറായിരുന്ന ബ. വെള്ളിയാനച്ചന്‍ ഇവിടെയും പരിസരത്തുമുള്ള നമ്മുടെ കുടുംബങ്ങള്‍ക്കു വേണ്ടി ഒരു ദൈവാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യം അരമനയില്‍ ബോധിപ്പിക്കുകയും അരമനയില്‍ നിന്നു സഹകരണം ഉണ്ടാവുകയും ചെയ്‌തു. ബ. പൂത്തൃക്കയില്‍ ജോസച്ചന്‍ ഡയറക്‌ടറായിരിക്കുമ്പോള്‍ 1996 – ല്‍ ഡിസംബര്‍ മാസം 8-ാം തിയതി അഭിവന്ദ്യ കുന്നശ്ശേരി പിതാവ് മുത്തിയമ്മയുടെ നാമത്തില്‍ പള്ളി പണിയുന്നതിനു തറക്കല്ലിട്ടു.
തുടര്‍ന്ന് ബ. ഇളപ്പാനിക്കനച്ചന്റെ മേല്‍നോട്ടവും ഡയറക്‌ടറായിരുന്ന ബഹു. ചെള്ളക്കണ്ടത്തിലച്ചന്റെ പരിശ്രമവും കൊണ്ട് സെന്റ് മേരീസ് ദൈവാലയം എന്ന നാമത്തില്‍ 1999 ഏപ്രില്‍ മാസം 11-ാം തിയതി അഭിവന്ദ്യ കുന്നശ്ശേരി പിതാവ് ഈ ദൈവാലയം കൂദാശ ചെയ്യുകയും ഇതിന്റെ സമീപത്തുവസിക്കുന്ന 80 ല്‍ പരം കുടുംബങ്ങള്‍ക്ക് ഒരു സ്വയം ഭരണ ദേവാലയം എന്നുള്ള അര്‍ത്ഥത്തില്‍ നടത്തിപ്പുകാരനായി ബ. ചെള്ളക്കണ്ടത്തിലച്ചനെനിയമിച്ചു നല്‌കുകയും ചെയ്‌തു. ബ. കുറുപ്പന്തറയിലച്ചന്‍ നടത്തിപ്പുകാരനായിരുന്ന കാലത്താണ് 2002 ഒക്‌ടോബര്‍ 2-ാം തീയതി ഏറ്റവും സങ്കീര്‍ണ്ണമായി തീര്‍ന്ന വോള്‍ട്ടിന്റെ പണി പൂര്‍ത്തിയാക്കിയത്.ബ. കുരുട്ടുപറമ്പിലച്ചന്‍ നടത്തിപ്പുകാരനായിരുന്ന കാലത്താണ് വേദപാഠസ്‌കൂളും പാരിഷ്‌ഹാളും കൂടി ചേര്‍ന്ന രണ്ടു നിലയില്‍ ഒരു കെട്ടിടം തീര്‍ത്തത്. ഇപ്പോള്‍ ഈ ഇടവകയില്‍ കടുത്തുരുത്തി, കുറുപ്പന്തറ, ചാമക്കാല, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റു പല ഇടവകകളില്‍ നിന്നും വന്നതായ കുടുംബങ്ങള്‍ ഉള്‍പ്പെടെ 101 കുടുംബങ്ങള്‍ ഇവിടെയുണ്ട്.