പുന്നത്തുറ പഴയപള്ളി ഇടവകയില്‍പ്പെട്ട കൂടല്ലൂര്‍ , പിറയാര്‍ , പരിയാരമംഗലം, മാറിയിടം, കടപ്ലാമറ്റം എന്നീ കരകളിലുള്ളവരുടെ ചിരകാലാഭിലാഷമായിരുന്നു കൂടല്ലൂര് ഒരു ദേവാലയം പണിയുക എന്നത്. ഈ പ്രദേശത്തെ വൈദികരായിരുന്ന ഫാ. തോമസ് മാപ്ലേട്ട് (സീനിയര്‍ ) ഫാ. ലൂയിസ് വെള്ളാപ്പള്ളില്‍ , ഫാ. തോമസ് മാപ്ലേട്ട് (ജൂനിയര്‍ ) ഫാ. ജോസഫ് പുത്തുപ്പള്ളില്‍ മുതലായവരുടെയും കൂടല്ലൂര്‍ , പിറയാര്‍ പരിയാരമംഗലം, മാറിയിടം, കടപ്ലാമറ്റം നിവാസികളുടെയും അക്ഷീണ പ്രയത്‌നത്തിന്റെ ഫലമായി കൂടല്ലൂര്‍ സെന്റ് മേരീസ് ദൈവാലയം സഫലമായി.
കൊശപ്പള്ളില്‍ ലൂക്കാമത്തായി ദാനമായി നല്കിയ സ്ഥലത്ത് 1895 ജൂലൈ 3-ാം തീയതി ലൂക്കായുടെ തന്നെ പ്രധാന ചുമതലയില്‍ പള്ളിയുടെ പണി ആരംഭിച്ചു. അഭിവന്ദ്യ മാക്കീല്‍ മത്തായി മെത്രാന്‍ 1897 ജനുവരി 17-ാം തീയതി ദൈവാലയം വെഞ്ചരിച്ചു. അന്നു പുന്നത്തുറ വികാരി ആയിരുന്ന കോട്ടൂര്‍ ബഹു. തോമാ കത്തനാരുടെ അനുമതിയോടെ മാപ്ലേട്ട് ബഹു. തോമാ കത്തനാരെ ഈ കുരിശുപള്ളിയുടെ നടത്തിപ്പ് എല്‌പിച്ചു. ഈ സമയത്താണ് പള്ളിയുടെ മദ്‌ഹായുടെയും മണിമാളികയുടെയും, സെമിത്തേരിയുടെയും പണികള്‍ ആരംഭിച്ചത്. 1073 മിഥുനം 20-ന് (03-07-1898) ഈ കുരിശുപള്ളിയെ ഇടവകയാക്കുകയും മാപ്ലേട്ട് ബഹു. തോമസ് അച്ചനെ വികാരിയായി നിയമിക്കുകയും ചെയ്‌തു. അന്ന് ഈ ഇടവകയില്‍ 191 കുടുംബങ്ങളും 1070 അംഗങ്ങളും ഉണ്ടായിരുന്നു. 1914-ല്‍ റവ. ഫാ. ജോസഫ് നെടുന്തുരുത്തിയില്‍ രണ്ടാം വട്ടം വികാരിയായിരിക്കുമ്പോള്‍ വിദ്യാഭ്യാസ സൗകര്യം ഇല്ലാതിരുന്ന ഇവിടെ, മങ്ങാട്ട് ഉതുപ്പാന്‍ ദാനമായി നല്കിയ സ്ഥലത്ത് സെന്റ് ജോസഫ്‌സ് പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു.
1954 ജൂണ്‍ 11 ന് പള്ളിക്കിഴക്കേതില്‍ ബഹു. തോമസച്ചന്‍ വികാരിയായിരിക്കുമ്പോള്‍ ഇടവകാംഗങ്ങളുടെ ആഗ്രഹപ്രകാരം പള്ളിക്കു സമീപമുണ്ടായിരുന്ന തയ്യില്‍ ജോസഫിന്റെ സ്ഥലത്ത് 1954 നവംബര്‍ 1-ാം തീയതി അഭി. തറയില്‍ പിതാവ്, വിസിറ്റേഷന്‍ കന്യകാ സമൂഹത്തിന്റെ ഒരു ശാഖയ്‌ക്ക് തറക്കല്ലിടുകയും. 1956 ഡിസംബര്‍ 18ന് വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിക്കുകയും ചെയ്‌തു.1964-ല്‍ എല്‍ .പി. സ്‌കൂള്‍ , യു.പി. സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1981-82 സ്‌കൂള്‍ വര്‍ഷത്തില്‍ വികാരി ഫാ. തോമസ് തേരന്താനത്തിന്റെ നേതൃത്വത്തില്‍ പള്ളിയോടനുബന്ധിച്ച് സിസ്റ്റേഴ്‌സിന്റെ സഹായത്തോടെ ഒരു നേഴ്‌സറി സ്‌കൂള്‍ ആരംഭിച്ചു.
കാലക്രമത്തില്‍ ഇടവക ദൈവാലയം പുതുക്കിപ്പണിയുന്നതിന് ഇടവകാംഗങ്ങള്‍ ആഗ്രഹിച്ചു. 1981 ജൂലൈ 3-ാം തീയതി മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് പുതുക്കിപ്പണിയുന്ന ദൈവാലയത്തിന്റെ ശിലാസ്ഥാപനം നടത്തുകയും, അന്നു വികാരിയായിരുന്ന തേരന്താനത്ത് ബഹു. തോമസച്ചന്റെ നേതൃത്വത്തില്‍ ഒന്നര വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കിയ നവീനദൈവാലയം, 1983 ജനുവരി 28-ാം തീയതി കൂദാശ ചെയ്യുകയും ചെയ്‌തു. 113 വര്‍ഷങ്ങള്‍ക്കു മുന്‍പ് ദൈവ നിയോഗം പോലെ ഒരു പറ്റം സമൂഹാംഗങ്ങളുടെ ആത്മീയ ബലത്തില്‍ ഉയിര്‍ കൊണ്ട കൂടല്ലൂര്‍ പള്ളി ഈ നാടിന്റെ ഊര്‍ജ്ജസ്രോതസായി പരി. അമ്മയുടെ കാരുണ്യത്താല്‍ പ്രകാശം പരത്തി നിലകൊള്ളുന്നു. അമേരിക്കയില്‍ സ്ഥിരം താമസമായ 23 വീടുകള്‍ ഉള്‍പ്പെടെ, 442 കുടുംബങ്ങളിലായി വസിക്കുന്ന 2372 ഇടവകാംഗങ്ങളാണ് ഇന്ന് ഈ ഇടവകയുടെ അമൂല്യസമ്പത്ത്….