1922 നവംബര്‍ മാസത്തില്‍ കറ്റോട്ടു യാക്കോബായ പള്ളി വികാരി യായിരുന്ന മങ്ങച്ചാലില്‍ മത്തായി കത്തനാരും 18 കുടുംബങ്ങളും കവരായില്‍ പുരയിടത്തിലുണ്ടായിരുന്ന ഒരു വീട് വാടകയ്‌ക്കെടുത്ത് ചൂളപ്പറമ്പില്‍ പിതാവിന്റെ സന്നിധിയില്‍ വച്ച് വിശ്വാസ സത്യം ചെയ്ത് പുനരൈക്യപ്പെട്ടു. പുനരൈക്യപ്പെട്ടവര്‍ അവിടെ കുര്‍ബാന അര്‍പ്പിച്ച് ആരാധന നടത്തിപ്പോന്നു. അന്നു മുതല്‍ ആ സമൂഹത്തിനു നേതൃത്വം കൊടുത്തത് തറയില്‍ യാക്കോബച്ചനായിരുന്നു.
1923-ല്‍ പള്ളി ഇരിക്കുന്ന പുരയിടം വിലയ്ക്കുവാങ്ങി, അതിലുണ്ടായിരുന്ന കെട്ടിടത്തില്‍ ആരാധന തുടര്‍ന്നു പോന്നു. തിരുവല്ലായിലും അടുത്തുള്ള പ്രദേശങ്ങളിലും കത്തോലിക്കാ പള്ളികള്‍ ഇല്ലാതിരുന്നതിനാല്‍ സഭയെപ്പറ്റി അറിയുവാന്‍ പല ആളുകളും വിദൂര സ്ഥലങ്ങളില്‍ നിന്ന് വന്നിരുന്നതായി ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 1924-ല്‍ കാമച്ചേരില്‍ ഫിലിപ്പച്ചന്‍ മിഷന്‍ കേന്ദ്രത്തില്‍ ചുമതലയേറ്റു. തുടര്‍ന്ന് പള്ളിപണി ആരംഭിച്ചു. 1925 നവംബറില്‍ പള്ളിപണി പൂര്‍ത്തിയായി. നവംബര്‍ 25 ന് അഭിവന്ദ്യ പിതാക്കന്മാരെ സാഘോഷം തിരുവല്ലാ ടൗണില്‍ നിന്നു സ്വീകരിച്ചുകൊണ്ടുവന്നു. പള്ളിക്കൂദാശ ചൂളപ്പറമ്പില്‍ പിതാവ് മുഖ്യകാര്‍മ്മികനായി നടത്തി. വരാപ്പുഴ ആര്‍ച്ചുബിഷപ്പ്, ചങ്ങനാശേരി രൂപതാ ഭരണകര്‍ത്താവായിരുന്ന മോണ്‍ . ജേക്കബ് കല്ലറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
1926-ല്‍ നടുവിലേട്ട് യാക്കോബ് ശെമ്മാശന്‍ പുനരൈക്യപ്പെട്ടു. 1927-ല്‍ രാമച്ചനേട്ട് അബ്രഹാം അച്ചന്റെ കാലത്ത് കവലയിലുള്ള കുരിശു പള്ളി പണിയിച്ചു. തുടര്‍ന്ന് കോട്ടൂര്‍ തോമസച്ചന്‍ , ചാരാത്ത് ജോണച്ചന്‍ എന്നിവര്‍ വികാരിമാരായിരുന്നു. കുറച്ചുകാലം തറയില്‍ തോമസച്ചന്‍ (പിന്നീട് തറയില്‍ പിതാവ്) പള്ളിക്കുന്നേല്‍ ജോസഫച്ചന്‍ എന്നിവര്‍ ഇവിടെ വികാരിമാരുടെ ചുമതല വഹിച്ചിരുന്നു. തെക്കനാട്ട് ജയിംസ് അച്ചന്‍ , വില്ലൂത്തറ ജോസഫച്ചന്‍ , മണ്ണാത്തുമാക്കില്‍ ജേക്കബച്ചന്‍ , കല്ലിടുക്കില്‍ അബ്രഹാം അച്ചന്‍ എന്നിവരും വികാരിമാരായിരുന്നിട്ടുണ്ട്.
1941-ല്‍ മണ്ണില്‍ അബ്രഹാം അച്ചന്‍ പുനരൈക്യപ്പെട്ടു. 1944 മുതല്‍ 1964 വരെ അദ്ദേഹം വികാരിയായിരുന്നു. ചാമക്കാലാ തോമസ് അച്ചന്‍ , മുടക്കാലില്‍ ജേക്കബ് അച്ചന്‍ , എടാട്ട് മാത്യു അച്ചന്‍ , കാരാമേല്‍ കുറിയാക്കോസ് അച്ചന്‍ , കാഞ്ഞരത്തുങ്കല്‍ തോമസ് അച്ചന്‍ എന്നിവര്‍ തുടര്‍ന്ന് വികാരിമാരായിരുന്നു. കുരിശുംമൂട്ടില്‍ തോമസച്ചന്‍ 1967-ല്‍ വൈദികനായി പ്രഥമബലി അര്‍പ്പിച്ചു. 1968-ല്‍ പതിയില്‍ ഫിലിപ്പച്ചന്‍ വികാരിയായി വന്നു. തുടര്‍ന്ന് മേലേടത്ത് ജോസഫച്ചന്‍ , കണിയാമ്മാലില്‍ തോമസച്ചന്‍ , തറയില്‍ തോമസച്ചന്‍, പടപുരയ്ക്കല്‍ സിറിയക്കച്ചന്‍ വെളിയങ്കുളത്ത് ജോസഫച്ചന്‍ എന്നിവര്‍ വികാരിമാരായിരുന്നിട്ടുണ്ട്. 1975-ല്‍ പള്ളിയുടെ സുവര്‍ണ്ണജൂബിലി സമുചിതമായി ആഘോഷിച്ചു. അഭിവന്ദ്യ കുന്നശ്ശേരിപിതാവും, തിരുവല്ലാ രൂപതയുടെ മാര്‍ അത്തനാസിയോസ് പിതാവും സംബന്ധിച്ചു.
1976-ല്‍ കുരിശുംമൂട്ടില്‍ തോമസച്ചന്‍ വികാരിയായി വന്നു. തുടര്‍ന്ന് പെരിങ്ങേലി സിറിയക്കച്ചന്‍ , പൂത്തൃക്കയില്‍ ജയിംസ് അച്ചന്‍ എന്നിവര്‍ വികാരിമാരായിരുന്നു. 1984-ല്‍ കൊച്ചുതാഴത്ത് ജോസഫച്ചന്‍ വികാരിയായി നിയമിതനായി. 1987-ല്‍ കുരിശുംമൂട്ടില്‍ ജോര്‍ജ് അച്ചന്‍ വൈദികനായി പ്രഥമദിവ്യബലി അര്‍പ്പിച്ചു.
ജീര്‍ണ്ണാവസ്ഥയിലായിരുന്ന കറ്റോട്ടുപള്ളി പൊളിച്ചു പണിയേണ്ടത് ആവശ്യമായതിനാല്‍ 1993-ല്‍ വികാരിയായ കുരിശുംമൂട്ടില്‍ ജോര്‍ജ് അച്ചന്‍ പുതിയപള്ളിയുടെ ഡിസൈന്‍ തയാറാക്കി അനു വാദത്തിന് അപേക്ഷിച്ചു. 1995 നവംബറില്‍ പള്ളിക്ക് കല്ലിട്ടു, തുടര്‍ന്ന് പുതിയ പള്ളിയുടെ പണി ആരംഭിച്ചു. കൈതാരത്തു തോമസച്ചന്‍ പുതിയ വികാരിയായി നിയമിതനായി. 1997-ല്‍ പാറാനിക്കലച്ചന്‍ പുതിയ വികാരിയായി വന്നു. 1998 ഏപ്രില്‍ മാസത്തില്‍ പള്ളിപണി പൂര്‍ത്തിയായി. പള്ളികൂദാശക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയും. ഏപ്രില്‍ 13-ന് അഭിവന്ദ്യ കുന്നശേരി പിതാവ് തിരുവല്ല മെത്രാന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ തീമോത്തിയോസ്, മാര്‍ പീറ്റര്‍ തുരുത്തിക്കോണം എന്നീ പിതാക്കന്മാരുടെ സഹകരണത്തില്‍ കൂദാശ ചെയ്യുകയും. പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനവും ആഘോഷപൂര്‍വ്വം അന്നു നടത്തി. വൈദികമന്ദിരത്തിന്റെ പണിയും പാറാനിക്കലച്ചന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാ ക്കുവാന്‍ സാധിച്ചു.
2002 ല്‍ വികാരിയായിരുന്ന കൊച്ചുപറമ്പില്‍ അബ്രഹാമച്ചന്റെ കാലത്ത് പള്ളിയിലും, വൈദീകമന്ദിരത്തിലും റ്റൈല്‍സ് ഇട്ട് തറഭംഗിയാക്കുവാന്‍ സാധിച്ചു. കൈതാരത്ത് തോമസച്ചന്‍ , പല്ലോന്നി ജേക്കബ് അച്ചന്‍ , കൊച്ചുപറമ്പില്‍ ബോബിയച്ചന്‍ എന്നിവര്‍ തുടര്‍ന്ന് വൈദീകരായി സേവനം അനുഷ്ഠിച്ചു.
ഇടവകാതിര്‍ത്തിയില്‍ ആരാധനയില്‍ പങ്കെടുക്കുന്നവരായി 25 വീട്ടുകാര്‍ മാത്രമേ ഇന്ന് ഇവിടെ താമസിക്കുന്നുള്ളൂ. ഇടവകാംഗങ്ങളായി 2 വൈദികരും 3 കന്യാസ്ത്രീകളും ഉണ്ട്. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, സണ്‍ഡേസ്‌കൂള്‍ , കൂടാരയോഗം, കെ.സി.വൈ.എല്‍ . എന്നിവ ഇടവകയില്‍ പ്രവര്‍ത്തി ക്കുന്നു.