പ.ദൈവാമാതാവിന്റെ നാമത്തിലുള്ള ഈ ഇടവക സ്ഥാപിതമായത് 1941-ല്‍ ആണ്. കേരളസഭ വിഭജിക്കപ്പെടാന്‍ ഇടയാക്കിയ കൂനന്‍കുരിശ് സത്യത്തിന്റെ കാലത്ത് ക്‌നാനായക്കാര്‍ക്ക് സ്വന്തമായുണ്ടായിരുന്ന ആറു പള്ളികളില്‍ ഒന്നായി രുന്നു കല്ലിശേരിപള്ളി. പിളര്‍പ്പിനെ തുടര്‍ന്ന് ഇടവക മുഴുവനായും വിഘടിച്ച വിഭാഗത്തിലാവുകയും പില്ക്കാലത്ത് യാക്കോബായ സഭയുടെ ഭാഗമാവു കയും ചെയ്തു. ആ ഇടവകയില്‍ നിന്ന് ബ. നെടിയുഴത്തില്‍ ലൂക്കോസ് കോര്‍ എപ്പിസ്‌കോപ്പാ യുടെ നേതൃത്വത്തില്‍ ഏതാനും വീട്ടുകാര്‍ കിറ്റോട് പള്ളിയില്‍വെച്ച് അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവിന്റെ മുമ്പാകെ വിശ്വാസം ഏറ്റുപറഞ്ഞ് കത്തോലിക്കാ സഭയിലേക്ക് വന്നതാണ് ഈ ഇടവകസ്ഥാപനത്തിന് ഇടയാക്കിയത്. കുരിശുംമൂട്ടില്‍ ശ്രീ. കുഞ്ഞാക്കോയുടെ ഭവനമാണ് പ്രാരംഭഘട്ടത്തില്‍ കുര്‍ബാന അര്‍പ്പിക്കുവാനും മറ്റും പള്ളിയായി ഉപയോഗിച്ചത്. അതേത്തുടര്‍ന്ന് ബ. ഇരണിക്കലച്ചന്റെ നേതൃത്വത്തില്‍ ഇപ്പോഴത്തെ സ്ഥലം വാങ്ങി. 1942-ല്‍ ഒരു ചെറിയ പള്ളിയും അതിനനുസൃതമായ പള്ളിമുറിയും നിര്‍മ്മിച്ചു. സര്‍ സി.പി. രാമസ്വാമി അയ്യര്‍ ദിവാന്‍ ആയി ഭരിക്കുന്ന അക്കാലത്ത് പള്ളിക്ക് അനുവാദം കിട്ടുക ദുഷ്‌കര മായിരുന്നു. അതിനാല്‍ മിഷന്‍ ഹൗസ് എന്ന പേരിലാണ് പള്ളി സ്ഥാപിതമായത്. ബ. നെടിയുഴത്തിലച്ചനോടൊപ്പം പടിഞ്ഞാറെപുരയ്ക്കല്‍ ശ്രീ. കൊച്ചുപാപ്പി തുടങ്ങിയവര്‍ പള്ളി സ്ഥാപനത്തിന് നേതൃത്വം നല്കി.
ഇടവക ചെറുതെങ്കിലും കോട്ടയത്തിനു തെക്കുള്ള ഏറ്റവും പുരാതനമായ ക്‌നാനായ കേന്ദ്രമാണ് കല്ലിശേരി. കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്നശേഷവും മൂന്നുനോമ്പുവീടല്‍ പ്രധാനതിരുനാളായി ആചരിക്കുവാനാണ് ഇടവകാംഗങ്ങള്‍ തീരുമാനിച്ചത്.
1975 ഏപ്രില്‍ 2-ന് വിസിറ്റേഷന്‍ സമൂഹത്തിന്റെ ഒരു ശാഖാഭവനം ഇവിടെ സ്ഥാപിക്കപ്പെട്ടു. ആ വര്‍ഷം തന്നെ മഠത്തോടനുബന്ധിച്ച് ഒരു നഴ്‌സറി സ്‌കൂള്‍ ആരംഭിക്കുകയും ചെയ്തു. 1983-ല്‍ പള്ളിയുടെ ഉടമസ്ഥതയില്‍ ഒരു അംഗീകൃത ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങുന്നതിന് നേതൃത്വം കൊടുത്തത് ബ. പാറാനിക്കലച്ചനാണ്. ഏഴാം ക്ലാസ് വരെയുള്ള ഒരു നല്ല സ്ഥാപനമായി ഇന്ന് അത് വളര്‍ന്നിരിക്കുന്നു. ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി വളരുന്നതിന് ഏറെ സാദ്ധ്യതയാണിതിനുള്ളത്.
1942-ല്‍ സ്ഥാപിതമായ ചെറിയപള്ളിയുടെ സ്ഥാനത്ത് 25 ലക്ഷത്തിലധികം രൂപാ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ പള്ളിയാണിന്നുള്ളത്. 2000 ഫെബ്രു വരി 13-ന് കൂദാശ ചെയ്യപ്പെട്ട പുതിയ പള്ളിയുടെ പണിക്ക് നേതൃത്വം കൊടു ത്തത് ഫാ. ലൂക്ക് രാമച്ചനാട്ടാണ്.