1990 കാലയളവില്‍ സ്റ്റീഫന്‍ ജയരാജ് അച്ചന്റെ കാലത്ത് സെന്റ് മേരീസ് സ്‌കൂളിന്റെ ഒരു ഹാള്‍ ചാപ്പലായി തുടങ്ങി. ചാപ്പല്‍ ഉണ്ടാകുന്നതിനുമുമ്പു തന്നെ ക്‌നാനായ മക്കള്‍ ഹാളുകളിലും, വീടുകളിലും കൂട്ടായ്മ നടത്തിയിരുന്നു. അങ്ങനെ ഇരിക്കെ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന് ഇവിടുത്തെ ക്‌നാനായ മക്കളുടെ ഒത്തുച്ചേരലിന് ഒരു ഇടം വേണമെന്ന ആശയം ഉദിക്കുകയും, അതിനായി സ്ഥലം കണ്ടുപിടിക്കാന്‍ സ്റ്റീഫന്‍ ജയരാജ് അച്ചനെയും ഒപ്പം കുര്യന്‍ തട്ടാര്‍ കുന്നേല്‍ അച്ചനെയും ചുമതലപ്പെടുത്തുകയും ചെയ്തു. വിരലില്‍ എണ്ണാവുന്ന ക്‌നാനായ മക്കളെയും കൂട്ടിയുള്ള അന്വേഷണത്തിന്റെ ഫലമായി ഒടുവില്‍ ചേവരമ്പലത്ത് ഫ്രാന്‍സിസ് ചേട്ടന്റെ വീടുവാങ്ങി അവിടെ സ്റ്റീഫന്‍ ജയരാജ് അച്ചന്‍ ആദ്യ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു.
കോഴിക്കോടിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള പാത്തിപ്പാറ, കട്ടിപ്പാറ, പുല്ലുരാംപാറ തുടങ്ങിയ കുടിയേറ്റ പ്രദേശങ്ങളിലെ ക്‌നാനായക്കാര്‍ പ്രധാനദിവസങ്ങളില്‍ ഇവിടെ ഒത്തുചേരുകയും, പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തുകയും ചെയ്തു പോന്നു. അതിനുശേഷം റോഡിന് മറുവശത്തുള്ള സെന്റ് ജോസഫ്‌സ് സിസ്റ്റേഴ്‌സിന്റെ സ്‌കൂളിന്റെ താഴത്തെ നിലയില്‍ ഒരു ഹാളില്‍ എല്ലാ ഞായറാഴ്ചയും ദിവ്യബലി അര്‍പ്പിക്കാനും തുടങ്ങി. ഹാളിനോടു ചേര്‍ന്ന് അച്ചന്മാര്‍ക്ക് താമസിക്കാന്‍ ഒരു മുറിയും സൗകര്യപ്പെടുത്തി.
പിന്നീട് 2005-ല്‍ പുതിയ കെട്ടിടത്തിലേക്ക് പള്ളിയും പള്ളിമുറിയും മാറി. ഇപ്പോള്‍ 40 കിലോമീറ്റര്‍ ചുറ്റളവില്‍ ഉദ്ദേശം 70 കുടുംബങ്ങളോടുകൂടി ഇടവകയായി ഉയര്‍ത്തിയിട്ടില്ലെങ്കിലും ഇടവകയുടെ എല്ലാ കാര്യങ്ങളും നിര്‍വഹിച്ചുപോരുന്നു. ഇടവകയ്ക്കായി പാരിഷ് കൗണ്‍സിലോ കൈക്കാന്മാരോ, ഇല്ലെങ്കിലും 34 അംഗങ്ങളുള്ള ക്‌നാനായ അസോസിയേഷന്‍ എല്ലാ കാര്യങ്ങളിലും വികാരിയച്ചനെസഹായിച്ച് സജീവമായി മുമ്പോട്ട് പോകുന്നു.