കടുത്തുരുത്തി വലിയ പള്ളിയുടെ അധികാര പദവിയില്‍ 1560-ല്‍ ആണ് പൈങ്ങുളം പള്ളിയുടെ ആരംഭം. വള്ളിച്ചിറ, വലവൂര്‍ , ഇടനാട്, ചേര്‍പ്പുങ്കല്‍ , പടിഞ്ഞാറ്റിന്‍കര, പാളയം തുടങ്ങിയ കരകളില്‍ താമസിച്ചിരുന്ന തെക്കും ഭാഗക്കാര്‍ അന്നത്തെ നാട്ടുപ്രമാണിയും ഇടപ്രഭുവുമായിരുന്ന വള്ളിവീട്ടില്‍ കൈമളിനെ സമീപിച്ച് ദേവാലയ നിര്‍മ്മാണത്തിന് സ്ഥലം ആവശ്യപ്പെട്ടു. നാട്ടുരാജാവിന്റെ കൊലക്കളമായിരുന്ന കുര്യാമറ്റം പറമ്പില്‍ 1.24 ഏക്കര്‍ സ്ഥലം ദാനമായി ലഭിച്ചു. നരിമ്പുകുന്നേല്‍ തൊമ്മന്‍ കത്തനാര്‍ , അടിയായിപ്പള്ളില്‍ ജോസഫ് കത്തനാര്‍ , പാലത്തിങ്കല്‍ ചാണ്ടി മാപ്പിള എന്നിവരുടെ നേതൃത്വത്തില്‍ പള്ളിപണി നടത്തി. 1667-ല്‍ പാലാ വലിയപള്ളിയുടെ കീഴിലുള്ള ഒരു പള്ളിയായി തീര്‍ന്നെങ്കിലും നടത്തിപ്പ് പൂര്‍ണ്ണമായും തെക്കുഭാഗക്കാരുടേതു മാത്രമായിരുന്നു. 1737 വരെ ഈ നില തുടര്‍ന്നുപോന്നു. പിന്നെ തര്‍ക്കങ്ങള്‍ ആരംഭിച്ചു. 1772 ലെ ഉടമ്പടിപ്രകാരം അഞ്ചു കൈക്കാരന്മാരില്‍ ഒരാള്‍ തെക്കുംഭാഗക്കാരല്ലാത്തവരില്‍ നിന്നും നിയമിക്കപ്പെടുവാന്‍ തുടങ്ങി. ഇരുകൂട്ടര്‍ക്കും അവരവരുടെതായ വൈദികരും മറ്റു സംവിധാനങ്ങളും ഉണ്ടായി.
1911-ല്‍ കോട്ടയം രൂപത സ്ഥാപിച്ചു കിട്ടിയപ്പോള്‍ സ്വന്തമായി പള്ളിവേണമെന്നു ആഗ്രഹം വര്‍ദ്ധിക്കുകയും പൈങ്ങുളം പള്ളി വിഭജനത്തിലൂടെ ലഭിച്ച നാലായിരം രൂപ കൊടുത്തു ചെറുകരകുന്നു വാങ്ങിക്കുകയും ചെയ്‌തു. മാക്കില്‍ ബഹു. വലിയ ലൂക്കാച്ചന്റെ ശ്രമഫലമായി പള്ളിപണി ആരംഭിച്ചു. 1913 ആഗസ്റ്റ് 15 ന് അഭി. മാക്കീല്‍ പിതാവ് ചെറിയ പള്ളി വെഞ്ചരിക്കുകയും വലിയ (പുതിയത്) പള്ളിക്ക് തറക്കല്ലിടുകയും ചെയ്‌തു. ഇടവക സമൂഹം മുഴുവനും കഠിനമായി അദ്ധ്വാനിച്ചതിന്റെ ഫലമായി 1922 ഫെബ്രുവരി 22-ന് എറണാകുളം, തൃശ്ശൂര്‍ മെത്രാന്മാരുടെ സഹകാര്‍മ്മികത്വത്തില്‍ അഭി. ചൂളപ്പറമ്പില്‍ പിതാവ് പള്ളി കൂദാശ ചെയ്‌തു. മദ്‌ബഹ കലാപരമായി നിര്‍മ്മിക്കുകയും 12 ശ്ലീഹാന്മാരെ അനുസ്‌മരിച്ച് പള്ളിയുടെ ഭിത്തിയില്‍ 12 ശിലാകുരിശു സ്ഥാപിക്കുകയും ചെയ്‌തു.
പാലാ, വലവൂര്‍ , ചിറ്റാര്‍ , ഇടനാട്, നെല്ലിയാനി, വള്ളിച്ചിറ, പുലിയന്നൂര്‍ , തെക്കുംമുറി, പടിഞ്ഞാറ്റിന്‍കര, പാളയം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഇടവകജനങ്ങള്‍ വസിക്കുന്നതു മൂലം വളരെ വിശാലവും വിപുലവുമായ അതിരുകളാണ് ഇടവകയ്‌ക്കുള്ളത്. ഇടവക മദ്ധ്യസ്ഥയായ മാതാവിന്റെ മായല്‍ത്താ തിരുനാള്‍ (സമര്‍പ്പണ തിരുനാള്‍ ) നവംബര്‍ 21ന് ശേഷം വരുന്ന ഞായറാഴ്‌ച പ്രധാനതിരുനാളായി ആചരിക്കുന്നു. പള്ളിയുടെ കല്ലിട്ട തിരുനാള്‍ ആഗസ്റ്റ് 15നും 12 മണിക്കൂര്‍ ആരാധന ജനുവരി 22 നും നടത്തിവരുന്നു.പള്ളിയുടെ പ്ലാറ്റിനം ജൂബിലി 1989-ല്‍ ആഘോഷിക്കുകയും പ്ലാറ്റിനം ജൂബിലിസ്‌മാരകമായി ബഹു. ജോസഫ് വെളിയംകുളത്തിലച്ചന്റെ നേതൃത്വത്തില്‍ ഒരു വൈദിക മന്ദിരം നിര്‍മ്മിക്കുകയും ചെയ്‌തു. 1915 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന എല്‍ .പി.സ്‌കൂള്‍ 1953-ല്‍ ബഹു. അയിത്തിലച്ചന്റെ കാലത്ത് യു.പി. സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ബഹു. വള്ളോപ്പള്ളില്‍ തോമസച്ചന്റെ ശ്രമഫലമായി 1969-ല്‍ സെന്റ് ജോസഫ് കന്യകാസമൂഹത്തിന്റെ ഒരു ശാഖഭവനം ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. ഒരു നേഴ്‌സറി സ്‌കൂളും ബഹു. സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ പവര്‍ത്തിച്ചു വരുന്നു. 357 കുടുംബങ്ങളും 1785 അംഗങ്ങളും ഈ ഇടവകയിലുണ്ട.്