1881 ല്‍ മനോഗുണ മാതാവിന്റെ നാമധേയത്തില്‍ സ്ഥാപിച്ചതാണ് പുരാതനമായ കരിപ്പാടം പള്ളി. പരേതനായ പുന്നത്തുറ പള്ളിക്കുന്നേല്‍ ബ. ഉതുപ്പാന്റെ നേത്യത്വത്തില്‍ , ഈ ഇടവകയില്‍പ്പെട്ട കോനേത്തു പുന്നൂസ്, മണക്കാട്ട് ഉണ്ണീറ്റ ഉലഹന്നന്‍ എന്നിവരുടെ സജീവ സഹകരണത്തോടെ 1881- ല്‍ കരിപ്പാടത്ത് ഒരു ദേവാലയം സ്ഥാപിതമായി. അവര്‍ ചെമ്പ് സെന്റ് തോമസ് ഇടവകാംഗങ്ങളായിരുന്നു. കരിപ്പാടം, ബ്രഹ്മംഗലം, ഏനാദി, മറവന്‍തുരുത്ത്, തോട്ടറ, വടയാര്‍ , തലയോലപ്പറമ്പ്, എന്നിവിടങ്ങളില്‍ താമസിച്ചിരുന്നവര്‍ ഈ പള്ളിയില്‍ ഇടവകാംഗങ്ങളായിത്തീരുകയും ചെയ്‌തു.
1815 ല്‍ കരിപ്പാടത്ത് മൂന്നു നിലകെട്ടിടത്തില്‍ ഒരു സെമിനാരിയും, ഇംഗ്ലീഷ് മീഡിയം സ്‌കൂളും പ്രവര്‍ത്തിച്ചിരുന്നു. അന്ന് കടുത്തുരുത്തിപ്പള്ളി വികാരിയായിരുന്ന ബ. മാക്കീല്‍ മത്തായി അച്ചന്‍ (ദൈവദാസന്‍ മാക്കീല്‍ പിതാവ്) ഈ സ്‌കൂളില്‍ ലത്തീന്‍ പഠിപ്പിച്ചിരുന്നു. അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവ് ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ആയിരുന്നു. ഈ സെമിനാരിയില്‍ നിന്നും അവസാനമായി പട്ടം സ്വീകരിച്ചത് പരേതനായ ബഹു. മാക്കീല്‍ കൊച്ചുലൂക്കാച്ചനാണ്. പില്‍ക്കാലത്ത് മേല്‌പടിസെമിനാരി കോട്ടയത്ത് തിരുഹൃദയക്കുന്നിലേക്ക് മാറ്റി സ്ഥാപിച്ചു എങ്കിലും തിരുഹൃദയദാസ സമൂഹത്തിലെ വൈദികര്‍ തുടര്‍ന്നും ഇവിടെ ശുശ്രൂഷ ചെയ്‌തിരുന്നു. 1908 ല്‍ ബഹു. കോട്ടൂര്‍ വലിയ തോമസച്ചന്‍ മുന്‍കൈ എടുത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കിടങ്ങൂരേക്ക് മാറ്റുകയും പഴയപള്ളി പുനരുദ്ധരിക്കുകയും ചെയ്‌തു. 1977 ല്‍ ബഹു. സിറയക് അപ്പോഴിപ്പറമ്പിലച്ചന്‍ പള്ളി വീണ്ടും പുതുക്കി പണിതു. സെന്റ്. ജോസഫ് കന്യകാ സമൂഹത്തിന്‍െറ ഒരു ശാഖാഭവനവും, 1976 ല്‍ ഒരു L.P സ്‌കൂളും ഇവിടെ സ്ഥാപിച്ചു. 1985 ജൂലയ് 3 മുതല്‍ ലൂര്‍ദ് മാതാ നഴ്‌സറി സ്‌കൂളും 1971 ല്‍ നിര്‍മ്മലാ ടെയ്‌ലറിംഗ് സ്‌കൂളും ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു.
2003 Nov. 29 ന് പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബഹു. ജോയി കാളവേലില്‍ അച്ചന്റെ നേത്യത്വത്തില്‍ ആരംഭിച്ചു. ഇടവകയുടെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സന്മാര്‍ഗബോധി എന്ന പാരിഷ്‌ഹാളും നിര്‍മ്മിച്ചു. 2008 Jan 27 ാം തീയതി പുതുക്കി നിര്‍മ്മിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം അഭിവന്ദ്യ മൂലക്കാട്ട് മെത്രാപ്പോലിത്താ നിര്‍വഹിച്ചു. ഈ ഇടവകയില്‍ 258 കുടുംങ്ങളും 1489 അംഗങ്ങളും ഉണ്ട്. കേരളത്തിലും, ഇന്‍ഡ്യയിലും വിദേശത്തുമായി 5 വൈദികരും, ഒരു ബ്രദറും 27 സമര്‍പ്പിതരും 4 അല്‌മായ പ്രേഷിതരും സേവനം ചെയ്യുന്നു.എല്ലാ വര്‍ഷവും നവംബര്‍ 20, 21 തീയതികളിലാണ് ഇടവകയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്….