കോട്ടപ്പുറം പള്ളി-പഴയനാട്ടു രാജ്യങ്ങളായ തെക്കുംകൂറിന്റെയും വടക്കുംകൂറിന്റെയും അതിര്‍ത്തി തിരിച്ചുണ്ടാക്കിയിരുന്ന കോട്ടയില്‍ക്കൂടി പിന്നീട് ഉണ്ടാക്കിയ റോഡിന്റെ അരികില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് കോട്ടപ്പുറംപള്ളി എന്ന പേരുകിട്ടി. പുന്നത്തുറ ഇടവകക്കാരായിരുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് കോട്ടപ്പുറം പള്ളി. ഹൈന്ദവാധിപത്യമുള്ള ഈ സ്ഥലത്തു ഒരു പള്ളിയുണ്ടാക്കുക സാധ്യമായിരുന്നില്ല. നിയമവും അനുകൂലമായിരുന്നില്ല. എങ്കിലും 1909-ല്‍ മാപ്ലേട്ടു തോമസച്ചന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റില്‍ അപേക്ഷ സമര്‍പ്പിച്ചു. അഭിവന്ദ്യ മാക്കീല്‍ മെത്രാനച്ചനും സെക്രട്ടറി ചൂളപ്പറമ്പില്‍ ബഹു. ചാണ്ടിയച്ചനും കൂടി അന്നത്തെ ദിവാനായിരുന്ന ശ്രീ. രാജഗോപാലാചാരിയെ സന്ദര്‍ശിച്ച് നിവേദനം നടത്തി. ഇക്കാര്യത്തിലുള്ള നിയമതടസ്സങ്ങളും മറ്റു ബുദ്ധിമുട്ടുകളും മനസ്സിലാക്കിയ സഹൃദയനായ ദിവാന്‍ജി നിയമത്തിന്റെ ഒരു പ്രത്യേകവശം സൂചിപ്പിച്ചു തന്നു. സര്‍ക്കാരില്‍ വയ്‌ക്കുന്ന അപേക്ഷയിന്മേല്‍ 90 ദിവസത്തിനകം മറുപടി ഉണ്ടാകുന്നില്ലെങ്കില്‍ ആ അപേക്ഷ അനുവദിച്ചതായി കണക്കാക്കാമെന്നുള്ള രാജകല്‌പന. ദൈവാനുഗ്രഹമെന്നു പറയട്ടെ നമ്മുടെ അപേക്ഷയിന്മേല്‍ 90 ദിവസത്തിനകം യാതൊരു മറുപടിയും ഉണ്ടായില്ല. ഇക്കാര്യം മനസ്സിലാക്കിയ നമ്മുടെ ജനം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പരമരഹസ്യമായി ഒരു പള്ളിഷെഡ്ഡിനുള്ള ചട്ടവട്ടങ്ങള്‍ ഒരുക്കി. 1909 നവംബര്‍ 1-ാം തീയതി സുപ്രഭാതത്തില്‍ പുറത്താരും അറിയാതെ ക്രിസ്‌ത്യാനികളുടെ സഹായമായ മറിയത്തിന്റെ നാമധേയത്തില്‍ കോട്ടപ്പുറത്തു ഒരു പള്ളി ഉയര്‍ന്നു. ബഹു. മാപ്ലേട്ടു തോമസച്ചന്‍ ആദ്യമായി പള്ളിയില്‍ ബലി അര്‍പ്പിച്ചു. അത്ഭുതസ്‌തബ്‌ദ്ധരായ ജനങ്ങള്‍ സന്തോഷാധിക്യത്താല്‍ ദൈവത്തെ വാഴ്‌ത്തി സ്‌തുതിച്ചു. പള്ളിക്കു ഭീഷണി ഉണ്ടായിരുന്നതിനാല്‍ കിടങ്ങൂരെയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ ദിവസങ്ങളോളം പള്ളിക്കു ധൈര്യസമേതം കാവല്‍ കിടന്നു. അങ്ങനെ കോട്ടപ്പുറത്തു പള്ളി സ്ഥിരമായി. ഇടവകയ്‌ക്ക് ഉത്തരോത്തരം അഭിവൃദ്ധിയുമുണ്ടായി.
1942-ല്‍ കോട്ടൂര്‍ ബഹു. കുഞ്ഞേപ്പച്ചന്‍ ഈ പള്ളിയുടെ വികാരിയായി വന്നു. അതു ഈ ഇടവകപ്പള്ളിയുടെ ചരിത്രത്തില്‍ ഒരു സുവര്‍ണ്ണ അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു. ഇന്നു കാണുന്ന സുന്ദരവും പ്രൗഢഗംഭീരവുമായ ദൈവാലയത്തിന്റെ പണി ബഹു. കുഞ്ഞേപ്പച്ചന്‍ ഏറ്റെടുക്കുകയും 1951-ല്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തു. 1951- ജൂലൈ 16-ന് അഭിവന്ദ്യ തറയില്‍ പിതാവ് പള്ളി വെഞ്ചരിച്ചു.
കോട്ടപ്പുറത്തു പള്ളിയുടെ ഏറ്റവും വലിയ സമ്പത്താണ് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ വളര്‍ച്ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും പ്രധാനപങ്കു വഹിച്ച സരസ്വതിക്ഷേത്രം സമുദായത്തിലെ പ്രമുഖരായ പലരും ഈ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്, പഠിപ്പിച്ചിട്ടുണ്ട്. ഇന്നു ഈ ഇടവകയില്‍ 15 കൂടാരയോഗങ്ങളിലായി 452 കുടുംബങ്ങളാണുള്ളത്.