കോട്ടയം രൂപതയുടെ തലപ്പള്ളിയായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറാനാപള്ളി (വലിയപള്ളി) ഇടവകയിലെ പാഴുത്തുരുത്ത്, തിരുവമ്പാടി ഭാഗത്ത് താമസക്കാരായ 69 കുടുംബങ്ങളുടെ ആത്മീയ- കാരൃനിര്‍വ്വഹണത്തിനായി കടുത്തുരുത്തിക്കും ഞീഴൂര്‍ക്കും ഇടയ്‌ക്ക് പാഴുത്തുരുത്തില്‍ ഒരു ചെറിയപള്ളി പണിയണമെന്നുള്ള പൂര്‍വ്വികരുടെയും ഇപ്പോഴുള്ളവരുടെയും ആഗ്രഹം ഈ നാട്ടുകാരനും കോട്ടയം രൂപതയുടെ മെത്രാനുമായ അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയെ അറിയിച്ചു. പാഴുത്തുരുത്തില്‍ ഒരു ചെറിയപള്ളി ആവശ്യമാണെന്ന് അഭിവന്ദ്യപിതാവിന് ബോദ്ധ്യമാവുകയും പള്ളി സ്ഥാപിക്കുന്നതിനായി 1985 ഓഗസ്റ്റ് മാസം 2-ാം തീയതി കടുത്തുരുത്തി വലിയപള്ളി വികാരി റവ.ഫാ.മാത്യു മവേലിയുടെ പേരില്‍ കുഴിവേലില്‍ കുഞ്ഞിന്റെ മകളും കാലായില്‍ ഉലഹന്നാന്റെ ഭാര്യയുമായ ത്രേസ്യായുടെ പേരില്‍ പാഴുത്തുരുത്തിലുള്ള 41 സെന്റ് സ്ഥലവും ടി ത്രേസ്യായുടെ ഭര്‍ത്താവ് ഉലഹന്നാന്റെ പേരില്‍ ഉണ്ടായിരുന്ന 50 സെന്റ്‌സ്ഥലവും കടുത്തുരുത്തി സബ്‌രജിട്രാറില്‍നിന്ന് തീറാധാരങ്ങള്‍ ചെയ്‌തുവാങ്ങി.
22.8.1986 ല്‍അഭിവന്ദ്യകുന്നശ്ശേരി പിതാവ് പാഴുത്തുരുത്തില്‍ വന്ന് പള്ളിക്ക് കല്ലിട്ടു. ഫാ മാത്യു മാവേലില്‍ , ഫാ. സിറിയക് മാന്തുരുത്തില്‍ , ഫാ ലൂക്കോസ് പതിയില്‍ , ഫാ അല്‌ക്‌സ് ചെട്ടിയാത്ത് എന്നിവരുടെ നേതൃത്വത്തില്‍ പള്ളി പണി പൂര്‍ത്തിയായി. 1989 ജനുവരി 22-ാം തീയതി വെഞ്ചരിപ്പു കര്‍മ്മങ്ങള്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി നിര്‍വഹിക്കുകയും പള്ളിക്ക് സെന്റ് കുര്യാക്കോസിന്റെ നാമധേയം നല്‌കുകയും ചെയ്‌തു. 1992-ല്‍ സെന്റ് ജോസഫ് സമൂഹത്തിന്റെ നേതൃത്വത്തില്‍ ഒരു ഇംഗ്‌ളീഷ് മീഡിയം സ്‌കൂളും, 1994- ല്‍ മഠവും ആരംഭിച്ചു. 1994-ല്‍ പാഴുത്തുരുത്തില്‍ സേവനം ആരംഭിച്ച വല്ലംബ്രോസന്‍ ബെനഡിക്‌റ്റൈന്‍ സന്ന്യാസികള്‍ ഏറ്റെടുത്ത സെന്‍റ് കുര്യാക്കോസ് സി ബ.എസ്.ഇ. സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കേരളത്തിലെ ഒന്നാംകിട സ്‌കൂളായി വളര്‍ന്നുകഴിഞ്ഞു.